(www.kl14onlinenews.com)
(20-Dec-2024)
കൊച്ചി: വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന നവ്യാ ഹരിദാസാണ് ആവശ്യവുമായി കോടതിയെ സമീപിച്ചത്. നാമനിര്‍ദേശ പത്രികയില്‍ പ്രിയങ്ക തെറ്റായ ആസ്തി വിവരങ്ങള്‍ നല്‍കിയെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണെന്നുമാണ് ഹർജിയിലെ ആവശ്യം.
സ്ഥാനാര്‍ത്ഥിയുടെയും കുടുംബാംഗങ്ങളുടെയും സ്വത്തു വിവരങ്ങള്‍ മറച്ചുവെച്ചുവെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. സ്വത്തു വിവരങ്ങള്‍ മറച്ചുവെച്ചതിലൂടെ വോട്ടര്‍മാരില്‍ തെറ്റായ സ്വാധീനം ചെലുത്തുന്ന നടപടിയാണ് പ്രിയങ്കയുടെ ഭാഗത്തുനിന്നും ഉണ്ടായത് ബിജെപി ആരോപിച്ചു. അവധിക്കാലത്തിന് ശേഷം തിരഞ്ഞെടുപ്പ് ഹര്‍ജികള്‍ കേള്‍ക്കുന്ന പ്രത്യേക ബെഞ്ച് കേസ് പരിഗണിക്കുമെന്നാണ് വിവരം.
വയനാട് ലോക്‌സഭ മണ്ഡലത്തിൽ 410931 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് കന്നിയങ്കത്തിൽ പ്രിയങ്ക ഗാന്ധി വിജയിച്ചത്. വയനാട്ടിൽ 2024ൽ രാഹുൽ ഗാന്ധി മത്സരിച്ചപ്പോൾ ലഭിച്ച ഭൂരിപക്ഷം മറികടന്നുകൊണ്ടാണ് പ്രിയങ്കയുടെ മിന്നും ജയം. 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ 6,47,445 വോട്ടുകൾ നേടി 3,64,422 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽ ഗാന്ധി വിജയിച്ചത്. ഈ റെക്കോർഡ് ഭൂരിപക്ഷമാണ് ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മറികടന്നത്. 622338 വോട്ടുകളാണ് പ്രിയങ്ക നേടിയത്.
Post a Comment