(www.kl14onlinenews.com)
(17-Dec-2024)
വയനാട് മാനന്തവാടിയിൽ ആദിവാസി യുവാവിനെ കാറിന്‍റെ ഡോറിനുള്ളിൽ കൈകുടുക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ട് പ്രതികൾ കസ്റ്റഡിയിൽ. കാറിലുണ്ടായിരുന്ന നാലുപ്രതികളിൽ രണ്ട് പേരാണ് ഇപ്പോൾ കസ്റ്റഡിലുള്ളത്. കണിയാമ്പറ്റ സ്വദേശി മുഹമ്മദ് ഹർഷിദ്, അഭിരാം എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മറ്റ് രണ്ട് പേരെ പിടികൂടാനായിട്ടില്ല. വിഷ്ണു, നബീൽ എന്നിവരെയാണ് ഇനിയും പിടികൂടാനുള്ളത്.
സംഭവം നടക്കുമ്പോൾ ഹർഷിദ് ആണ് കാർ ഓടിച്ചിരുന്നത് എന്ന് നേരത്തേ വ്യക്തമായിരുന്നു. ഇവർക്കായി ഇന്നലെ മുതൽ തന്നെ അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഒളിവിലുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്. ഇന്നലെ രാത്രി വൈകിയും വയനാട്ടിലെ ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ പോലീസ് പരിശോധന നടത്തിയിരുന്നു.
ബസ്സിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഹർഷിദിനെയും അഭിരാമിനെയും കസ്റ്റഡിയിൽ എടുത്തത്. ബാംഗ്ലൂർ ബസ്സിൽ കൽപ്പറ്റയിലേക്ക് വരുമ്പോൾ ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ആക്രമണത്തിൽ പരിക്കേറ്റ ആദിവാസി യുവാവ് മാതനെ സന്ദർശിച്ച ശേഷം മന്ത്രി ഒ.ആർ.കേളുവാണ് പ്രതികൾ കസ്റ്റഡിയിലുണ്ടെന്ന കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സംഭവമുണ്ടായ മേഖലയിൽ പോലീസിന്‍റെ പട്രോളിങും കൂടുതൽ നിയന്ത്രണങ്ങളും ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യുവാവിനെ വലിച്ചിഴച്ച കാര്‍ പോലീസ് ഇന്നലെ തന്നെ കസ്റ്റയിലെടുത്തിട്ടുണ്ട്. കണിയാമ്പറ്റയിൽ നിന്നാണ് കാർ കണ്ടെടുത്തത്. സംഘം ഉപയോഗിച്ച KL52 H 8733 നമ്പർ സെലേറിയോ കാറാണ് മാനന്തവാടി പോലീസ് കണ്ടെത്തിയത്. കാർ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
സംഭവത്തിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി എം പി രംഗത്തെത്തിയിരുന്നു. യുവാവിനെ റോഡില്‍ വലിച്ചിഴച്ച സംഭവത്തില്‍ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നാലെ കളക്ടറെ ഫോണില്‍ വിളിച്ച് പ്രിയങ്കാ ഗാന്ധി സംസാരിച്ചിരുന്നു.
സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഇടപെട്ടിരുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. കുറ്റക്കാരോട് ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.
Post a Comment