രാജ്യാന്തര ചലച്ചിത്ര മേളയ്ക്കു തുടക്കം; സ്ത്രീകൾക്ക് അന്തസോടെ പ്രതിഭ തെളിയിക്കാൻ അന്തരീക്ഷമൊരുക്കുമെന്ന് മുഖ്യമന്ത്രി

(www.kl14onlinenews.com)
(13-Dec-2024)

രാജ്യാന്തര ചലച്ചിത്ര മേളയ്ക്കു തുടക്കം; സ്ത്രീകൾക്ക് അന്തസോടെ പ്രതിഭ തെളിയിക്കാൻ അന്തരീക്ഷമൊരുക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കം. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. സിനിമ രംഗത്തേക്ക് കടന്നുവരുന്ന സ്ത്രീകൾക്ക് അന്തസോടെ പ്രതിഭ തെളിയിക്കാൻ അന്തരീക്ഷം ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യൻ ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭ ഷബാന ആസ്മിയെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി ആദരിരിച്ചു. അഭിനയരംഗത്ത് 50 വർഷം തികയ്ക്കുന്ന വേളയിലാണ് ഷബാന ആസ്മിക്ക് ഐ.എഫ്.എഫ്.എഫ്.കെ ആദരം നൽകിയത്. ഹോങ്ങൊങ് സംവിധായക ആൻ ഹൂയിക്ക് ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം നൽകി ആദരിച്ചു.

മുന്നാം ലോക സിനിമക്ക് പ്രാധാന്യം നൽകുന്ന മേളയാണ് ഇത്തവണത്തെതെന്നും, അടിച്ചമര്‍ത്തപ്പെടുന്നവരുടെ ഒപ്പം നിന്ന് അവരുടെ ജീവിതാവസ്ഥകള്‍ ലോകത്തിനു മുന്നില്‍ എത്തിക്കാനാണ് ചലച്ചിത്രമേളയിലൂടെ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. "ഇന്ന് മേളയില്‍ ആദരിക്കപ്പെടുന്ന എല്ലാവരും സ്ത്രീകളാണെന്നതില്‍ നമുക്ക് അഭിമാനിക്കാം. സിനിമാ രംഗത്തേക്ക് കടന്നുവരുന്ന സ്ത്രീകൾക്ക് അന്തസ്സോടെ പ്രവര്‍ത്തിക്കാനുള്ള അന്തരീക്ഷം ഒരുക്കുമെന്ന് ഉറപ്പ് നല്‍കുന്നു," മുഖ്യമന്ത്രി പറഞ്ഞു.

ഡിസംബർ 13 മുതൽ 20 വരെ 15 തിയേറ്ററുകളിലായി നടക്കുന്ന മേളയിൽ 68 രാജ്യങ്ങളിൽ നിന്നുള്ള 177 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ 14 സിനിമകളും മലയാള സിനിമ ടുഡേ വിഭാഗത്തിൽ 12 ചിത്രങ്ങളും ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ ഏഴ് ചിത്രങ്ങളും പ്രദർശിപ്പിക്കും.

ലോക സിനിമാ വിഭാഗത്തിൽ 63 സിനിമകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര മേളകളിൽ പ്രേക്ഷകപ്രീതി നേടിയ 13 ചിത്രങ്ങളടങ്ങിയ ഫെസ്റ്റിവൽ ഫേവറൈറ്റ്സ് മറ്റൊരു ആകർഷണമായിരിക്കും. അർമേനിയൻ സിനിമാ ശതാബ്ദിയുടെ ഭാഗമായി ഏഴ് ചിത്രങ്ങൾ കൺട്രി ഫോക്കസ് വിഭാഗത്തിൽ പ്രദർശിപ്പിക്കും. സംവിധായിക പായൽ കപാഡിയയ്ക്കുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് ഡിസംബർ 20ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമാപനച്ചടങ്ങിൽ മുഖ്യമന്ത്രി സമ്മാനിക്കും

Post a Comment

Previous Post Next Post