കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകം: പ്രതിക്ക് ഇരട്ടജീവപര്യന്തം ശിക്ഷ, 20 ലക്ഷം പിഴ

(www.kl14onlinenews.com)
(21-Dec-2024)

കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകം: പ്രതിക്ക് ഇരട്ടജീവപര്യന്തം ശിക്ഷ, 20 ലക്ഷം പിഴ
കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. കാഞ്ഞിരപ്പള്ളി കരിമ്പാനയില്‍ ജോര്‍ജ് കുര്യനെയാണ് കോട്ടയം സെഷൻസ് കോടതി ശിക്ഷിച്ചത്.

ഇയാൾ 20 ലക്ഷം രൂപ പിഴയും അടയ്ക്കണം. രണ്ട് വർഷം നീണ്ടു നിന്ന വിചാരണയ്ക്കൊടുവിലാണ് കോടതി വിധി പറഞ്ഞത്.

കഴിഞ്ഞ ദിവസം പ്രതി കുറ്റക്കാരനെന്ന് സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. 2022 മാർച്ച് ഏഴിന് കാഞ്ഞിരപ്പള്ളിയിലെ കുടുംബവീട്ടിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. സഹോദരൻ രഞ്ജു കുര്യൻ, മാതൃസഹോദരൻ മാത്യു സ്കറിയ എന്നിവരെയാണ് ഇയാൾ വെടിവെച്ച് കൊന്നത്. സ്വത്ത് തർക്കത്തെ തുടർന്നായിരുന്നു ഇരട്ടക്കൊല.

നെഞ്ചിലും പുറകിലും വെടിയേറ്റ് രഞ്ജു കുര്യൻ തത്സമയവും തലയ്ക്കും നെഞ്ചിനും വെടിയേറ്റ മാത്യു സ്കറിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.

സംഭവ സമയം വീട്ടിലുണ്ടായിരുന്ന രഞ്ജു കുര്യന്‍റെയും ജോർജ് കുര്യന്‍റെയും മാതാപിതാക്കളടക്കം 138 സാക്ഷികളെയും 96 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ ബാബുക്കുട്ടന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

കാഞ്ഞിരപ്പള്ളി പൊലീസാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. അടുത്ത ബന്ധുക്കൾ അടക്കം കൂറ് മാറിയ കേസിൽ പ്രൊസിക്യൂഷൻ ഏറെ ശ്രമപ്പെട്ടാണ് വാദം പൂർത്തിയാക്കി പ്രതിയ്ക്ക് ശിക്ഷ ഉറപ്പാക്കിയത്.

ദൃക്‌സാക്ഷികളായി പ്രോസിക്യൂഷന്‍ അവതരിപ്പിച്ച ഭൂരിഭാഗം ആളുകളും കൂറുമാറുന്ന സാഹചര്യമുണ്ടായി. എന്നാല്‍ ശാസ്ത്രീയ തെളിവുകള്‍ കേസില്‍ നിര്‍ണായകമായി. വെടിവെയ്ക്കാന്‍ ഉപയോഗിച്ച തോക്ക് കണ്ടെത്തി കോടതിയില്‍ ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞതും കേസില്‍ വഴിത്തിരിവായി.

സുപ്രീംകോടതിയടക്കം വിവിധ കോടതികളില്‍ ജാമ്യഹര്‍ജികള്‍ നല്‍കിയെങ്കിലും ജോർജ് കുര്യന് ജാമ്യം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് വിചാരണ തടവുകാരനായി ഇയാള്‍ കോട്ടയം സബ് ജയിലില്‍ കഴിഞ്ഞുവരികയായിരുന്നു.

Post a Comment

أحدث أقدم