എയർലിഫ്റ്റിംഗിന് പണം ചോദിച്ചതിൽ വിമർശിച്ച് ഹൈക്കോടതി

(www.kl14onlinenews.com)
(18-Dec-2024)

എയർലിഫ്റ്റിംഗിന് പണം ചോദിച്ചതിൽ വിമർശിച്ച് ഹൈക്കോടതി
കൊച്ചി :
സംസ്ഥാനത്തിന്‍റെ ദുരന്തനിവാരണ ഫണ്ടിലെ കണക്കുകൾ കോടതിയിൽ സമർപ്പിച്ച് സംസ്ഥാനം. ദുരന്ത നിവാരണ ഫണ്ടിൽ ശേഷിക്കുന്നതിൽ ചെലവഴിക്കാൻ കഴിയുന്നത് 181 കോടി രൂപ മാത്രമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാനസര്‍ക്കാര്‍ ദുരന്തനിവാരണ ഫണ്ടിന്‍റെ പൂര്‍ണമായ കണക്കും കോടതി മുമ്പാകെ ഹാജരാക്കി.

സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ 120 കോടി രൂപ ചിലവഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് നല്‍കണമെന്നാണ് സര്‍ക്കാരിന്‍റെ ആവശ്യം. വയനാടിന് വേണ്ടി മാനദണ്ഡങ്ങളില്‍ ഇളവ് ചെയ്തുകൂടെ എന്ന് കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. 700 കോടി രൂപയാണ് എസ്.ഡി.ആര്‍.എഫിലുള്ളത്. എന്നാല്‍ അതില്‍ 181 കോടി രൂപ മാത്രമാണ് ചിലവഴിക്കാന്‍ കഴിയുന്നത്. ബാക്കിയുള്ള തുക മറ്റ് ആവശ്യങ്ങള്‍ക്ക് നീക്കിവെച്ചിരിക്കുന്നതാണ്. ഈ 181 കോടി വയനാടിന് വേണ്ടി അടിയന്തിരമായി ചിലവഴിക്കാന്‍ കേന്ദ്ര മാനദണ്ഡങ്ങളില്‍ ചില ഇളവുകള്‍ വേണ്ടിവരും. അതിലുള്ള ശ്രമമാണ് ഇപ്പോള്‍ കോടതി നടത്തിയിരിക്കുന്നത്.

വിശദമായ കണക്ക് കോടതി നിര്‍ദേശപ്രകാരം കേന്ദ്രത്തിന് കൊടുത്തെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്ത് കോടതിയില്‍ ഹാജരാക്കി. ഇതനുസരിച്ച് അടിയന്തര ആവശ്യങ്ങള്‍ക്ക് എത്ര തുക നല്‍കാനാകുമെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു. എന്നാല്‍ ഔദ്യോഗികമായി കത്ത് ലഭിച്ചിട്ടില്ലെന്നായിരുന്നു കേന്ദ്രത്തിന്‍റെ മറുപടി. ഒടുവില്‍ എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി ഇന്ന് തന്നെ കേന്ദ്രത്തിന് കത്തയക്കുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അവധിക്ക് ശേഷം ജനുവരി 10ന് വയനാട് ദുരന്തവുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.

വയനാട് വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന തര്‍ക്കത്തില്‍ ഒരു മധ്യസ്ഥൻ്റെ റോളിലാണ് ഹൈക്കോടതി ഇടപെടുന്നത്. കേന്ദ്രത്തിന്‍റെയും സംസ്ഥാനത്തിന്റെയും വാദങ്ങള്‍ കേട്ടശേഷം പരമാവധി സഹായം വായനാട്ടിലെ ജനങ്ങള്‍ക്ക് എത്തിക്കാന്‍ രണ്ട് സര്‍ക്കാരുകള്‍ക്ക് തമ്മിലുള്ള രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കപ്പുറം എന്ത് ചെയ്യാം എന്നതാണ് കോടതി പരിശോധിക്കുന്നത്. അതോടെയാണ് മാനദണ്ഡങ്ങളില്‍ ഇളവ് ചെയ്തുകൂടെ എന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചത്.

അതോടൊപ്പം എയർലിഫ്റ്റിംഗിന് പണം ആവശ്യപ്പെട്ട കേന്ദ്ര സർക്കാർ സമീപനത്തെ ഹൈക്കോടതി വിമർശിച്ചു. 2016-17 കാലഘട്ടത്തിന്‍റെ എയര്‍ലിഫ്റ്റിങ് ചാര്‍ജായി നമ്മുടെ സഹായത്തില്‍ നിന്ന്‌ കേന്ദ്രസര്‍ക്കാര്‍ അഡ്‌ജെസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ എന്തിന് ഇത് അഡ്ജസ്റ്റ് ചെയ്തു എന്ന് ഹൈക്കോടതി ചോദിച്ചു. ആറ് വര്‍ഷം മിണ്ടാതിരുന്നിട്ട് 2016-17 കാലഘട്ടത്തിലെ 132 കോടി രൂപ നിങ്ങള്‍ അഡ്ജസ്റ്റ് ചെയ്തു കൊണ്ടുപോയത് എന്തിനാണെന്ന ചോദ്യവും ഹൈക്കോടതി കേന്ദ്രത്തോട് ചോദിച്ചു.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, എസ്.ഈശ്വരൻ എന്നിവരുെട ബെഞ്ച് കേന്ദ്രത്തോട് ചോദ്യങ്ങൾ ആരാഞ്ഞത്. ദുരന്തത്തെ നേരിടാൻ സംസ്ഥാന സർക്കാർ അടിയന്തര സഹായം ആവശ്യപ്പെട്ടിട്ടുണ്ടല്ലോ എന്നു കോടതി പറഞ്ഞു.

Post a Comment

أحدث أقدم