(www.kl14onlinenews.com)
(07-October -2024)
എഡിജിപിക്കെതിരായ നടപടി ബിജെപിയെ സഹായിക്കാൻ, പാലക്കാട് എൽഡിഎഫ് വോട്ടുകൾ പോകുന്നത് ബിജെപിക്ക്: പി വി അൻവർ
തിരുവനന്തപുരം: എഡിജിപി എം ആർ അജിത്കുമാറിനെതിരെ സർക്കാർ സ്വീകരിച്ച നടപടി ബിജെപിയെ സഹായിക്കാനെന്ന് നിലമ്പൂർ എംഎൽഎ പി വി അൻവർ. മുഖ്യമന്ത്രിയും പാർട്ടിയും സ്വീകരിക്കുന്ന നിലപാട് ബിജെപിയെ സഹായിക്കാനാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും വോട്ട് ചോർച്ചയുണ്ടാകുന്നുണ്ടെന്നും ഇത് ബിജെപിയെയാണ് സഹായിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പാലക്കാട് എൽഡിഎഫിൽ നിന്നും കഴിഞ്ഞ കുറച്ചുകാലങ്ങൾക്കുള്ളിൽ വലിയ രീതിയിൽ വോട്ട് ചോർച്ചയുണ്ടായി. ഈ വോട്ടുകൾ പോയത് ബിജെപിക്കാണ്. കണ്ണൂരിൽ മുഖ്യമന്ത്രിയുടെ മണ്ഡലത്തിലടക്കം വോട്ട് ചോർച്ചയുണ്ടാകുന്നുണ്ടെന്നും പി വി അൻവർ കൂട്ടിച്ചേർത്തു
കുറച്ചു കാലത്തിനുള്ളിൽ പാലക്കാട് എൽഡിഎഫിന് ഇരുപതിനായിരം വോട്ടുകൾ കുറഞ്ഞു. എൽഡിഎഫ് വോട്ടുകളാണ് കുറഞ്ഞുവന്നത്. യുഡിഎഫ് വോട്ടുകൾ കുറഞ്ഞിട്ടില്ല. ബിജെപിയുടെ വോട്ട് കൂടുകയും ചെയ്തു. പാലക്കാട് വലിയ വിഭാഗീയതകൾ ഒന്നും ഉണ്ടാകാതെ എങ്ങനെയാണ് എൽഡിഎഫിന് വോട്ട് കുറഞ്ഞതെന്നും എംഎൽഎ ആരോപിച്ചു.
വാർത്താ സമ്മേളനത്തിൽ കെ ടി ജലീലിനേയും അദ്ദേഹം വിമർശിച്ചു. കെ ടി ജലീലിന് എന്തോ മധുരം കിട്ടിയിട്ടുണ്ട്. അത് ഇരട്ടി മധുരം ആണോ എന്നാണ് സംശയം. കെ ടി ജലീലിന്റെ ലക്ഷ്യം രാജ്യസഭാ സീറ്റ് ആയേക്കാം. പറഞ്ഞ കാര്യങ്ങൾ കെ ടി ജലീൽ മാറ്റിപ്പറയുന്നത് ആദ്യമായല്ലല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി എം മനോജിനെ പരിഹസിച്ച പി വി അൻവർ അതാരാണെന്നും അങ്ങനെയൊരാളെ കേട്ടിട്ട് പോലുമില്ലല്ലോ എന്നും പറഞ്ഞു. നിലമ്പൂരിലെ സിപിഐഎം വിശദീകരണ യോഗം കെ ടി ജലീലിന്റെ മതപ്രഭാഷണമാണ്. പാർലമെന്ററി പാർട്ടിയിൽ നിന്ന് ഔദ്യോഗികമായി പുറത്ത് ആക്കിയത് സംബന്ധിച്ച കത്ത് ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
തനിക്ക് ഡിഎംകെ മുന്നണിയുമായി ബന്ധമില്ലെന്ന എം വി ഗോവിന്ദന്റെ പരാമർശത്തിൽ എം വി ഗോവിന്ദനാണോ ഡിഎംകെയുടെ സെക്രട്ടറിയെന്ന് പി വി അൻവർ ചോദിച്ചു. എം വി ഗോവിന്ദൻ ഡിഎംകെയുടെ സെക്രട്ടറിയായി മാറിയത് അറിഞ്ഞില്ലല്ലോ എന്നും അദ്ദേഹം പരിഹസിച്ചു. ഡിഎംകെയുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിന് നിരവധി ഉറപ്പുകൾ ലഭിച്ചിട്ടുണ്ടെന്ന് അൻവർ പ്രതികരിച്ചു. ഡിഎംകെ സിസ്റ്റമാറ്റിക്ക് ആയ കേഡർ പാർട്ടി ആണ്. ഡിഎംകെ പിന്തുണ തന്നു എന്ന് ഞാൻ പറഞ്ഞിട്ടില്ല. നിങ്ങളാണ് പറഞ്ഞത്. നിങ്ങൾ പറഞ്ഞതിനെ നിഷേധിച്ചിട്ടില്ല. ഇപ്പോഴും നിഷേധിക്കുന്നുമില്ലെന്നും പി വി അൻവർ പറഞ്ഞു.
Post a Comment