ആവേശച്ചൂടിൽ പാലക്കാട്, ഇന്ന് കൊട്ടിക്കലാശം; റോഡ് ഷോകളുമായി മുന്നണികൾ

(www.kl14onlinenews.com)
(18-November -2024)

ആവേശച്ചൂടിൽ പാലക്കാട്, ഇന്ന് കൊട്ടിക്കലാശം; റോഡ് ഷോകളുമായി മുന്നണികൾ
ഉപതെരഞ്ഞെടുപ്പ്(Bypoll 2024) നടക്കാനിരിക്കുന്ന പാലക്കാട്(Palakkad) ഇന്ന് കൊട്ടിക്കലാശം(kottikalasam). മുന്നണികൾ റോഡ്ഷോകൾ നടത്തും. വൈകിട്ട് 6 മണി വരെയാണ് പരസ്യ പ്രചാരണം നടത്താനുള്ള സമയം. 27 ദിവസം നീണ്ടുനിന്ന പ്രചാരണമാണ് ഇന്ന് അവസാനിക്കുന്നത്.

യുഡിഎഫിന്റെ രാഹുൽ മാങ്കൂട്ടത്തിൽ, എൽഡിഎഫ് സ്വതന്ത്രൻ ഡോ പി സരിൻ, എൻഡിഎയുടെ സി കൃഷ്ണകുമാർ എന്നിവർ തമ്മിലാണ് ഇത്തവണ പോരാട്ടം.

യു.ഡി.എഫ്, എൽ.ഡി.എഫ്, ബി.ജെ.പി പ്രവർത്തകരും മറ്റുള്ളവരും ചേർന്ന് പരസ്യപ്രചാരണത്തിന് ആവേശകരമായ അന്ത്യം കുറിയ്ക്കും. പ്രവർത്തകർ വ്യത്യസ്ത വഴികളിലൂടെയെത്തി സ്റ്റേഡിയം സ്റ്റാന്‍ഡില്‍ കലാശക്കൊട്ടിന്റെ ഭാഗമാവും. കൽപ്പാത്തി രഥോത്സവം നടക്കുന്നതിനാലായിരുന്നു പാലക്കാട്‌ നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ്‌ ഈ മാസം 20 ലേക്ക്‌ മാറ്റിയത്‌.

യു.ഡി.എഫിന്റെ കലാശക്കൊട്ട് ഒലവക്കോട് നിന്ന് ആരംഭിക്കും. എല്‍.ഡി.എഫിന്റെ കലാശക്കൊട്ട് വിക്ടോറിയ കോളജിനോട് ചേര്‍ന്നുള്ള ഇന്‍ഡോര്‍ സ്റ്റേഡിയം പരിസരത്തു നിന്നാണ് തുടങ്ങുന്നത്. എന്‍.ഡി.എ സ്ഥാനാര്‍ഥിയുടെ കലാശക്കൊട്ട് മേലാമുറിയില്‍ നിന്ന് ആരംഭിക്കും. പ്രചാരണത്തിന്റെ തുടക്കം മുതൽ ഓരോ വോട്ടർമാരെയും നേരിൽകണ്ട്‌ വോട്ടുറപ്പിച്ച ആത്മവിശ്വാസത്തിലാണ്‌ സ്ഥാനാർഥികൾ.

എല്ലാവരും മാതൃക പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന്‌ കലക്ട്ർ ഡോ. എസ്‌ ചിത്ര അറിയിച്ചു. നിശബ്ദ് പ്രചരണം അനുവദനീയമായ അവസാന 48 മണിക്കൂറിൽ നിയമവിരുദ്ധമായി ആളുകൾ കൂട്ടം ചേരുകയോ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയോ ചെയ്യാൻപാടില്ല.

ഉച്ചഭാഷിണികൾ ഉപയോഗിക്കരുത്‌. ജാഥകളും പ്രകടനങ്ങളും സംഘടിപ്പിക്കരുത്‌. തെരഞ്ഞെടുപ്പ്‌ ഫലത്തെ സ്വാധീനിക്കാനിടയുള്ള ഒരു തരത്തിലുള്ള പ്രദർശനവും (ബൾക്ക്‌ എസ്‌എംഎസ്‌, വോയിസ്‌ മെസേജുകൾ, സിനിമ, ടെലിവിഷൻ പരിപാടികൾ, പരസ്യങ്ങൾ, സംഗീതപരിപാടികൾ, നാടകങ്ങൾ, എക്‌സിറ്റ്‌ പോൾ) അനുവദിക്കില്ല.

Post a Comment

Previous Post Next Post