തെങ്ങിൻ മുകളിൽ നിന്ന് കുരങ്ങിന്റെ കരിക്കേറ്; കർഷകന് ഗുരുതര പരിക്ക്

(www.kl14onlinenews.com)
(09-November -2024)

തെങ്ങിൻ മുകളിൽ നിന്ന് കുരങ്ങിന്റെ കരിക്കേറ്; കർഷകന് ഗുരുതര പരിക്ക്

കോഴിക്കോട്: തെങ്ങിൻ മുകളിൽ നിന്നുള്ള കുരങ്ങിന്റെ കരിക്കേറിൽ കർഷകന് ഗുരുതര പരിക്ക്. കോഴിക്കോട് ജില്ലയിലെ താമരശേരിയിലാണ് സംഭവം. താമരശ്ശേരി കട്ടിപ്പാറ സ്വദേശി രാജു ജോൺ എന്ന കർഷകനാണ് പരിക്കേറ്റത്. കർഷകന് നേരെ കുരങ്ങ് കരിക്ക് പിഴുതെറിയുകയായിരുന്നു. തലയ്ക്കും മുഖത്തുമാണ് പരിക്കേറ്റത്.

കട്ടിപ്പാറ തുരുത്തി പള്ളിക്ക് സമീപമാണ് സംഭവം. വീടിന് പിറക് വശത്തെ തെങ്ങിൻ തോപ്പിൽ വെച്ച് തെങ്ങിൻ മുകളിൽ നിന്ന് കുരങ്ങ് കരിക്ക് പിഴുത് എറിയുകയായിരുന്നു. പരിക്കേറ്റ രാജു നിലവിൽ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണെന്ന് കർഷകർ പറഞ്ഞു. കുരങ്ങ്, കാട്ടുപ്പന്നി എന്നിവയുടെ ശല്യം കാരണം ഒന്നും കൃഷിചെയ്യാൻ പറ്റാത്ത സ്ഥിതിയാണെന്ന് കർഷകർ പറയുന്നു. കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളായ കട്ടിപ്പാറ, താമരശേരി, കുറ്റ്യാടി, ഈങ്ങാപ്പുഴ, കൊടിയത്തൂർ, തൊട്ടിൽപ്പാലം എന്നിവടങ്ങളിലെല്ലാം വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്

Post a Comment

أحدث أقدم