(www.kl14onlinenews.com)
(26-October -2024)
ബംഗളുരു: അനധികൃതമായി ഇരുമ്പയിര് കടത്തിയ കേസിൽ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. സെയിലിനെയും അന്ന് ബെലകെരി തുറമുഖ ഡയറക്ടറായിരുന്ന മഹേഷ് ബിലിയ അടക്കം മറ്റ് ആറ് പേരെയുമാണ് കോടതി ശിക്ഷിച്ചത്. ബംഗളുരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി ആണ് വിധി പ്രസ്താവിച്ചത്.
ഏഴ് പ്രതികളിൽ നിന്നുമായി 44 കോടി രൂപ ഖജനാവിലേക്ക് കണ്ട് കെട്ടണമെന്നും ബെംഗളുരു പ്രത്യേകകോടതി ജഡ്ജി സന്തോഷ് ഗജാനൻ ഭട്ടിൻറെ വിധിയിലുണ്ട്. ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിലിലടക്കം നേതൃത്വം നൽകിയത് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലായിരുന്നു. ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി കേസിൽ കഴിഞ്ഞ ദിവസം സെയിലിനെ കുറ്റക്കാരനെന്ന് വിധിച്ചിരുന്നു. പിന്നാലെ സിബിഐ സെയിലിനെ രാത്രി തന്നെയെത്തി അറസ്റ്റ് ചെയ്തു.
ജനപ്രാതിനിധ്യനിയമമനുസരിച്ച് രണ്ട് വർഷം തടവ് ശിക്ഷ ലഭിച്ചാൽ തന്നെ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെടുമെന്നതിനാൽ സതീഷ് സെയിലിന് എംഎൽഎ സ്ഥാനവും നഷ്ടമായി. സെയിൽ അടക്കം ഏഴ് പ്രതികളെയും പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി.
2006 - 2008 കാലയളവിൽ കാർവാറിലെ ബെലകെരി തുറമുഖം വഴി, ബെല്ലാരിയിൽ നിന്ന് കൊണ്ട് വന്ന പതിനൊന്നായിരം മെട്രിക് ടണ്ണോളം ഇരുമ്പയിര് അനധികൃതമായി വിദേശകാര്യങ്ങളിലേക്ക് കടത്തിയെന്നതാണ് കേസ്. സതീഷ് സെയിലിൻറെ ഉടമസ്ഥതയിലുള്ള ശ്രീ മല്ലികാർജുൻ ഷിപ്പിംഗ് എക്‌സ്‌പോർട്‌സ് അടക്കം നാല് കമ്പനികൾക്കെതിരെയാണ് ആരോപണമുയർന്നത്.
വിധിക്കെതിരെ കർണാടക ഹൈക്കോടതിയെ സമീപിക്കുമെന്ന് സതീഷ് സെയിലിൻറെ അഭിഭാഷകർ അറിയിച്ചു. ഷിരൂരിൽ കോഴിക്കോട് സ്വദേശി അർജുന് വേണ്ടി നടത്തിയ തെരച്ചിലിലൂടെ മലയാളികൾക്ക് സുപരിചിതനാണ് സതീഷ് സെയിൽ.
Post a Comment