(www.kl14onlinenews.com)
(11-November -2024)
ന്യൂഡൽഹി: ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധികാരമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. 2025 മേയ് 31 ന് വിരമിക്കുന്ന അദ്ദേഹത്തിന് ആറു മാസമാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ തുടരാൻ കഴിയുക.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ആണ് സഞ്ജീവ് ഖന്നയുടെ പേര് കേന്ദ്ര നിയമ മന്ത്രാലയത്തിന് ശുപാർശ ചെയ്തത്. 2025 മേയ് 13 വരെ ജസ്റ്റിസ് സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസ് പദവിയിൽ തുടരും. 2019 ജനുവരിയിലാണ് സഞ്ജീവ് ഖന്നയെ സുപ്രീംകോടതി ജഡ്ജിയായി ഉയർത്തുന്നത്. അതിന് മുമ്പ് 14 വർഷം ഡൽഹി ഹൈക്കോടതി ജഡ്ജി ആയിരുന്നു.
1983 ലാണ് ജസ്റ്റിസ് ഖന്ന ഡൽഹി ബാർകൗൺസിലിൽ നിന്ന് എൻറോൾ ചെയ്തത്. ആദ്യം തീസ് ഹസാരി കോംപ്ലക്സിലെ ജില്ലാ കോടതികളിൽ പ്രാക്ടീസ് ചെയ്തു. പിന്നീട് ഡൽഹി ഹൈക്കോടതിയിലേക്കും ട്രൈബ്യൂണലുകളിലേക്കും മാറി. ആദായനികുതി വകുപ്പിന്റെ സീനിയർ സ്റ്റാൻഡിംഗ് കൗൺസലായി ദീർഘകാലം സേവനമനുഷ്ഠിച്ച അദ്ദേഹം 2004-ൽ ഡൽഹിയുടെ സ്റ്റാൻഡിംഗ് കൗൺസലായി (സിവിൽ) നിയമിതനായി.
ഡൽഹി ഹൈക്കോടതിയിൽ നിരവധി ക്രിമിനൽ കേസുകളിൽ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായും അമിക്കസ് ക്യൂറിയായും ഹാജരാകുകയും വാദിക്കുകയും ചെയ്തിട്ടുണ്ട്. 2005-ൽ ഡൽഹി ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി. 2006-ൽ സ്ഥിരം ജഡ്ജിയായി. ഡൽഹി ഹൈക്കോടതി ജഡ്ജിയായിരിക്കെ, ഡൽഹി ജുഡീഷ്യൽ അക്കാദമി, ഡൽഹി ഇന്റർനാഷണൽ ആർബിട്രേഷൻ സെന്റർ, ജില്ലാ കോടതി മീഡിയേഷൻ കേന്ദ്രങ്ങൾ എന്നിവയുടെ ചെയർമാൻ/ജഡ്ജ്-ഇൻ-ചാർജ് സ്ഥാനവും വഹിച്ചിട്ടുണ്ട്.
2019 ജനുവരി 18 നാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിതനായത്. ഏതെങ്കിലും ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസാകുന്നതിന് മുമ്പ് തന്നെ സുപ്രീം കോടതിയിലേക്ക് നിയമനം ലഭിച്ച ചുരുക്കം ചിലരിൽ ഒരാളാണ് ജസ്റ്റിസ് ഖന്ന. 2023 ജൂൺ 17 മുതൽ 2023 ഡിസംബർ 25 വരെ സുപ്രീം കോടതി ലീഗൽ സർവീസ് കമ്മിറ്റി ചെയർമാനായിരുന്നു. നിലവിൽ നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാനും ഭോപ്പാലിലെ നാഷണൽ ജുഡീഷ്യൽ അക്കാദമിയുടെ ഗവേണിംഗ് കൗൺസൽ അംഗവുമാണ് ജസ്റ്റിസ് ഖന്ന.
ഇലക്ടറൽ ബോണ്ട് സ്കീം റദ്ദാക്കൽ, ആർട്ടിക്കിൾ 370 റദ്ദാക്കൽ തുടങ്ങിയ നിരവധി സുപ്രധാന സുപ്രിം കോടതി വിധികളുടെ ഭാഗമായിട്ടുണ്ട് സഞ്ജീവ് ഖന്ന. ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ പിതാവ് ദേവ് രാജ് ഖന്ന ഡൽഹി ഹൈക്കോടതി ജഡ്ജി ആയിരുന്നു. ജസ്റ്റിസ് എച്ച് ആർ ഖന്നയുടെ സഹോദരി പുത്രനാണ്.
Post a Comment