(www.kl14onlinenews.com)
(18-November -2024)
പാലക്കാട്: വ്യാജ വോട്ട് പരാതിയിൽ നടപടിയുണ്ടാകുമെന്ന് പാലക്കാട് ജില്ലാ കളക്ടർ എസ് ചിത്ര. മറ്റ് മണ്ഡലത്തിലെ വോട്ട് മറച്ചുവെച്ച് വോട്ട് ചെയ്യാൻ എത്തിയാൽ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു. റിപ്പോർട്ടർ പുറത്തുകൊണ്ടുവന്ന വാർത്തയിലാണ് കളക്ടറുടെ നടപടി. ചില പരാതികൾ ലഭിച്ചിരുന്നുവെന്നും അതിൽ കൃത്യമായ പരിശോധന നടന്നുവെന്നും കളക്ടർ മാധ്യമങ്ങളോട് പറഞ്ഞു. ബിഎൽഒമാരുമായി ചർച്ച നടത്തി. ബോർഡർ ഏരിയ ബൂത്തുകളിൽ പ്രത്യേക പരിശോധന നടത്തി. പ്രത്യേക ലിസ്റ്റ് തയ്യാറാക്കി. ഉദ്യോഗസ്ഥർ വീഴ്ച്ച വരുത്തിയാൽ നടപടി സ്വീകരിക്കും. ലഭിച്ച പരാതിയിൽ നടപടി ഉണ്ടാകുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.
പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി മതിയായ രേഖകളില്ലാതെയും വ്യാജ വിവരങ്ങൾ ഉപയോഗിച്ചും കൂടുതൽ വോട്ടർമാരെ ചേർത്തുവെന്നാണ് റിപ്പോർട്ടർ അന്വേഷണത്തിൽ കണ്ടെത്തിയത്. പലർക്കും രണ്ടിടത്ത് വോട്ടുള്ള അവസ്ഥയാണ്. പല വോട്ടർമാരെയും പുതുതായി ചേർത്തത് കൃത്യമായ മേൽവിലാസത്തിലുമല്ല.
ഉപതിരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളിലാണ് വ്യാജ വോട്ട് ചേർത്തതെന്നാണ് റിപ്പോർട്ടർ പ്രതിനിധികൾ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. പാലക്കാട് മണ്ഡലത്തിൽ പുതുതായി വോട്ട് ചേർത്തിരിക്കുന്നവരിൽ പലരും മറ്റിടങ്ങളിൽ വോട്ടുള്ളവരാണ്. ഉദാഹരണത്തിന് മലമ്പുഴ മണ്ഡലത്തിൽ വോട്ടുള്ള യുവതിക്ക് പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ വോട്ടുണ്ട്. ഇതിന്റെ രേഖകൾ റിപ്പോർട്ടറിന് ലഭിച്ചിരുന്നു.
വോട്ട് മാറിയ കാര്യം പലരും അറിഞ്ഞിട്ടുമില്ല എന്നതാണ് വസ്തുത. എങ്ങനെ തങ്ങളുടെ വോട്ട് പാലക്കാട്ടേക്ക് മാറിയെന്ന് അറിയില്ലെന്നും പ്രദേശത്ത് നിരവധി പേർ ഇതേ രീതിയിൽ പരാതി ഉന്നയിച്ചിട്ടുണ്ടെന്നുമാണ് തിരുവാലത്തൂർ സ്വദേശി രമേശ് റിപ്പോർട്ടറിനോട് പ്രതികരിച്ചത്. മാത്രമല്ല കേരളത്തിന് പുറത്ത് സ്ഥിരതാമസമാക്കിയവുടെ വോട്ടുകള്‍ പോലും പാലക്കാട് മണ്ഡലത്തിൽ പുതുതായി ചേർത്തിട്ടുണ്ട്. മണ്ഡലത്തില്‍ വ്യാപകമായി ഇരട്ടവോട്ടുകള്‍ ഉള്ളതായും റിപ്പോർട്ടർ അന്വേഷണത്തില്‍ കണ്ടെത്തി.
Post a Comment