ഷോക്കടിപ്പിക്കുമോ പ്രഖ്യാപനം? വൈദ്യുതി നിരക്ക് വര്‍ധന ഇന്നറിയാം

(www.kl14onlinenews.com)
(06-Dec-2024)

ഷോക്കടിപ്പിക്കുമോ പ്രഖ്യാപനം? വൈദ്യുതി നിരക്ക് വര്‍ധന ഇന്നറിയാം
സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധനയിൽ നിർണായക പ്രഖ്യാപനം ഇന്നുണ്ടായേക്കും. യൂണിറ്റിന് പത്തു പൈസമുതല്‍ ഇരുപത് പൈസവരെ കൂടാനാണ് സാധ്യത. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരെ നിരക്ക് വര്‍ധനയില്‍ നിന്ന് ഒഴിവാക്കും. കൂടുതല്‍ വിഭാഗങ്ങള്‍ക്ക് സൗജന്യം നല്‍കുന്നതും സർക്കാരിന്‍റെ പരിഗണനയിൽ ഉണ്ട്.

ഇന്നലെ വൈകീട്ട് വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം വേനൽ കാലത്ത് സമ്മർ താരിഫ് ആയി യൂണിറ്റിന് പത്ത് പൈസ അധികം വേണമെന്ന കെഎസ്ഇബി ആവശ്യം അംഗീകരിക്കാൻ ഇടയില്ല.

വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചതായി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു

ആഭ്യന്തര ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണ്. ഇതിനാൽ തന്നെ വൈദ്യുതി നിരക്ക് വര്‍ധനവ് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. നിരക്ക് വർധന ജനങ്ങൾക്ക് സ്വാഭാവികമായും വിഷമമുണ്ടാക്കുമെന്നും നിരക്ക് വർധിപ്പിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും മന്ത്രി വ്യക്തമാക്കി.

ജനങ്ങൾക്ക് ബുദ്ധിമുട്ടാവാത്ത രീതിയിൽ നിരക്ക് വർധിപ്പിക്കുമെന്നുമാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. റെഗുലേറ്ററി കമ്മീഷൻ ഹിയറിംഗ് കഴിഞ്ഞുവെന്നും റെഗുലേറ്ററി കമീഷൻ ഉടൻ കെഎസ്ഇബിക്ക് റിപ്പോർട്ട് കൈമാറുമെന്നും മന്ത്രി അറിയിച്ചു. റെഗുലേറ്ററി കമ്മീഷൻ റിപ്പോർട്ട് കിട്ടിയാലുടൻ സർക്കാർ ചർച്ച ചെയ്യുമെന്നും കെ കൃഷ്ണൻകുട്ടി കൂട്ടിച്ചേ‍ർത്തു.

സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നും നിലവിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ലെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

അഭ്യന്തര ഉത്പാദനം കുറഞ്ഞത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. 70 ശതമാനം വൈദ്യുതി സംസ്ഥാനം പുറത്ത് നിന്ന് വാങ്ങുകയാണ്. ഉത്പാദനം വർധിപ്പിക്കാൻ കേരളത്തിൽ സാധ്യതകൾ ഉണ്ടെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.സർക്കാരുമായും ഉപഭോക്താക്കളുമായും ചർച്ചചെയ്ത് നയപരമായ തീരുമാനമെടുക്കും. ഉപഭോക്താക്കൾക്ക് പോറലേൽക്കാതെയായിരിക്കും നിരക്കുവർധനവ് ഉണ്ടാകുക. സമ്മർ താരിഫും കൊണ്ടുവരുന്നത് ആലോചനയിലുണ്ട്.

വേനൽകാലത്ത് പുറമെനിന്ന് വൈദ്യുതി വാങ്ങുന്നത് പ്രതിസസിയാണ്. ഇത് മറികടക്കാനാണ് സമ്മർ താരിഫ് പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിരക്ക് വര്‍ധനവിന് പുറമെ വേനൽ കാലത്ത് മാത്രമായി പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതാണ് പരിഗണിക്കുന്നത്. രാത്രിയും പകലും പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണ്.

ഹൈഡ്രൽ പ്രോജക്റ്റുകൾ പൂർത്തിയാവത്തത് തിരിച്ചടിയാണെന്നും‌ ഹൈഡ്രൽ പ്രോജക്റ്റുകൾ പ്രതിഷേധങ്ങൾ കൊണ്ട് നിലച്ചുവെന്നും മന്ത്രി പറഞ്ഞു

Post a Comment

Previous Post Next Post