(www.kl14onlinenews.com)
(19-Dec-2024)
കൊച്ചി :
എറണാകുളം ഉദയംപേരൂരില്‍ അങ്കണവാടി കെട്ടിടം തകര്‍ന്നുവീണു. കണ്ടനാട് ജി.ബി. സ്‌കൂളിലെ കെട്ടിടമാണ് തകര്‍ന്ന് വീണത്. കെട്ടിടത്തില്‍ അംഗന്‍വാടിയാണ് പ്രവര്‍ത്തിച്ചിരുന്നത്. രാവിലെ 9.30 ഓടെയാണ് അപകടം. വലിയ ശബ്ദത്തോടെയാണ് ഓടിട്ട മേൽക്കൂര നിലം പതിച്ചത്.
അംഗന്‍വാടി ക്ലാസ് മുറിയും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന മുറിയും ചേര്‍ന്നതായിരുന്നു തകര്‍ന്ന കെട്ടിടം. കുട്ടികള്‍ സ്‌കൂളിലേക്ക് എത്തുന്നതേ ഉണ്ടായിരുന്നുള്ളു. രണ്ട് കുട്ടികള്‍ എത്തിയിരുന്നുവെങ്കിലും അവര്‍ മുറ്റത്ത് കളിക്കുകയായിരുന്നു. അങ്കണവാടിയിലെ ആയ മാത്രമായിരുന്നു അപകട സമയത്ത് ഉണ്ടായിരുന്നത്.
അങ്കണവാടിയിൽ 5 കുട്ടികളാണ് പഠിക്കുന്നത്. രാവിലെ പത്ത് മണിയോടെയാണ് കുട്ടികൾ വരാറുള്ളത്. വലിയ ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാൽ ആയ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. ‘‘വാതിൽ തുറന്ന് അകത്ത് കയറി, അടിച്ചു വാരി. പെട്ടെന്ന് ശബ്ദം കേട്ടു. വരാന്ത തൂത്തുവാരാൻ പുറത്തേക്ക് ഇറങ്ങിയതോടെ വീണ്ടും ശബ്ദം കേട്ടു. പുറത്തേക്ക് ഓടി. നേരത്തേ അങ്കണവാടിയിലെ ഷീറ്റ് ദേഹത്തേക്ക് വീണിരുന്നു. അന്നുതന്നെ പഞ്ചായത്തിൽ പരാതി പറഞ്ഞിരുന്നു. കുട്ടികളില്ലാത്തതിനാൽ അപകടം ഒഴിവായി. കുട്ടികൾ ഇവിടെ ഉണ്ടായിരുന്നെങ്കിൽ ജീവിതകാലം എനിക്ക് സമാധാനം കിട്ടില്ലായിരുന്നു.’’ രക്ഷപ്പെട്ട ആയ ലിസി സേവ്യർ പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്തു.
100 വർഷത്തിലേറെ കെട്ടിടത്തിനു പഴക്കമുണ്ടെന്നു പഞ്ചായത്ത് അധികൃതർ അറിയിച്ചു. പുതിയ കെട്ടിടത്തിലേക്ക് അടുത്തിടെയാണു മറ്റ് ക്ലാസുകൾ മാറിയത്. അങ്കണവാടി മാത്രമാണു പഴയകെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. വാർഡ് ഗ്രാമസഭകൾ ഇവിടെയാണ് ചേരാറുള്ളതെന്നും പോളിങ് ബൂത്തായി പ്രവർത്തിക്കാറുണ്ടെന്നും വാർഡ് കൗൺസിലർ അറിയിച്ചു. ഉച്ചയ്ക്കു മറ്റു കുട്ടികൾക്ക് ഭക്ഷണം നൽകിയിരുന്നതും തകർന്നുവീണ ക്ലാസ് മുറിയിലായിരുന്നുവെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. കെട്ടിടത്തിലെ ചോർച്ച മുൻപ് ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്നുവെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.
Post a Comment