(www.kl14onlinenews.com)
(25-October -2024)
കണ്ണൂർ: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണം പ്രത്യേക സംഘം അന്വേഷിക്കും. അന്വേഷണ ചുമതല പ്രത്യേക സംഘത്തിന് കൈമാറി. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാറാണ് സംഘത്തിന്റെ തലവൻ. കണ്ണൂർ റേഞ്ച് ഡിഐജിക്കാണ് അന്വേഷണത്തിന്റെ മേൽനോട്ടചുമതല. സംഘത്തിൽ ആറുപേരാണുള്ളത്.
നിലവിൽ കേസ് അന്വേഷിക്കുന്ന കണ്ണൂർ ടൗൺ പൊലീസ് എസ്എച്ച്ഒമാരായ ശ്രീജിത്ത് കോടേരി, സനൽ കുമാർ, എസ്ഐമാരായ നവ്യ സജി, രേഷ്‌മ, സൈബർ സെൽ എഎസ്ഐ ശ്രീജിത്ത് എന്നിവരാണ് പുതിയ പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങൾ. അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കും. ഓരോ രണ്ടാഴ്ചയിലും അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകും.
കണ്ണൂർ ടൗൺ പോലീസാണ് നേരത്തെ എഡിഎമ്മിന്റെ മരണം അന്വേഷിച്ചത്. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ആരോപണവിധേയയായ മുൻ ജില്ലാ പഞ്ചായത്ത് പി.പി.ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുത്തുവെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ദിവ്യയെ കണ്ടെത്താനൊ മൊഴിയെടുക്കാനോ ഇതുവരെയും പോലീസിന് സാധിച്ചിട്ടില്ല. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വിധി 29 ന് വരും.
നവീൻ ബാബുവിനെ കണ്ണൂരിലെ താമസസ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കളക്ടറേറ്റിൽ എഡിഎമ്മിന് നൽകിയ യാത്രയയപ്പിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ എഡിഎമ്മിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ മുന്നിലെത്തുന്ന ഓരോ ഫയലിലും ഓരോ ജീവിതങ്ങളാണെന്ന് ഓർമിപ്പിച്ചാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിമർശനം ഉന്നയിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വിമർശനം ചർച്ചയായതിന് പിന്നാലെയാണ് എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Post a Comment