(www.kl14onlinenews.com)
(17-October -2024)
ബെംഗളൂരു ടെസ്റ്റിൽ നാണംകെട്ട് ഇന്ത്യ; 46 റണ്‍സിന് ഓള്‍ഔട്ട്,
ബാംഗ്ലൂർ :
ന്യൂസിലന്‍ഡിന് എതിരായ ബെംഗളൂരു ടെസ്റ്റില്‍ ഒന്നാം ഇന്നിങ്സില്‍ 46 റണ്‍സിന് തകര്‍ന്നടിഞ്ഞ് ഇന്ത്യ. ഇന്ത്യന്‍ നിരയില്‍ രണ്ട് താരങ്ങള്‍ മാത്രമാണ് സ്കോര്‍ രണ്ടക്കം കടത്തിയത്. 49 പന്തില്‍ നിന്ന് 20 റണ്‍സ് എടുത്ത ഋഷഭ് പന്ത് ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. യശസ്വി ജയ്സ്വാള്‍ 63 പന്തില്‍ നിന്ന് 13 റണ്‍സ് നേടി. മാറ്റ് ഹെന്റി അഞ്ച് വിക്കറ്റും വില്‍ നാല് വിക്കറ്റും പിഴുതു.
ഇന്ത്യയുടെ ടെസ്റ്റിലെ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ ടോട്ടലാണ് ഇത്. അഞ്ച് താരങ്ങളാണ് ഇന്ത്യന്‍ നിരയില്‍ പൂജ്യത്തിന് പുറത്തായത്. മൂന്ന് സ്പെഷ്യലിസ്റ്റ് പേസര്‍മാരുടെ കൈകളിലേക്ക് മാത്രം പന്ത് നല്‍കിയാണ് ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ഇന്ത്യന്‍ ഇന്നിങ്സ് തകര്‍ത്തത്. 9 പന്തില്‍ കോലിയും മൂന്ന് പന്തില്‍ സര്‍ഫറാസ് ഖാനും ആറ് വീതം പന്തില്‍ രവീന്ദ്ര ജഡേജയും ആര്‍ അശ്വിനുമാണ് പൂജ്യത്തിന് പുറത്തായത്.
ഇന്ത്യന്‍ ഇന്നിങ്സിന്റെ ഏഴാമത്തെ ഓവറിലെ നാലാത്തെ പന്തില്‍ രോഹിത് ശര്‍മയെ മടക്കി ഹെന്റിയാണ് ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ സ്കോര്‍ 7 ഓവറില്‍ 9 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് രോഹിത് ശര്‍മ മടങ്ങിയത്. പിന്നാലെ വണ്‍ഡൗണായി ഇറങ്ങിയ കോലിയെ വില്ലും സര്‍ഫറാസ് ഖാനെ ഹെന്റിയും കൂടാരം കയറ്റി
വില്ലിന്റെ ഗുഡ് ലെങ്ത് ഡെലിവറിയില്‍ വന്ന എക്സ്ട്രാ ബൗണ്‍സ് കോലിയുടെ കടക്കുകൂട്ടല്‍ തെറ്റിച്ചു. ഷോര്‍ട്ട് ലെഗ്ഗില്‍ ഫിലിപ്സിന് ക്യാച്ച് നല്‍കിയാണ് കോലി ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്. ഓഫ് സ്റ്റംപിന് പുറത്തായി എത്തിയ ഡെലിവറിയില്‍ ഡ്രൈവിന് ശ്രമിക്കുകയായിരുന്നു സര്‍ഫറാസ് ഖാന്‍. എന്നാല്‍ ഷോര്‍ട്ട് മിഡ് ഓഫില്‍ കോണ്‍വേയ്ക്ക് ക്യാച്ച് നല്‍കി മടങ്ങി. ഇതോടെ 13-3ലേക്ക് ഇന്ത്യ വീണു.
ഹെന്റിയുടെ പന്തില്‍ ഔട്ട്സൈഡ് എഡ്ജ് ആയി സെക്കന്‍ഡ് സ്ലിപ്പില്‍ ടോം ലാതമിന് ക്യാച്ച് നല്‍കിയാണ് ഋഷഭ് പന്ത് മടങ്ങിയത്. കെ.എല്‍.രാഹുലിനെ വില്ലും ജഡേജയെ ഹെന്റിയും മടക്കിയതിന് പിന്നാലെ ഇന്ത്യന്‍ വാലറ്റത്തെ അനായാസം കൂടാരം കയറ്റാന്‍ ന്യൂസിലന്‍ഡ് ഫാസ്റ്റ് ബൗളര്‍മാര്‍ക്കായി.
Post a Comment