(www.kl14onlinenews.com)
(23-Dec-2024)
ന്യൂഡൽഹി: ഉത്തരാഖണ്ഡ് സ്വദേശിനിയായ യുവതി പത്ത് വർഷത്തിനിടെ മൂന്നു കല്ല്യാണം വഴി തട്ടിയെടുത്തത് 1.25 കോടി രൂപ. മാട്രിമോണി സൈറ്റ് വഴി പണക്കാരായ പുരുഷന്മാരെ തിരഞ്ഞുപിടിച്ചാണ് യുവതി വിവാഹം കഴിക്കുന്നത്. വിവാഹം കഴിച്ചതിന് ശേഷം കുടുംബത്തിനും ഭർത്താവിനുമെതിരെ കേസ് കൊടുക്കും. ഈ കേസ് ഒത്തുതീർപ്പാക്കുന്നതിന് പിന്നാലെ ഇവർ പണം ആവശ്യപ്പെടുകയും വലിയ തുക വാങ്ങുകയും ചെയ്യും. നിക്കി എന്ന് പേരുള്ള സീമ 'ലൂട്ടറി ദുൽഹൻ' അഥവാ 'കൊള്ളയടിക്കാരി വധു' എന്നാണ് അറിയപ്പെടുന്നത്.
2013-ലാണ് ഇവർ ആഗ്രയിലുള്ള ഒരു വ്യവസായിയെ ഇത്തരത്തിൽ ആദ്യമായി വിവാഹം കഴിക്കുന്നത്. എന്നാൽ കല്ല്യാണത്തിന് ശേഷം ഇയാളുടെയും കുടുംബത്തിൻ്റെയും പേരിൽ ഇവർ കേസ് കൊടുക്കുകയായിരുന്നു. ഇത് ഒത്തുതീർപ്പാക്കാനായി ഇവർ വ്യവസായിയിൽ നിന്ന് 75 ലക്ഷം രൂപ കൈപറ്റുകയായിരുന്നു. പിന്നീട് 2017 ൽ ഗുരുഗ്രാമിൽ നിന്നുള്ള ഒരു സോഫ്റ്റ് വെയർ എഞ്ചിനീയറെ സീമ വിവാഹം കഴിക്കുകയും പിന്നീട് ബന്ധം വേർപെടുത്തി 10 ലക്ഷം രൂപ ഒത്തുതീർപ്പ് തുകയായി വാങ്ങുകയും ചെയ്തു.
അവസാനമായി ഇവരുടെ ഇരയായത് ജയ്പൂർ ആസ്ഥാനമായുള്ള ഒരു ബിസിനസുകാരനാണ്. എന്നാൽ ഇത്തവണ ഇയാളിൽ നിന്ന് ഇവർ 36 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും പണവുമായി രക്ഷപ്പെടുകയായിരുന്നു. പക്ഷെ കുടുംബം കേസ് കൊടുത്തതിനെ തുടർന്ന് ഇവരെ ജയ്പൂർ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സീമയുടെ ഇരകൾ വിവാഹമോചിതരോ ഭാര്യമാർ മരണപ്പെട്ട പുരുഷന്മാരോ ആണെന്ന് പൊലീസ് പറഞ്ഞു
Post a Comment