പുഷ്‌പ 2 പ്രദർശനത്തിനിടെ യുവതി മരിച്ച സംഭവം; അല്ലു അർജുനും നിർമ്മാതാക്കളും ചേർന്ന് രണ്ടു കോടി നൽകും

(www.kl14onlinenews.com)
(25-Dec-2024)

പുഷ്‌പ 2 പ്രദർശനത്തിനിടെ യുവതി മരിച്ച സംഭവം; അല്ലു അർജുനും നിർമ്മാതാക്കളും ചേർന്ന് രണ്ടു കോടി നൽകും
ഹൈദരബാദ്: 'പുഷ്‌പ 2' സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ കുടുംബത്തിന് രണ്ടു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് നടൻ അല്ലു അർജുനും നിർമ്മാതാക്കളും. അല്ലു അർജുൻ ഒരു കോടി രൂപയും നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സിൽ 50 ലക്ഷം രൂപയും ചിത്രത്തിൻ്റെ സംവിധായകൻ സുകുമാർ 50 ലക്ഷം രൂപയും നൽകും.

ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ തുടരുന്ന യുവതിയുടെ മകനെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദാണ് സഹായം പ്രഖ്യാപിച്ചത്. കുട്ടി സുഖം പ്രാപിക്കുന്നുണ്ടെന്നും ഇപ്പോൾ സ്വയം ശ്വസിക്കാൻ കഴിയുന്നുണ്ടെന്നും ആശുപത്രി അധികൃതരുമായി സംസാരിച്ച ശേഷം അദ്ദേഹം പറഞ്ഞു.

യുവതിയുടെ കുടുംബത്തെ നേരിട്ടു കാണുന്നതിനുള്ള നിയമപരമായ പരിമിതികൾ കണക്കിലെടുത്ത്, നിര്‍മ്മാതാവ് ദില്‍ രാജുവിന് തുകയടങ്ങിയ ചെക്ക് കൈമാറിയിട്ടുണ്ടെന്ന് അല്ലു അരവിന്ദ് അറിയിച്ചു.

ഡിസംബർ നാലിന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ വെച്ചാണ് ദാരുണമായ അപകടമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് 35 കാരിയായ യുവതി മരിക്കുകയും എട്ടു വയസ്സുള്ള മകനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

സംഭവത്തിൽ സന്ധ്യാ തിയറ്റർ ഉടമ, മാനേജർ, സെക്യൂരിറ്റി ഇൻ ചാർജ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പിന്നാലെ അല്ലു അർജുനെയും കേസിൽ പ്രതി ചേർത്തു. കഴിഞ്ഞ ദിവസം അല്ലു അർജുന്റെ വീടിനു നേരെ ആക്രമണം ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post