സ്വർണവില കുതിക്കുന്നു, ഇന്നും ​റെക്കോഡ് തകർത്തു,പവന് 56,960 രൂപയായി

(www.kl14onlinenews.com)
(04-October -2024)

സ്വർണവില കുതിക്കുന്നു, ഇന്നും ​റെക്കോഡ് തകർത്തു,പവന് 56,960 രൂപയായി
കൊച്ചി: ഇറാൻ -ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയരങ്ങളിലേക്ക് കുതിക്കുന്നു. കേരളത്തിൽ ഇന്ന് പുതിയ ​റെക്കോഡ് കുറിച്ച് സ്വർണത്തിന് പവന് 56,960 രൂപയായി. ഗ്രാമിന് 7,120 രൂപയാണ് ഇന്നത്തെ വില. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കൂടിയത്.

കഴിഞ്ഞദിവസം ഇറാൻ ഇസ്രായേലിലേക്ക് ബാലിസ്റ്റിക് മിസൈൽ അയച്ചതോടെ മേഖലയിൽ സംഘർഷസാധ്യത വർധിച്ചിരുന്നു. ഇറാനിലെ എണ്ണ സംസ്കരണകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ പ്രത്യാക്രമണം നടത്തിയേക്കുമെന്ന ആശങ്ക നിലനിൽക്കുകയാണ്. അങ്ങനെ വന്നാൽ കനത്ത തിരിച്ചടി ഇസ്രായേൽ നേരിടേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇത് എണ്ണവിപണിയെ ഗുരുതരമായി ബാധിക്കുകയും സാമ്പത്തികരംഗത്തെ കാര്യമായി സ്വാധീനിക്കുകയും ചെയ്യുമെന്നതിനാൽ ഓഹരിവിപണിയിൽ വൻ തകർച്ച സൃഷ്ടിച്ചിട്ടുണ്ട്. സ്വർണത്തിനും എണ്ണയ്ക്കും വില വർധിക്കാൻ സംംഘർഷം കാരണമാകും.

ഇന്നലെ ഗ്രാമിന് 10 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന് 56,880 രൂപയും ഒരു ഗ്രാമിന് 7110 രൂപയുമായിരുന്നു വില. കഴിഞ്ഞയാഴ്ച 56,800 രൂപയിൽ പുതിയ ഉയരം കുറിച്ചിരുന്നു. പിന്നീട് മൂന്നുദിവസം കൊണ്ട് 400 രൂപ ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് അധികം വൈകാതെ 57,000 രൂപയായി വർധിക്കുമെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തൽ. ഈ വർഷാവസാനത്തോടെ സ്വർണവില പുതിയ ഉയരങ്ങളിലെത്താനും സാധ്യതയുണ്ട്.

2024 ഡിസംബറോടെ സ്വർണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജൻസിയായ ഫിച്ച് സൊല്യൂഷന്റെ വിലയിരുത്തൽ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം സ്വർണവിലയിൽ 29 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്.

വലിയ കയറ്റിറക്കങ്ങളാണ് സെപ്റ്റംബർ മാസം ഉണ്ടായത്. മാസത്തെ ആദ്യ ആഴ്ച പരിശോധിച്ചാൽ സെപ്റ്റംബർ 5 വരെ രേഖപ്പെടുത്തിയ ട്രെൻ്റ് ഇടിവായിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് സ്വർണ വില താഴേയ്ക്കിറങ്ങിയിട്ടില്ല. നേരിയ തോതിൽ വ്യത്യസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും സെപ്റ്റംബർ 2 മുതൽ 5 വരെയാണ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത്. എന്നാൽ അവസാന ആഴ്ചകളിലേയ്ക്കെത്തുമ്പോൾ മാസത്തെ ഏറ്റവും നിരക്കാണ് സ്വർണം രേഖപ്പെടുത്തിയത്.

ഒക്ടോബർ മാസത്തെ സ്വർണവില (പവനിൽ)

ഒക്ടോബർ 1: 56,400

ഒക്ടോബർ 2: 56,800

ഒക്ടോബർ 3: 56,880

സ്വർണത്തിന്‍റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്‍റെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.

Post a Comment

Previous Post Next Post