പാലക്കാട്ടെ പാതിരാ റെയ്ഡ്;വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മിഷൻ

(www.kl14onlinenews.com)
(07-November -2024)

പാലക്കാട്ടെ പാതിരാ റെയ്ഡ്;വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മിഷൻ
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലിൽ കള്ളപ്പണം എത്തിച്ചെന്ന ആരോപണത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ട് തേടി. പാലക്കാട് ജില്ലാ കലക്ടറോടാണ് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടത്. പാലക്കാട്ടെ ഹോട്ടലിലെ പാതിരാ റെയ്ഡുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് നൽകാനാണ് കലക്ടറോട് ആവശ്യപ്പെട്ടിട്ടുള്ളത്.

പാതിരാ റെയ്ഡിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. തിരഞ്ഞെടുപ്പ് കമ്മിഷനെയും ഉദ്യോഗസ്ഥരെയും നോക്കുകുത്തികളാക്കി സംസ്ഥാന ഭരണത്തിന് നേതൃത്വം നൽകുന്ന സിപിഎം പൊലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്ന് പരാതിയിൽ പറയുന്നു.

അർധരാത്രിയിൽ റെയ്ഡിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥർ എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തിയാണ് മുൻ എംഎൽഎയായ കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാന്റെയും മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണയുടെയും മുറികളുടെ വാതിൽ മുട്ടിയതും പരിശോധന നടത്തിയതും. സെർച്ച് നടത്തുന്നത് സംബന്ധിച്ച് നിയമം അനുശാസിക്കുന്ന ഒരു നടപടിക്രമവും പൊലീസ് പാലിച്ചില്ലെന്നും സതീശൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

പരിശോധനയ്‌ക്കെത്തിയ പൊലീസ് സംഘത്തിനൊപ്പം എഡിഎം, ആർഡിഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇല്ലായിരുന്നു. ഇത് നിയമവിരുദ്ധമാണ്. രാത്രി 12 മണിക്ക് ശേഷം തുടങ്ങിയ പരിശോധനയിൽ പുലർച്ചെ 2.30 ആയപ്പോൾ മാത്രമാണ് എഡിഎമ്മും ആർഡിഒയും സ്ഥലത്തെത്തിയത്.

റെയ്ഡ് വിവരം തങ്ങൾ അറിഞ്ഞില്ലെന്ന് എഡിഎം വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിയന്ത്രണങ്ങളും നിലനിൽക്കെ പൊലീസിനെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സർക്കാരിന് നേതൃത്വം നൽകുന്ന സിപിഎം ശ്രമിക്കുന്നതെന്നും വി ഡി സതീശൻ പരാതിയിൽ പറയുന്നു

Post a Comment

Previous Post Next Post