(www.kl14onlinenews.com)
(06-October -2024)
മലപ്പുറവും കോഴിക്കോടും വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണം, പ്രവാസികൾക്ക് വോട്ടവകാശം; നയം പ്രഖ്യാപിച്ച് പി വി അൻവറിന്റെ ഡിഎംകെ
രാഷ്ട്രീയ വിവാദങ്ങൾക്കിടെ പുതിയ നീക്കവുമായി പി. വി അൻവർ(PV Anvar MLA). മഞ്ചേരിയിലെ പൊതുസമ്മേളനത്തിൽ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള(ഡിഎംകെ) എന്ന സാമൂഹിക സംഘടന പ്രഖ്യാപിച്ചു. വിശ്വാസത്തിനുള്ള സ്വാതന്ത്ര്യം, സമത്വം എന്നിവ സാക്ഷാത്കരിക്കാനുള്ള സാമൂഹിക മുന്നേറ്റമാണു സംഘടനയുടെ ലക്ഷ്യമെന്ന് നയപ്രഖ്യാപന സമ്മേളനത്തിൽ അൻവർ വിശദീകരിച്ചു.
പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പാക്കണം. മലപ്പുറം, കോഴിക്കോട് ജില്ലകളെ വിഭജിച്ച് മലബാറിനായി പുതിയ ജില്ല വേണം. ജാതി സെൻസസ് നടത്താനായും പോരാട്ടം നടത്തും. രാഷ്ട്രത്തിന്റെ ഐക്യമാണ് സംഘടനയുടെ ലക്ഷ്യം. മലബാറിനോടുളള അവഗണനയ്ക്ക് എതിരെ പോരാടും.
ഇത് കൂടാതെ വന്യമൃഗ ശല്യത്തിൽ മരിക്കുന്നവർക്കുള്ള നഷ്ടപരിഹാരം 10 ലക്ഷം രൂപയിൽ നിന്ന് 50 ലക്ഷം രൂപയായി ഉയർത്തണം. മനുഷ്യ മൃഗ സംഘർഷവുമായി ബന്ധപ്പെട്ട് കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണം.
ഡിഎംകെ ലക്ഷ്യമിടുന്നത്..
ഇന്ത്യൻ ജനാധിപത്യത്തിന് കാവൽ ആവശ്യമാണ്. അതിനുവേണ്ടിയുള്ള ഭരണഘടനാ സംരക്ഷണ പ്രസ്ഥാനമായി സംഘടന നിലകൊള്ളും . സാമൂഹിക നീതിയിൽ അധിഷ്ഠിതമായ ജനാധിപത്യ സോഷ്യലിസ്റ്റ് നയം നടപ്പാക്കുകയാണ് ലക്ഷ്യം. എല്ലാ പൗരന്മാർക്കും രാഷ്ട്രീയ, സാമൂഹിക സാമ്പത്തിക നീതിയാണ് ലക്ഷ്യമിടുന്നതെന്നും അൻവർ വ്യക്തമാക്കി.
ദേശീയ പാരമ്പര്യത്തിലും ഫെഡറലിസത്തിലും അധിഷ്ഠിതമായ ജനാധിപത്യ കാഴ്ചപ്പാടാകും സംഘടന മുന്നോട്ടുവയ്ക്കുക. കേരളത്തിന്റെ സാമൂഹിക സാമ്പത്തിക വിഭജനം കണ്ടെത്തി പരിഹരിക്കുകയാണ് സംഘടനയുടെ നയമെന്നും അൻവർ മഞ്ചേരിയിൽ വിശദീകരിച്ചു.
ഡിഎംകെ പ്രഖ്യാപിച്ച പ്രധാന നയങ്ങൾ
∙ വിദ്യാഭ്യാസം സൗജന്യമാക്കണം
∙ വിദ്യാഭ്യാസ വായ്പ ബാധ്യതകൾ എഴുതി തള്ളണം
∙ തൊഴിലില്ലായ്മ വേതനം മിനിമം 2000 രൂപയാക്കണം
∙ അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർക്ക് കെഎസ്ആർടിസി സൗജന്യ യാത്ര പാസ് നൽകണം
∙ സംരംഭക സംരക്ഷണ നിയമം അടിയന്തരമായി നടപ്പിലാക്കണം
∙ തിരികെയെത്തുന്ന പ്രവാസികൾക്കായി പദ്ധതികൾ
∙ മേക്ക് ഇൻ കേരള പദ്ധതി ജനകീയമാക്കണം
∙ വഴിയോര കച്ചവടക്കാർക്ക് കച്ചവട സൗഹൃദ വായ്പ നടപ്പാക്കണം
∙ ഓൺലൈൻ കച്ചവടം നിരുത്സാഹപ്പെടുത്തണം
∙ വയോജന ക്ഷേമ നയം നടപ്പാക്കണം
∙ വയോജന വകുപ്പ് രൂപീകരിക്കണം
∙ തീരദേശ അവകാശ നിയമം പാസാക്കണം
∙ പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിക്കണം
∙ നിയോജക മണ്ഡലങ്ങളിൽ കൃഷിക്കായി പ്രത്യേക സോൺ.
റബറിനെ കാർഷിക വിളയായി പ്രഖ്യാപിക്കണം
∙ തോട്ടം പ്ലാന്റേഷനുകളിൽ ആരോഗ്യ–ഫാം ടൂറിസത്തിനായി നിയമഭേദഗതി
∙ വന്യമൃഗ ആക്രമണത്തിന്റെ നഷ്ട പരിഹാരം 50 ലക്ഷമാക്കണം
∙ പഞ്ചായത്ത് തോറും കാലാവസ്ഥ പഠന കേന്ദ്രം
إرسال تعليق