25 ലക്ഷം രൂപയ്ക്ക് മുസ്ലിംലീ​ഗിന് സീറ്റ് വിറ്റു; സി.പിഐക്കെതിരെ ആരോപണവുമായി പി.വി അൻവർ

(www.kl14onlinenews.com)
(14-October -2024)

25 ലക്ഷം രൂപയ്ക്ക് മുസ്ലിംലീ​ഗിന് സീറ്റ് വിറ്റു; സി.പിഐക്കെതിരെ ആരോപണവുമായി പി.വി അൻവർ
തിരഞ്ഞെടുപ്പിൽ സീറ്റ് വിറ്റുവെന്ന ആരോപണവുമായി പി.വി അൻവർ എം.എൽ.എ. സി.പി.ഐ.ക്കെതിരെയാണ് അൻവറിൻ്റെ സീറ്റ് കച്ചവട ആരോപണം. ഏറനാട് സീറ്റ് കച്ചവടം നടത്തിയ പാര്‍ട്ടിയാണ് ബിനോയ് വിശ്വത്തിന്റെ സി.പി.ഐ എന്ന് അന്‍വര്‍ പറഞ്ഞു. സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന വെളിയം ഭാര്‍ഗവനാണ് സീറ്റ് വിറ്റതെന്നും അദ്ദേഹം ആരോപിച്ചു.

സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തനിക്കെതിരെ നടത്തിയ പ്രസ്താവനകള്‍ക്കുള്ള മറുപടിയായി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് പി.വി അന്‍വർ ആരോപണവുമായി രംഗത്തെത്തിയത്.

2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.ഐ. സീറ്റ് കച്ചവടം നടത്തിയെന്നാണ് അൻവർ ആരോപിച്ചത്. 25 ലക്ഷം രൂപയ്ക്ക് ഏറനാട് സീറ്റ് സി.പി.ഐ. മുസ്ലിം ലീ​ഗിന് വിറ്റു. സീറ്റ് ധാരണയ്ക്കായി ലീ​ഗ് നേതാവ് യൂനുസ് കുഞ്ഞ് സമീപിച്ചത് വെളിയം ഭാർ​ഗവനെയാണെന്നും അൻവർ ആരോപിച്ചു. സി.പി.ഐ. നേതാക്കൾ കാട്ടുകള്ളന്മാരാണെന്നും തുറന്ന ചർച്ചയ്ക്ക് വെല്ലുവിളിക്കുന്നുവെന്നും അൻവർ പറഞ്ഞു

സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ചുനടന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ സിപിഐയുടെ ജില്ലാ കമ്മിറ്റി നിര്‍ദ്ദേശിച്ചത് പ്രകാരം 50രൂപയുടെ സ്റ്റാമ്പ് പേപ്പറുമായി വരാനാണ് തന്നോട് പറഞ്ഞിരുന്നത്. സി.പിഐയുടെ ഭാഗമായി നില്‍ക്കുമെന്നും നിലപാടില്‍ മാറ്റമുണ്ടാവില്ലെന്നും മുദ്രപത്രത്തില്‍ എഴുതി ഒപ്പിടുവിക്കുവാനായിരുന്നു തീരുമാനം. പിന്നീട് അന്നത്തെ സെക്രട്ടറി വെളിയം ഭാര്‍ഗവന്റെ ഇടപെടല്‍ ഉണ്ടായെന്നും അതിനുശേഷമാണ് സ്ഥാനാര്‍ഥിത്വം മാറ്റി പ്രഖ്യാപിക്കപ്പെട്ടതെന്നും അൻവർ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ 49000 വോട്ട് നേടി താന്‍ രണ്ടാമതെത്തിയെങ്കിലും സിപിഐ സ്ഥാനാര്‍ഥിക്ക് 2300 വോട്ടുമാത്രമാണ് ലഭിച്ചതെന്നും കെട്ടിവെച്ച കാശ് പോയെന്നും പി.വി അന്‍വര്‍ പറഞ്ഞു. വെളിയം ഭാര്‍ഗവനെ കൊല്ലത്ത് സ്വാധീനിച്ചത് മുസ്ലീം ലീഗാണെന്നും ലീഗ് നേതാവ് യൂനുസ് കുഞ്ഞ് വഴി 25 ലക്ഷം രൂപയാണ് പാര്‍ട്ടി ഫണ്ടിലേക്ക് നല്‍കിയതെന്നും അന്‍വര്‍ ആരോപിച്ചു.

പാര്‍ട്ടി ഫണ്ട് കൊടുക്കാത്തതിനാലാണ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാതിരുന്നത് എന്ന് അക്കാലത്തുതന്നെ താന്‍ പരസ്യമായി പ്രതികരിച്ചതാണെന്നും അൻവർ പറഞ്ഞു. ശേഷം വെളിയം ഭാര്‍ഗവന്‍ തനിക്കെതിരെ മാനനഷ്ടത്തിന് കേസുകൊടുക്കുകയുമുണ്ടായി. മറുപടി തെളിവുകള്‍ സഹിതം നിയമപരമായി കൊടുത്തെങ്കിലും പിന്നെയൊരു അനക്കവും സി.പിഐയില്‍ നിന്നും ഉണ്ടായിട്ടില്ലെന്നും പി.വി അന്‍വര്‍ പറഞ്ഞു.

Post a Comment

أحدث أقدم