(www.kl14onlinenews.com)
(03-November -2024)
കാസർകോട് : നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഒരു മരണം കൂടി. ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ് ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി
നേരത്തെ, പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മൂന്നാമത്തെയാൾ മരിച്ചിരുന്നു. കരിന്തളം കൊല്ലമ്പാറ സ്വദേശി കെ. ബിജു (38) ആണ് മരിച്ചത്. പൊള്ളലേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ശരീരത്തിന്‍റെ 50 ശതമാനത്തോളം പൊള്ളലേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ചോയ്യംകോട് സലൂണ്‍ നടത്തുന്ന കിണാവൂര്‍ സ്വദേശി രതീഷ് എന്നയാളും കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ശരീരത്തിന്റെ 60 ശതമാനത്തോളം പൊള്ളലേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. നൂറിലേറെ പേര്‍ക്കാണ് അപകടത്തില്‍ പൊള്ളലേറ്റത്. പൊള്ളലേറ്റ് നൂറോളം പേർ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 30ഓളം പേര്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.
മംഗളൂരു, കാസർകോട്, കാഞ്ഞങ്ങാട്, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിലാണ് പൊള്ളലേറ്റവർ ചികിത്സയിലുള്ളത
ഒക്‌ടോബർ 28ന് അർധരാത്രി നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിൽ കളിയാട്ടത്തിനിടെയാണ് വെടിക്കെട്ടപകടം ഉണ്ടായത്. അപകടത്തിൽ 154 പേർക്ക് പരുക്കേറ്റിരുന്നു. കേസിലെ ആദ്യ മൂന്നു പ്രതികളുടെ ജാമ്യം ഇന്നലെ കാസർകോട് ജില്ലാ സെഷൻസ് കോടതി റദ്ദാക്കിയിരുന്നു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരൻ, കമ്മിറ്റി സെക്രട്ടറി ഭരതൻ, പടക്കം പൊട്ടിച്ച രാജേഷ് എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്. ജാമ്യം അനുവദിച്ചതിനെതിരെ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി നടപടി
Post a Comment