(www.kl14onlinenews.com)
(07-November -2024)
വയനാട് :
ചൂരൽമല ദുരന്ത ബാധിതർക്ക് നൽകിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കളെന്ന് പരാതി. ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളാണ് മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്തതെന്നാണ് പരാതി. അരി, റവ ഉൾപ്പെടെയുള്ള സാധനങ്ങൾ ഉപയോഗിക്കാനാവില്ലെന്ന് ഗുണഭോക്താക്കൾ പറയുന്നു.
മൃഗങ്ങള്‍ക്ക് പോലും നല്‍കാന്‍ കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ് നല്‍കിയിരിക്കുന്നതെന്നും വസ്ത്രങ്ങള്‍ ഉപയോഗിച്ചവയാണെന്നും ദുരന്ത ബാധിതർ ആരോപിക്കുന്നു. സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നൽകിയ ഭക്ഷ്യ കിറ്റുകളാണ് ദുരന്ത ബാധിതർക്ക് നൽകിയത് എന്നാണ് മേപ്പാടി പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
സംഭവത്തില്‍ ഭക്ഷ്യസാധനങ്ങളുമായി ദുരന്തബാധിതർ പഞ്ചായത്തിലെത്തി പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ പഞ്ചായത്ത് ഉപരോധിക്കുകയാണ് പ്രതിഷേധക്കാര്‍. പുഴുവരിച്ച അരി ഉൾപ്പെടെ പഞ്ചായത്തിന് മുന്നിലിട്ടാണ് പ്രതിഷേധം. പഞ്ചായത്തിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് തടഞ്ഞു. പിന്നീട് പോലീസ് വലയം ഭേദിച്ച് പ്രവർത്തകർ അകത്തേക്ക് കയറി ഏറെ നേരം പ്രധിഷേധിച്ചു
പ്രതിഷേധം നേരിയ സംഘർഷത്തിലേക്ക് നീങ്ങി. ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചുവെന്നാരോപിച്ച് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ ചികിത്സ തേടി.
അതേസമയം കിറ്റ് വിതരണത്തിൽ വീഴ്ച സംഭവിച്ചിട്ടില്ല എന്നതിൽ ഉറച്ചു നിൽക്കുകയാണ് പഞ്ചായത്ത് ഭരണസമിതി. റവന്യൂ വകുപ്പ് നൽകിയ കിറ്റുകൾ മാത്രമാണ് വിതരണം നടത്തിയത്. തിരഞ്ഞെടുപ്പ് മാനദണ്ഡം നിലനിൽക്കുന്നതിനാൽ പഞ്ചായത്തിന് ഇടപെടാൻ അധികാരമില്ലെന്നും സമരം രാഷ്ട്രീയ പ്രേരിതമാണെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ ബാബു പറഞ്ഞു.
അതേസമയം പ്രശ്നം പരിശോധിക്കുമെന്നും ഇന്ന് വൈകീട്ടോടെ മോശം കിറ്റുകൾ ലഭിച്ചവർക്ക് നല്ല ഭക്ഷ്യക്കിറ്റുകൾ ലഭ്യമാക്കുമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ ഉറപ്പിനെ തുടർന്നാണ് ഗുണഭോക്താക്കളും ഡിവൈഎഫ്ഐ പ്രവർത്തകരും സമരം അവസാനിപ്പിച്ചത്.
അതേസമയം സംഭവം ഗുരുതരമാണെന്നും വീഴ്ചവരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ പ്രതികരിച്ചു.
Post a Comment