(www.kl14onlinenews.com)
(31-Dec-2024)
ഹൈദരാബാദ്: സന്തോഷ് ട്രോഫിയിൽ വീണ്ടും കേരളത്തിന്റെ കണ്ണീർ.എട്ടാം കിരീടം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ കേരളം ബംഗാളിനോട് ഒരു ഗോളിന് തോറ്റു. ഇഞ്ചുറി ടൈമിലെ ഗോളിലാണ് ബംഗാളിന്റെ വിജയം. റോബി ഹൻസ്ദയാണ് ബംഗാളിന്റെ വിജയഗോൾ നേടിയത്.ബംഗാളിൻറ മുപ്പത്തിമൂന്നാമത്തെ കീരിടനേട്ടമാണിത്.
ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തിൽ ബംഗാളിന്റെ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്. ആറാം മിനിറ്റിലാണ് കേരളത്തിന്റെ ആദ്യ നീക്കമെത്തിയത്. പന്തുമായി കുതിച്ച നസീബിന്റെ മുന്നേറ്റം ബംഗാൾ പ്രതിരോധം തടഞ്ഞു. പതിനൊന്നാം മിനിറ്റിൽ കേരളത്തിന് അവസരമെത്തി. നിജോ ഗിൽബർട്ട് നൽകിയ ക്രോസിൽ അജസലിന്റെ ഹെഡർ ബാറിന് മുകളിലൂടെ പറന്നു.
മുപ്പതാം മിനിറ്റിൽ ബംഗാളിന്റെ കോർണർ കിക്ക് കേരളത്തിന്റെ ഗോൾകീപ്പർ രക്ഷിച്ചു.നാൽപതാം മിനിറ്റിൽ കേരളത്തിന് ഫ്രീകിക്ക് ലഭിച്ചു. മുഹമ്മദ് മുഷ്‌റഫ് എടുത്ത ഫ്രീകിക്ക് റീബൗണ്ടായി വീണ്ടും കാലിലെത്തയെങ്കിലും താരത്തിന് ലക്ഷ്യം കാണാനായില്ല. ഇതോടെ ആദ്യ പകുതിയിൽ ഇരുടീമുകളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
രണ്ടാം പകുതിയിലും നിരവധി ആക്രമണങ്ങൾ കണ്ടു. അൻപത്തിയെട്ടാം മിനിറ്റിൽ ബംഗാളിന്റെ ഫ്രീകിക്ക് നേരിയ വ്യത്യാസത്തിൽ പുറത്തുപോയി. അറുപത്തിരണ്ടാം മിനിറ്റിൽ ബോക്സിന് തൊട്ടുപുറത്ത് നിന്ന് ബംഗാളിന് വീണ്ടും ഫ്രീകിക്ക് ലഭിച്ചു. പക്ഷേ അതും ലക്ഷ്യം കണ്ടില്ല. എൻപത്തിയെട്ടാം മിനിറ്റിൽ ബംഗാളിന് അനുകൂലകമായ കോർണർ കിക്ക് കൂട്ടപ്പൊരിച്ചിലുകൾക്കൊടുവിൽ പുറത്തുപോയി
നിശ്ചിത സമയത്തിനുശേഷം ആറ് മിനിറ്റ് ഇഞ്ചുറി ടൈം അനുവദിച്ചു. അവിടെ ബംഗാളിന്റെ നിർണായകമായ വിജയഗോളിനുള്ള സമയമായിരുന്നു. തൊണ്ണുറ്റിനാലാം മിനിറ്റിൽ പോയ്ന്റ് ബ്ലാങ്ക്് റേഞ്ചിൽ അനായാസമായി റോബി പന്ത് വലയിലെത്തിച്ചു. തൊട്ടുപിന്നാലെ കേരളത്തിനൊരു ഫ്രീകിക്ക് ലഭിച്ചു. കേരളത്തിന്റെ ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്നു. എന്നാൽ ആ ഫ്രീ കിക്ക് പന്ത് ഗോൾബാറും കടന്ന് പുറത്തേക്ക്. ബംഗാൾ വിജയാരവത്തിൽ മുങ്ങി.
നേരത്തെ സെമിഫൈനലിൽ മണിപ്പൂരിനെ തോൽപ്പിച്ചാണ് കേരളം ഫൈനനിലേക്ക് പ്രവേശിച്ചത്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു കേരളത്തിന്റെ ജയം. സർവ്വീസിസിനെ വീഴ്ത്തിയാണ് ബംഗാൾ ഫൈനൽ മത്സരത്തിനെത്തിയത്. പതിനാറാം തവണയാണ് കേരളം സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനലിലെത്തുന്നത്. ഏഴ് തവണ കിരീടത്തിൽ മുത്തമിട്ട കേരളം എട്ട് തവണയാണ് റണ്ണറപ്പായത്. 2022ലാണ് കേരളം അവസാനമായി ചാമ്പ്യൻമാരായത്.
إرسال تعليق