മംഗ്ലൂരിൽ കാണാതായ പ്രമുഖ വ്യവസായിയുടെ മൃതദേഹം നദിയിൽ കണ്ടെത്തി; ആത്മഹത്യയാണെന്ന് നിഗമനം

(www.kl14onlinenews.com)
(07-October -2024)

മംഗ്ലൂരിൽ കാണാതായ പ്രമുഖ വ്യവസായിയുടെ മൃതദേഹം നദിയിൽ കണ്ടെത്തി; ആത്മഹത്യയാണെന്ന് നിഗമനം
മംഗളൂരു: മംഗളൂരു: കാണാതായ പ്രമുഖ കയറ്റുമതി വ്യവസായി ബി.എം.മുംതാസ് അലിയുടെ (52) മൃതദേഹം കണ്ടെത്തി. കുളൂർ പാലത്തിന് സമീപം ഫാൽഗുനി നദിയിൽ നിന്ന് ഇന്ന രാവിലെയാണ് മൃതദേഹം കണ്ടെടുത്തത്. ഇന്നലെ ദേശീയപാത 66ലെ (കൊച്ചി– പൻവേൽ) കുളൂർ പാലത്തിനു മുകളിൽ അപകടത്തിൽപ്പെട്ട നിലയിൽ ഇദ്ദേഹത്തിന്റെ ആഡംബര കാർ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

മുംതാസ് അലിയുടെ മൊബൈൽ ഫോണും കാറിന്റെ താക്കോലും പാലത്തിനടുത്ത് നിന്ന് കണ്ടെത്തിയിരുന്നു. മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയുൾപ്പെട്ട സംഘവും എൻഡിആർഎഫും ചേർന്നാണ് തിരച്ചിൽ നടത്തിയത്. കോൺഗ്രസ് മുൻ എംഎൽഎ മൊഹിയൂദീൻ ബാവയുടെയും ജനതാദൾ (എസ്) മുൻ എംഎൽസി ബി.എം.ഫാറൂഖിന്റെയും സഹോദരനാണ് മരിച്ച മുംതാസ് അലി. മുംതാസ് അലി പാലത്തിൽ നിന്നു ഫാൽഗുനി പുഴയിലേക്ക് ചാടിയിരിക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് പ്രാഥമിക നിഗമനം. താൻ മടങ്ങിവരില്ലെന്ന് കുടുംബ വാട്സാപ് ഗ്രൂപ്പിൽ പുലർച്ചെ മുംതാസ് അലി സന്ദേശം അയച്ചിരുന്നു.

മുംതാസ് അലിയുടെ തിരോധാനം സംബന്ധിച്ച് ആറ് പേർക്കെതിരെ കാവൂർ കേസെടുത്തതായി പൊലീസ് കമ്മീഷണർ അനുപം അഗർവാൾ അറിയിച്ചു. മുംതാസ് അലിയുടെ സഹോദരൻ ഹൈദരലിയുടെ പരാതിയിൽ റെഹാമത്ത്, അബ്ദുൽ സത്താർ, ഷാഫി, മുസ്തഫ, സൊഹൈബ്, സിറാജ് എന്നിവർക്കെതിരെയാണ് കേസ്. ഒരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതികൾ മുംതാസ് അലിയിൽനിന്ന് 50 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി.

മിസ്ബാഹ് ഗ്രൂപ്പ് ഓഫ് എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ചെയര്‍മാനായ മുംതാസ് അലി പ്രാദേശിക ജമാഅത്തിലെ പ്രധാനി കൂടിയാണ്. പ്രാഥമിക അന്വേഷണത്തില്‍, പുലര്‍ച്ചെ മൂന്ന് മണിയോടെ വീട്ടില്‍ നിന്ന് കാറില്‍ പുറപ്പെട്ട ഇദ്ദേഹം, നഗരത്തില്‍ കറങ്ങിയിരുന്നതായും അഞ്ച് മണിയോടെ കുളൂര്‍ പാലത്തിന് സമീപം കാര്‍ നിര്‍ത്തിയതായും സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയത്.

Post a Comment

أحدث أقدم