പാർട്ടിയിൽനിന്ന് അവഗണന ഉണ്ടായാൽ രാഷ്ട്രീയം വിടും, ബിജെപിയിലേക്ക് ഒരിക്കലും പോകില്ല: കെ.മുരളീധരൻ

(www.kl14onlinenews.com)
(21-October -2024)

പാർട്ടിയിൽനിന്ന് അവഗണന ഉണ്ടായാൽ രാഷ്ട്രീയം വിടും, ബിജെപിയിലേക്ക് ഒരിക്കലും പോകില്ല: കെ.മുരളീധരൻ
കോഴിക്കോട്: ബിജെപിയിലേക്ക് ഒരിക്കലും പോകില്ലെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. പാർട്ടി എന്നെ അവഗണിച്ചാൽ രാഷ്ട്രീയത്തിൽനിന്ന് വിരമിക്കും. തലമുറ മാറുമ്പോൾ ചില അഡ്ജസ്റ്റ്‌മെന്റ് ചെയ്യേണ്ടിവരുമെന്നും മുരളീധരൻ പറഞ്ഞു. പാലക്കാട്ടെ വിഷയങ്ങൾ പിന്നീട് ചർച്ച ചെയ്യും. ഇപ്പോൾ സ്ഥാനാർത്ഥികളുടെ വിജയത്തിൽ മാത്രമാണ് ശ്രദ്ധ. നേതൃത്വത്തിന്റെ കഴിവോ കഴിവുകേടോ ഇപ്പോൾ ചർച്ച ചെയ്യേണ്ടെന്നും മുരളീധരൻ പറഞ്ഞു,

പി.വി.അൻവറിന്റെ സ്വാധീന മേഖല വയനാട് മണ്ഡലത്തിലാണ്. അവിടെ പ്രിയങ്ക ഗാന്ധിക്ക് അൻവർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ വോട്ട് 5 ലക്ഷത്തിലെത്തിക്കാൻ സഹകരിക്കും. പാലക്കാടും ചേലക്കരയിലും അൻവറിന് സ്വാധീനമില്ല. ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥികളെ മാറ്റില്ല. രമ്യ ഹരിദാസിനെ പിൻവലിച്ച് ഒരു ഒത്തുതീർപ്പിനും ഇല്ല. രമ്യ ഹൈക്കമാൻഡ് പ്രഖ്യാപിച്ച സ്ഥാനാർത്ഥിയാണ്. വയനാട് പ്രചാരണത്തിന് പോകും. പാലക്കാട്, ചേലക്കര പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അമ്മയെ അവഹേളിച്ചവന് വേണ്ടി വോട്ട് പിടിക്കേണ്ട ഗതികേടിലാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ പരാമർശത്തിനും അദ്ദേഹം മറുപടി നൽകി. അമ്മയെ ഇതിലേക്ക് വലിച്ചിഴക്കരുതെന്ന് മുരളീധരൻ പറഞ്ഞു.

കോണ്‍ഗ്രസിന്‍റെ ആട്ടുംതുപ്പുമേറ്റ് കഴിയുന്ന കെ.മുരളീധരന് ഓട്ടക്കാലിന്‍റെ വിലപോലും പാര്‍ട്ടിക്കാര്‍ കല്‍പ്പിക്കുന്നില്ലെന്നാണ് കെ.സുരേന്ദ്രന്‍ പറഞ്ഞത്. സ്വന്തം അമ്മ കല്യാണിക്കുട്ടിയമ്മയെ അവഹേളിച്ചയാള്‍ക്കുവേണ്ടി വോട്ടുപിടിക്കുന്ന മുരളീധരന് എന്തോ സംഭവിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് കുടുംബത്തില്‍ അടിമയെപ്പോലെ മുരളീധരന്‍ കഴിയേണ്ടതില്ലെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു

Post a Comment

Previous Post Next Post