കട്ടപ്പനയിലെ നിക്ഷേപകൻ സാബുവിൻ്റെ ആത്മഹത്യ; 14 ലക്ഷം രൂപ തിരിച്ചു നൽകി ബാങ്ക്

(www.kl14onlinenews.com)
(31-Dec-2024)

കട്ടപ്പനയിലെ നിക്ഷേപകൻ സാബുവിൻ്റെ ആത്മഹത്യ; 14 ലക്ഷം രൂപ തിരിച്ചു നൽകി ബാങ്ക്
ഇടുക്കി കട്ടപ്പനയിൽ നിക്ഷേപകൻ സാബു തോമസ് ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ നിക്ഷേപ തുക തിരികെ നൽകി സഹകരണ സൊസൈറ്റി.നിക്ഷേപിച്ച പണം തിരികെ ചോദിച്ചപ്പോൾ ഉദ്യോഗസ്ഥർ അപമാനിച്ചുവെന്നാരോപിച്ചാണ് ഇതിൽ മനംനൊന്ത സാബു ആത്മഹത്യ ചെയ്തിരുന്നത്. 14,59,940 രൂപയാണ് തിങ്കളാഴ്ച കുടുംബത്തിന് തിരികെ നൽകിയിരിക്കുന്നത്.

ഈ തുക നേരത്തെ നൽകിയിരുന്നെങ്കിൽ സാബുവിന് ജീവൻ നഷ്‍ടപ്പെടില്ലായിരുന്നവെന്ന് കുടുംബം പ്രതികരിച്ചു. നിക്ഷേപതുകയിൽ നിന്ന് 2 ലക്ഷം രൂപയാണ് ചികിത്സാ ആവശ്യാർത്ഥം സാബു ആവശ്യപ്പെട്ടിരുന്നത്. അതേസമയം വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അമ്മ ത്രേസ്യാമ്മ ഇന്ന് അന്തരിച്ചു. അമ്മയുടെയും ഭാര്യയുടെയും ചികിത്സ ആവശ്യങ്ങൾക്ക് വേണ്ടിയായിരുന്നു സാബു പണത്തിന് വേണ്ടി ബാങ്കിനെ സമീപിച്ചത്. അമ്മയെും അച്ഛനെയും വീട്ടിൽ തനിച്ചാക്കിയിട്ടാണ് പലപ്പോഴും ബാങ്കിൽ പണമാവശ്യപ്പെട്ട് പോയിരുന്നതെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവേ സാബുവിന്റെ ഭാര്യ മേരിക്കുട്ടി പറഞ്ഞിരുന്നു.

അതേസമയം സാബു തോമസിനെതിരെ വിവാദ പ്രസ്താവനയുമായി എം എം മണി എംഎല്‍എ രംഗത്തെത്തി. സാബുവിന് എന്തെങ്കിലും മാനസിക പ്രശ്‌നം ഉണ്ടായിരുന്നോയെന്നും ചികിത്സ ചെയ്തിരുന്നോ എന്നുമൊക്കെയുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടതാണെന്നും അതിൻ്റെ പാപഭാരം സിപിഐഎമ്മിന്റെ തലയില്‍ കെട്ടിവെക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും എംഎം മണി പറഞ്ഞു. കട്ടപ്പന റൂറല്‍ ഡവലപ്പ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിലെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിൻ്റെ നയവിശദീകരണയോഗം ഉദ്ഘാടനം ചെയ്യവെയാണ് എം എം മണിയുടെ പരാമര്‍ശം.

റൂറല്‍ ഡവലപ്പ്മെന്‍റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്‍പിലാണ് സാബു ജീവനൊടുക്കിയിരുന്നത്. സാബുവിന്‍റെ ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. ഭാര്യയുടെ ചികിത്സയ്ക്കായാണ് ബാങ്കില്‍ നിന്നും നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ടത്. എന്നാല്‍ ബാങ്ക് ജീവനക്കാര്‍ പണം നല്‍കാന്‍ തയ്യാറായില്ലെന്നും തന്നെ പിടിച്ചുതള്ളുകയും അസഭ്യം പറയുകയും ചെയ്തുവെന്നും ആരോപിക്കുന്ന ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിരുന്നു. തൻ്റെ സമ്പാദ്യം മുഴുവനും ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി ബാങ്ക് ആണെന്നും കത്തില്‍ ആരോപിച്ചിരുന്നു. അതിനിടെ സാബുവിനെ സിപിഐഎം നേതാവ് ഭീഷണിപ്പെടുത്തുന്ന ഭീഷണി സന്ദേശവും പുറത്ത് വന്നിരുന്നു.

Post a Comment

Previous Post Next Post