(www.kl14onlinenews.com)
(12-October -2024)
കൊല്ലം: ഓച്ചിറ ക്ഷേത്രത്തിലെ കാളകെട്ട് ഉത്സവത്തിനായി തയാറാക്കിയ കെട്ടുകാള നിലംപതിച്ചു. 72 അടി ഉയരമുള്ള കെട്ടുകാളയാണ് ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനിടെ നിലംപതിച്ചത്. ഇരുപത്തിയെട്ടാം ഉത്സവത്തോടനുബന്ധിച്ചാണ് ക്ഷേത്രത്തിൽ കാളകെട്ട് ഉത്സവം നടത്തുന്നത്.
ഒരു കരക്കാരുടെ കാലഭൈരവൻ എന്ന കെട്ടുകാളയാണ് മറിഞ്ഞുവീണത്.
ഇരുമ്പടക്കം ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടുകാളയ്ക്ക് വലിയ ഭാരമുണ്ട്. രൂപത്തെ ക്രെയിനിന്റെ സഹായത്തോടെയാണ് ക്ഷേത്രത്തിലേക്ക് എത്തിക്കുന്നത്. ഇതിനിടെയാണ് അപകടം ഉണ്ടായത്.ആദ്യം ഒന്ന് ചെരിഞ്ഞപ്പോൾ ക്രെയിൻ സഹായത്തോടെ ഉയർത്താൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം.
വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ ക്ഷേത്രഭരണസമിതി കെട്ടുകാളകൾക്ക് ക്രമനമ്പരുകൾ നൽകിയിട്ടുണ്ട്. മറിഞ്ഞ കെട്ടുകാള കാലഭൈരവന്റെ ശിരസ്സിനുമാത്രം 17.75 അടി പൊക്കമുണ്ട്. 20 ടൺ ഇരുമ്പ്, 26 ടൺ വൈക്കോൽ എന്നിവകൊണ്ടു നിർമിച്ച കാലഭൈരവന്റെ നെറ്റിപ്പട്ടത്തിന് 32 അടി നീളമുണ്ട്.
സംഭവം കാണാൻ നിരവധിപേരാണ് തടിച്ചുകൂടിയിരുന്നത്. ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനിടെ കെട്ടുകാള മറിയുന്നത് കണ്ട് സമീപത്ത് നിന്ന് ആളുകളെ വേഗത്തിൽ മാറ്റുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.
Post a Comment