(www.kl14onlinenews.com)
(02-Dec-2024)
ബെംഗളൂരു: എഎസ്‍പിയായി ചാർജ് എടുക്കാനായി പോകുന്നതിനിടയിൽ വാഹനാപകടത്തിൽപ്പെട്ട് ഐ.പി.എസ് ഉദ്യോഗസ്ഥൻ മരിച്ചു. മധ്യപ്രദേശ് സ്വദേശിയും 2023 കർണാടക കേഡർ ഉദ്യോഗസ്ഥനുമായ ഹർഷ് ബർധൻ (25) ആണ് മരിച്ചത്. ഹർഷ് ബർധൻ സഞ്ചരിച്ച വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
മൈസുരുവിലെ പൊലീസ് അക്കാദമിയിൽ നാലാഴ്ചത്തെ പരിശീലനം പൂർത്തിയാക്കിയ ശേഷം ഹാസനിലെ എഎസ്‍പിയായി ചാർജ് എടുക്കാനായി വരുന്നതിനിടെയാണ് അപകടം. ജീപ്പ് ഓടിച്ചിരുന്ന കോൺസ്റ്റബിൾ മഞ്ജേ ഗൗഡയെ ഗുരുതര പരുക്കുകളോടെ ഹാസനിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇന്നലെ വൈകിട്ട് 4.20-ഓടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ജീപ്പ് സമീപത്തുള്ള മരത്തിലും അടുത്തുള്ള വീടിന്‍റെ മതിലിലും ഇടിച്ചാണ് നിന്നത്. ഹർഷ് ബർധനെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് കൊണ്ടു വരാനിരിക്കെ ആയിരുന്നു അന്ത്യം. ഹർഷിന്റെ തലക്ക് ഗുരുതരമായ പരുക്കേറ്റിരുന്നു.
إرسال تعليق