(www.kl14onlinenews.com)
(29-October -2024)
വീണ്ടും റെക്കോഡ് കുതിപ്പ്: സ്വര്‍ണവില
വീണ്ടും റെക്കോഡ് ഉയരം കുറിച്ച് സ്വർണ വില. ഇതാദ്യമായി പവന്റെ വില 59,000 രൂപയിലെത്തി. 480 രൂപയാണ് ചൊവാഴ്ച കൂടിയത്. ഒരുഗ്രാം സ്വർണത്തിന്റെ വിലയാകട്ടെ 7,375 രൂപയുമായി.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 78,800 രൂപയാണ്. ഡോളറിന്റെ മൂല്യ വർധനവാണ് ഇപ്പോഴത്തെ വില വർധനവിന്റെ പ്രധാന കാരണം.
ദീപാവലി അടുത്തതോടെ സ്വർണത്തിന് ഡിമാന്റ് കൂടാനാണ് സാധ്യത. ആഭ്യന്തര വിപണിയിൽ വരുംദിവസങ്ങളിൽ അതിന്റെ പ്രതിഫലനം ഉണ്ടാകും.
10 മാസം കൂടിയത് 14,000 രൂപ
വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ തുടർച്ചയായി സ്വർണം വാങ്ങുന്നത്, യുഎസിലെ ഫെഡറൽ അടക്കമുള്ള കേന്ദ്ര ബാങ്കുകൾ അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുന്നത്, രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം, ചൈനീസ് കേന്ദ്ര ബാങ്കിന്‍റെ സമീപകാല സാമ്പത്തിക പരിഷ്കാര നടപടികൾ മുതൽ അമേരിക്കയിൽ നടക്കുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് വരെ സ്വർണ വില വർധനയ്ക്ക് കാരണമായിട്ടുണ്ട്.
2024 ന്‍റെ ആരംഭത്തിൽ 2,063.73 ഡോളറിലായിരുന്നു രാജ്യാന്തര വിപണിയിൽ സ്വർണവില. ഒക്ടോബറില്‍ ഇത് 2,758 ഡോളർ വരെ ഉയർന്നു. 10 മാസത്തിനിടെ 33 ശതമാനത്തിന്‍റെ വർധന. കേരളത്തിൽ ജനുവരിയിൽ 46,520 രൂപയിലുണ്ടായിരുന്ന സ്വർണ വില ഫെബ്രുവരിയിൽ മാത്രമാണ് ഒന്ന് താഴേക്ക് പോയത്. 45,520 രൂപയിലെത്തിയതിന് ശേഷം പിന്നീട് കുതിപ്പായിരുന്നു. ശനിയാഴ്ചയിലെ 58,880 രൂപ പ്രകാരം 10 മാസത്തിനിടെ 14,000 രൂപയിലധികം വില വർധനവുണ്ടായി.
പലിശ കുറയുന്നു സ്വര്‍ണം ഉയരുന്നു
പണപ്പെരുപ്പം കുറയുന്നതും സമ്പദ്‍വ്യവസ്ഥ ആരോഗ്യകരമാകുന്നതും കാരണം 2024-ൽ യുഎസ് ഫെഡറൽ റിസർവ് മൂന്ന് തവണെങ്കിലും അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്ന കണക്കുകൂട്ടലിലാണ് ആദ്യമാസങ്ങളിൽ സ്വർണ വില കുതിച്ചത്. സെപ്റ്റംബർ മാസത്തിൽ നടന്ന ഫെഡ് യോഗത്തിൽ അപ്രതീക്ഷിതമായി അരശതമാനം നിരക്ക് കുറച്ചതോടെ സ്വർണ വിലയിൽ വലിയ മുന്നേറ്റമുണ്ടായി. പലിശ കുറയുമ്പോൾ ഡോളറിലും ബോണ്ട് യീൽഡും താഴുകയും ഈ നിക്ഷേപങ്ങൾ സ്വർണത്തിലേക്ക് എത്തുകയും ചെയ്യും. ഇതാണ് വില വർധിപ്പിക്കുന്നത്
യുഎസിലെ പലിശ നിരക്ക് 4.75-5 ശതമാനം പരിധിയിലാണ്. നവംബറിൽ നടക്കാനിരിക്കുന്ന യോഗത്തിൽ കാൽ ശതമാനത്തിന്‍റെ കുറവാണ് പലിശ നിരക്കില്‍ വിപണി പ്രതീക്ഷിക്കുന്നത്. ഇതിനോടൊപ്പം ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടക്കമുള്ള ബാങ്കുകളും വരുന്ന മാസത്തിൽ പലിശ നിരക്ക് കുറച്ചേക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വില വർധനയ്ക്ക് കാരണമാകുന്നതിനാൽ സ്വർണത്തിന് തിരിച്ചടിയാണ്.
Post a Comment