സീ പ്ലെയിന്‍ പദ്ധതി: മത്സ്യബന്ധന മേഖലയില്‍ അനുവദിക്കില്ലെന്ന് സിപിഐ

(www.kl14onlinenews.com)
(12-November -2024)

സീ പ്ലെയിന്‍ പദ്ധതി: മത്സ്യബന്ധന മേഖലയില്‍ അനുവദിക്കില്ലെന്ന് സിപിഐ
ആലപ്പുഴ:
സംസ്ഥാന സർക്കാർ ആരംഭിച്ച സീപ്ലെയിൻ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് സിപിഐ. സീ പ്ലെയിന്‍ പദ്ധതി സംബന്ധിച്ച മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് പറഞ്ഞു. പദ്ധതി കായലിലേക്ക് വ്യാപിപ്പിച്ചാൽ എതിർക്കുമെന്നും കഴിഞ്ഞ തവണത്തേക്കാൾ ശക്തമായ സമരമുണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

മത്സ്യബന്ധന മേഖലയില്‍ പദ്ധതി അനുവദിക്കില്ലെന്നും വിമാനത്താവളങ്ങളിലും ഡാമുകളിലും പദ്ധതി നടത്തുന്നതില്‍ എതിര്‍പ്പില്ലെന്നും ടി ജെ ആഞ്ചലോസ് വ്യക്തമാക്കി. ഈ മാസം 20ന് വിഷയം ചർച്ച ചെയ്യാൻ മത്സ്യത്തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി ചേരും.

കഴിഞ്ഞ ദിവസം പി പി ചിത്തരഞ്ജൻ എംഎൽഎയും പദ്ധതിക്കെതിരെ രംഗത്തുവന്നിരുന്നു. പദ്ധതി ഏതെങ്കിലും രീതിയിൽ മത്സ്യത്തൊഴിലാളികളെ ബാധിച്ചാൽ എതിർക്കുമെന്നായിരുന്നു 2013ൽ പദ്ധതിക്കെതിരെ മുൻനിര സമരം ചെയ്ത ചിത്തരഞ്ജൻ്റെ വാദം. സീപ്ലെയിൻ ആലപ്പുഴയുടെ അടിയന്തിരാവശ്യമല്ലെന്നും അതുകൊണ്ട് ആലപ്പുഴയിലേക്ക് സ്വാഗതം ചെയ്യുന്നില്ലെന്നും ചിത്തരഞ്ജൻ പറഞ്ഞിരുന്നു. മത്സ്യത്തൊഴിലാളികൾക്ക് ദോഷകരമല്ലാത്ത വിധത്തിൽ ആണെങ്കിൽ പദ്ധതി അംഗീകരിക്കും. ദോഷകരമാകുമെങ്കിൽ പഴയ നിലപാടിൽ മാറ്റമില്ല. സീപ്ലെയിൻ പദ്ധതി എല്ലാവരുമായി ചർച്ച ചെയ്യുമെന്ന മന്ത്രിയുടെ നിലപാട് സ്വാഗതം ചെയ്യുന്നുവെന്നും യുഡിഎഫിന്റെ കാലത്ത് ഈ ചർച്ചയേ ഉണ്ടായിട്ടില്ലെന്നും ചിത്തരഞ്ജൻ കൂട്ടിച്ചേർത്തു

കുറച്ചു പേരുടെ സഞ്ചാരത്തിനായി ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ജീവിതം വഴിമുട്ടും. അതുകൊണ്ടാണ് മത്സ്യബന്ധന മേഖലയില്‍ ഇതു വേണ്ട എന്നുള്ള നിലപാട് സ്വീകരിക്കുന്നത്. ആ നിലപാടില്‍ യാതൊരു മാറ്റവുമില്ല. എയര്‍പോര്‍ട്ടില്‍ നിന്ന് ഡാമുകളിലേക്കും ഡാമുകളില്‍ നിന്ന് എയര്‍പോര്‍ട്ടുകളിലേക്കും എന്ന നിലയിലാണ് പദ്ധതി ആദ്യം വന്നത്. അത് ഞങ്ങളെ ബാധിക്കുന്ന വിഷയമല്ല." ടി ജെ ആഞ്ചലോസ് വ്യക്തമാക്കി.

2013ല്‍പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചത് മത്സ്യ ബന്ധന മേഖലയിലാണെന്നും അന്ന് പ്രതിഷേധിച്ചത് ഫിഷറീസ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ ഒന്നിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. 20 തീയതി ഫിഷറീസ് കോര്‍ഡിനേഷന്‍ കമ്മറ്റി യോഗം ചേര്‍ന്ന് നിലപാട് അറിയിക്കുമെന്നും ആഞ്ചലോസ് പറഞ്ഞു. പദ്ധതിയുമായി മുന്നോട്ടുപോയാല്‍ സമരപരിപാടികളിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.ഇടതുപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് 2013ല്‍ സീപ്ലെയിന്‍ ആലപ്പുഴ പുന്നമടക്കായലില്‍ ഇറക്കാന്‍ ആയില്ല. മത്സ്യബന്ധന മേഖലയില്‍ പദ്ധതി നടപ്പിലാക്കിയാല്‍ എതിര്‍ക്കുമെന്ന് സിഐടിയുവും വ്യക്തമാക്കിയിട്ടുണ്ട്.

പ്ലെയിനിന്‍റെ ആദ്യ പറക്കൽ മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി ശിവൻകുട്ടി, പി രാജീവ് എന്നിവർ ചേർന്ന് കഴിഞ്ഞ ദിവസമാണ് ഫ്ലാഗ് ഓഫ് ചെയ്തത്. പത്ത് മിനിറ്റ് നേരം മന്ത്രിമാരുമായി ആകാശത്ത് പറന്ന ശേഷം വിമാനം പിന്നീട് മാട്ടുപ്പെട്ടിയിൽ സുരക്ഷിതമായി എത്തി. മാട്ടുപ്പെട്ടി ഡാമിൽ ലാൻഡ് ചെയ്ത വിമാനത്തിന് വലിയ സ്വീകരണമാണ് മന്ത്രി റോഷി അഗസ്റ്റിന്‍റെ നേതൃത്വത്തിൽ ഒരുക്കിയിരുന്നത്. വിമാനത്തിന്റെ പ്രവർത്തനവും റൂട്ടും മറ്റും വരുംദിവസങ്ങളിൽ തീരുമാനിക്കും.

Post a Comment

أحدث أقدم