പാചകവാതക വില വീണ്ടും കൂട്ടി; വാണിജ്യ സിലിണ്ടറിന്റെ വില രണ്ടായിരത്തിലേക്ക്

(www.kl14onlinenews.com)
(01-November -2024)

പാചകവാതക വില വീണ്ടും കൂട്ടി; വാണിജ്യ സിലിണ്ടറിന്റെ വില രണ്ടായിരത്തിലേക്ക്

ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി എണ്ണക്കമ്പനികൾ. വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വിലയാണ് വർധിപ്പിച്ചത്. 19 കിലോയുടെ സിലിണ്ടറിന് 61.50 രൂപയാണ് കൂട്ടിയത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ കൊച്ചിയിലെ വില 1810.50 ആയി ഉയർന്നു. നേരത്തെ 1749 രൂപയായിരുന്നു ഒരു സിലിണ്ടറിന്റെ വില.

ചെറുകിട കടകളിൽ ഉപയോഗിക്കുന്ന അഞ്ച് കിലോയുടെ മിനി പാചകവാതക സിലിണ്ടറിനും വില വർധിപ്പിച്ചിട്ടുണ്ട്. 15 രൂപയാണ് മിനി സിലിണ്ടറിന് ഉയർത്തിയിട്ടുള്ളത്. എന്നാൽ 14.2 കിലോയുടെ സിലിണ്ടർ വിലയിൽ മാറ്റമില്ല. വിലവർധന നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും കമ്പനികൾ അറിയിച്ചു.

ഇതു തുടർച്ചയായ നാലാം മാസമാണ് വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില വർധിപ്പിക്കുന്നത്. കഴിഞ്ഞ 92 ദിവസത്തിനിടെ പാചകവാതക വിലയിൽ 158.50 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം ആദ്യം പാചകവാതക വിലയിൽ 48.50 രൂപയുടെ വർധന വരുത്തിയിരുന്നു. അതിനു മുമ്പ് സെപ്റ്റംബർ ആദ്യം 39 രൂപയുടെയും ഓഗസ്റ്റ് ആദ്യം 8.50 രൂപയുടെയും വർധനവ് നടപ്പാക്കിയിരുന്നു.

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലവർധനവ് വൻവിലക്കയറ്റത്തിന് കാരണമാകുമെന്നാണ് കരുതുന്നത്. സിലിണ്ടർ വില ആദ്യമായി 2000 കടക്കുമെന്നും ഏറെക്കുറേ ഉറപ്പായിരിക്കുകയാണ്. ഇന്നത്തെ വിലവർധനയോടെ ചെന്നൈയിൽ പാചകവാതക വില 1964.50 രൂപയായി ഉയരും. കൊൽക്കത്തയിൽ 1911.50 രൂപയായും മുംബൈയിൽ 1754.50 രൂപയായും ആകും വിലവർധനവ് നടപ്പിലാകുക.

Post a Comment

Previous Post Next Post