യുഎഇ വിസാചട്ടങ്ങള്‍ കര്‍ശനമാക്കിയതിന് പിന്നാലെ വിസ നിരസിക്കുന്നത് കുത്തനെ കൂട്ടുന്നു

(www.kl14onlinenews.com)
(17-Dec-2024)

യുഎഇ വിസാചട്ടങ്ങള്‍ കര്‍ശനമാക്കിയതിന് പിന്നാലെ വിസ നിരസിക്കുന്നത് കുത്തനെ കൂട്ടുന്നു
ദുബായ് :
യുഎഇ വിസ ചട്ടങ്ങള്‍ കര്‍ശനമാക്കിയതോടെ വിസ നിരസിക്കല്‍ നിരക്ക് കുത്തനെ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ദുബായിലെ വിസ നിരസിക്കല്‍ നിരക്കില്‍ 62 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായി വിസ പ്രോസസ്സിംഗ് സ്ഥാപനമായ അറ്റ്‌ലൈസിനെ ഉദ്ധരിച്ച് ഫിനാൻസ് എക്സ്പ്രസ് റിപ്പോർട്ടു ചെയ്തു.

പുതിയ വിസാ ചട്ടം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ ബാധിച്ചിട്ടുണ്ട്. പുതിയ ചട്ടം പ്രകാരം സൂക്ഷ്മപരിശോധന വര്‍ധിക്കുകയും വിസ നിരസിക്കുന്ന നിരക്കുകളില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തുകയും ചെയ്തു. തൊഴിലവസരങ്ങള്‍ നേടി എത്തുന്ന കുടിയേറ്റക്കാരുടെയും തൊഴിലാളികളുടയും എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് വിസ ചട്ടം കര്‍ശനമാക്കിയത്.
ഇതിലൂടെ വിമാനത്താവളങ്ങളിലെ തിരക്ക് കുറച്ചുകൊണ്ടുവന്ന് വലിയ അളവില്‍ പണം ചെലവഴിക്കുന്ന യാത്രക്കാക്ക് മെച്ച അനുഭവം നല്‍കാനുള്ള നടപടികളാണ് ദുബായ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കൂടാതെ, ദുബായില്‍ അനധികൃതമായി താമസിക്കുന്നത് തടയാനും നഗരത്തെ ഒരു ഉന്നതനിലവാരമുള്ള വിനോദസഞ്ചാര കേന്ദ്രമായി നിലനിര്‍ത്താനും അവര്‍ ലക്ഷ്യമിടുന്നു.

വിസ അപേക്ഷയില്‍ നടപടിക്രമം പൂര്‍ത്തിയാക്കുന്നത് പ്രീ-റെഗുലേഷന്‍ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒന്നര മുതല്‍ 2.5 ദിവസം വരെ കൂടുതല്‍ സമയമെടുക്കുന്നുണ്ട്. കൂടുതല്‍ രേഖകള്‍ പരിശോധിക്കേണ്ടി വരുന്നതും യുഎഇ അധികൃതരുടെ സമഗ്രമായ പരിശോധന ആവശ്യമായ അപേക്ഷകളുടെ എണ്ണം കൂടിയതുമാണ് ഈ കാലതാമസത്തിന് കാരണം. പുതിയ നിയമം നടപ്പാക്കിയതിന് ശേഷം എല്ലാ ദിവസവുമെത്തുന്ന വിസ 100 അപേക്ഷകളില്‍ അഞ്ച് മുതല്‍ ആറെണ്ണം വരെ നിരസിക്കപ്പെടുന്നുണ്ട്. മുമ്പ് ഇത് പൂജ്യം മുതല്‍ രണ്ട് ശതമാനം വരെയായിരുന്നു.

അപൂര്‍ണമായതോ തെറ്റായതോ ആയ വിവരങ്ങള്‍ നല്‍കിയത് മൂലമാണ് 71 ശതമാനം അപേക്ഷകളും നിരസിക്കപ്പെട്ടത്. നടപടികള്‍ പൂര്‍ത്തിയാക്കുന്നതില്‍ കാലതാമസവും വിസ നിരസിക്കുന്നതും ഒഴിവാക്കാന്‍ കൃത്യമായ രേഖകള്‍ സമര്‍പ്പിക്കേണ്ടതിന്റെ പ്രാധാന്യം ഈ സംഭവവികാസങ്ങള്‍ ഊന്നപ്പറയുന്നതായി ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു

പുതിയ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലെ പരാജയം, വ്യക്തമല്ലാത്ത പാസ്പോര്‍ട്ട് ഫോട്ടോകള്‍, പൊരുത്തമില്ലാത്ത ഫോട്ടോകള്‍ (പാസ്പോര്‍ട്ട് ആവശ്യകതകളുമായി പൊരുത്തപ്പെടുന്നില്ല), മടങ്ങുന്ന ഫളൈറ്റുകളുടെയോ ഹോട്ടല്‍ ബുക്കിംഗുകളുടെയോ യഥാര്‍ത്ഥ വിവരങ്ങൾ കൈമാറാത്തത് എന്നിവയാണ് വിസ നിരസിക്കുന്നതിലെ പൊതുവായ പ്രശ്നങ്ങള്‍.

കഴിഞ്ഞ മാസമാണ് യുഎഇ സന്ദര്‍ശക വിസ നിയമങ്ങള്‍ കര്‍ശനമാക്കിയത്. സന്ദര്‍ശക വിസ ലഭിക്കാന്‍ റിട്ടേണ്‍ ടിക്കറ്റും ഹോട്ടല്‍ ബുക്കിംഗ് രേഖകളും നിര്‍ബന്ധമാക്കുകയായിരുന്നു. സന്ദര്‍ശക വിസയിലെത്തി നാട്ടിലേക്ക് മടങ്ങാത്തവരുടെ എണ്ണം വര്‍ധിച്ചതോടെയാണ് നിയമങ്ങള്‍ കര്‍ശനമാക്കാന്‍ യുഎഇ തീരുമാനിച്ചത്.

കൂടാതെ സന്ദര്‍ശകവിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് 3000 ദിര്‍ഹം(67,948 രൂപ) ക്രഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡിലോ ഉണ്ടായിരിക്കണമെന്നും പുതുക്കിയ വിസാ ചട്ടങ്ങളില്‍ പറയുന്നു. ഒപ്പം റിട്ടേണ്‍ ടിക്കറ്റ് സംബന്ധിച്ച വിവരങ്ങളും അപേക്ഷയ്ക്കൊപ്പം നല്‍കേണ്ടത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സന്ദര്‍ശക വിസയിലെത്തുന്നവര്‍ തിരിച്ച് പോകുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണിത്. കൂടാതെ സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തുന്നവര്‍ തങ്ങളുടെ താമസസ്ഥലം സംബന്ധിച്ച രേഖകളും അപേക്ഷയ്ക്കൊപ്പം നല്‍കണം. ഹോട്ടല്‍ ബുക്കിംഗ് രേഖകള്‍,യുഎഇയില്‍ താമസിക്കുന്ന ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെ കത്ത് എന്നിവയും ഇക്കൂട്ടത്തില്‍ നല്‍കാവുന്നതാണ്

Post a Comment

أحدث أقدم