(www.kl14onlinenews.com)
(11-Dec-2024)
സംസ്ഥാനത്തെ വിവിധ തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പൂർത്തിയായി. 11 ജില്ലകളിലെ 31 വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 17 സീറ്റുകളില്‍ വിജയിച്ച യു.ഡി.എഫ് ഉപതിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായി. ല്‍ഡിഎഫ് 11 സീറ്റുകളാണ് നേടിയത്. ബിജെപിക്ക് മൂന്ന് സീറ്റുകളിലും വിജയിക്കാനായി.
എല്‍ഡിഎഫ് 15, യുഡിഎഫ് 13, ബിജെപി മൂന്ന് എന്നിങ്ങനെയായിരുന്നു തിരഞ്ഞെടുപ്പിനുള്ള മുമ്പുള്ള സ്ഥിതി. തൃശൂര്‍ ജില്ലയിലെ നാട്ടിക, പാലക്കാട് ജില്ലയിലെ തച്ചമ്പാറ, ഇടുക്കി കരിമണ്ണൂര്‍ പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി.
മുന്നണികൾ പിടിച്ചെടുത്ത വാർഡുകളിലെ ഫലം
കൊല്ലം ജില്ലയില്‍ അഞ്ച് പഞ്ചായത്തുകളിലെ ആറുവാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. വെസ്റ്റ് കല്ലട പഞ്ചായത്തിലെ നടുവിലക്കര വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. കോൺഗ്രസ് രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ ബിജെപി മൂന്നാമതായി. കുന്നത്തൂര്‍ പഞ്ചായത്തിലെ തെറ്റിമുറി വാര്‍ഡ് ബിജെപിയില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. സിറ്റിംഗ് സീറ്റില്‍ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോയി.
തേവലക്കര പഞ്ചായത്തിലെ കോയിവിള തെക്ക് യുഡിഎഫ് സിറ്റിംഗ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. ഇതേ പഞ്ചായത്തിലെ പാലക്കല്‍ വടക്ക് എല്‍ഡിഎഫ് സിറ്റിംഗ് സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തു. ചടയമംഗലം പഞ്ചായത്തിലെ പൂങ്കോട് സിപിഐഎം സിറ്റിംഗ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു.
പത്തനംതിട്ട നിരണം പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു. 28 വര്‍ഷമായി എല്‍ഡി എഫ് വിജയിച്ചിരുന്ന വാര്‍ഡാണ് യുഡിഎഫ് പിടിച്ചെടുത്തത്. ജില്ലയില്‍ 3 സീറ്റില്‍ യുഡിഎഫും ഒരു സീറ്റില്‍ എല്‍ഡിഎഫും ഒരു സീറ്റില്‍ എന്‍ഡിഎയും വിജയിച്ചു.
ആലപ്പുഴ പത്തിയൂര്‍ പഞ്ചായത്തിലെ എരുവ വാര്‍ഡ് സിപിഐഎമ്മില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു. സിപിഐഎം വിട്ട് ബിജെപിയിലേക്ക് പോയ ജില്ലാ പഞ്ചായത്ത് അംഗം ബിബിന്‍ സി ബാബുവിന്‍റെ നാടാണ് പത്തിയൂര്‍.
കോട്ടയം അതിരമ്പുഴ പഞ്ചായത്തിലെ ഐടിഐ വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു.
ഇടുക്കി കരിമണ്ണൂര്‍ പഞ്ചായത്ത് പന്നൂര്‍ വാര്‍ഡിലേക്ക് നടന്ന തിഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാർത്ഥി വിജയിച്ചു. മുമ്പ് യുഡിഎഫ് അംഗം കൂറു മാറിയതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കൂറുമാറിയ യുഡിഎഫ് അംഗത്തിന്‍റെ പിന്തുണയോടെ എല്‍ഡിഎഫ് പഞ്ചായത്ത് ഭരണം നടത്തി വരികയായിരുന്നു. നിലവില്‍ യുഡിഎഫ് സീറ്റ് തിരിച്ചുപിടിച്ചതോടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമാകും.
തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ നഗരസഭയിലെ ചേരമാന്‍ ജുമാ മസജിദ് വാര്‍ഡില്‍ ബിജെപി വിജയിച്ചു. മണ്ഡലം നിലനിര്‍ത്തിയത് ബിജെപിക്ക് ആശ്വാസത്തിന് വകനല്‍കിയെങ്കിലും വോട്ട് കുറഞ്ഞത് കനത്ത തിരിച്ചടിയായി. നാട്ടിക പഞ്ചായത്തിലെ ഗോഖലെ വാര്‍ഡ് സിപിഐഎമ്മില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു.
പാലക്കാട് തച്ചമ്പാറ പഞ്ചായത്തിലെ കോഴിയോട് എല്‍ഡിഎഫ് സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തതോടെ ഇവിടെ യുഡിഎഫിന് ഭരണം ലഭിച്ചു.
നാലിടങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടന്ന മലപ്പുറം ജില്ലയിൽ രണ്ട് സീറ്റ് യുഡിഎഫും ഒരു സീറ്റ് എല്‍ഡിഎഫും പിടിച്ചെടുത്തു. ജില്ലാപഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സിറ്റിംഗ് സീറ്റ് നിലനിര്‍ത്തി. മഞ്ചേരി നഗരസഭയിലെ കരുവമ്പ്രം ഡിവിഷന്‍ സിപിഐഎമ്മില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. പതിറ്റാണ്ടുകളായി ഇടതുപക്ഷം വിജയിച്ചുവരുന്ന വാര്‍ഡ് ആണിത്.
തൃക്കലങ്ങോട് പഞ്ചായത്തിലെ മരത്താണി വാര്‍ഡ് സിപിഐഎമ്മില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. ആലംകോട് പഞ്ചായത്തിലെ പെരുമുക്ക് വാര്‍ഡ് യുഡിഎഫില്‍ നിന്നും സിപിഐഎം പിടിച്ചെടുത്തു.
11 ജില്ലകളിലെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലേയ്ക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാര്‍ഡ് ഉള്‍പ്പെടെ നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പിലിറ്റി വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്
Post a Comment