(www.kl14onlinenews.com)
(05-October -2024)
മലപ്പുറം: പി.വി. അൻവർ എം.എൽ.എയുടെ പുതിയ പാർട്ടിയുടെ നയവിശദീകരണ സമ്മേളനം ഞായറാഴ്ച നടക്കും. വൈകുന്നേരം അഞ്ച് മണിക്ക് മഞ്ചേരി രാജീവ് ഗാന്ധി ബൈപാസിനടുത്താണ് സമ്മേളനം. പരിപാടിക്കായി വിശാലമായ പന്തലൊരുക്കിയിട്ടുണ്ട്.
പുതിയ പാർട്ടിയുമായി ബന്ധപ്പെട്ട നയരേഖ പ്രഖ്യാപനമാണ് നടക്കുക എന്ന് അൻവർ അറിയിച്ചിരുന്നു. യോഗം വിജയിപ്പിക്കുന്നതിന് മുഴുവൻ മതേതര, ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. അതേസമയം, മഞ്ചേരിയിലെ യോഗം മാറ്റിവെച്ചുവെന്ന് കുപ്രചാരണം നടക്കുന്നതായി അൻവർ പറഞ്ഞു.
ഞാൻ ഉയർത്തിയ വിഷയങ്ങൾ കേരളത്തിലെ ജനങ്ങൾ സഗൗരവം ഏറ്റെടുത്തു എന്ന് മനസിലാക്കിയവരാണ് യോഗം മാറ്റിവെച്ചുവെന്ന് പ്രചരിപ്പിക്കുന്നത്. ആളുകളെ യോഗത്തിൽ വരുന്നത് തടയുകയാണ് ലക്ഷ്യം -അൻവർ പറഞ്ഞു.
സി.പി.എമ്മുമായി ഇടഞ്ഞ ശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് അൻവർ നിലമ്പൂരിൽ ശക്തി തെളിയിച്ച് സമ്മേളനം നടത്തിയത്. ആയിരക്കണക്കിന് ആളുകളാണ് ചന്തക്കുന്നിലെ സമ്മേളത്തിൽ എത്തിയിരുന്നത്. മഞ്ചേരിയിൽ ഒരു ലക്ഷം ആളുകൾ പങ്കെടുക്കുമെന്ന് അൻവർ പ്രഖ്യാപിച്ചിരുന്നു.
പി.വി.അൻവർ ഡി.എം.കെ യിലേക്ക്? ചെന്നൈയിലെത്തി നേതാക്കളുമായി ചർച്ച നടത്തി
നിലമ്പൂർ എം.എൽ.എ പി.വി. അൻവർ ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിൻ്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്‍റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.
ശനിയാഴ്ച പുലർച്ചെയാണ് പി.വി. അൻവർ മഞ്ചേരിയിലെ വസതിയിൽ നിന്ന് ചെന്നൈയിലേക്ക് പോയത്. പുതിയ പാർട്ടി രൂപീകരിച്ച് ഡി.എം.കെയുമായി സഹകരിച്ച് ഇന്ത്യമുന്നണിയുമായി ചേർന്നു പ്രവർത്തിക്കുകയെന്ന നയം സ്വീകരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഞായറാഴ്ച വൈകിട്ട് വിളിച്ചുചേർത്തിരിക്കുന്ന പൊതുയോഗത്തിൽ നിർണായക പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തൽ. തമിഴ്നാട് മുസ്ലിം ലീഗിന്റെ ചില നേതാക്കളുമായും അൻവർ ചർച്ച നടത്തിയെന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.
സി.പി.എമ്മിനോടും പിണറായി വിജയനോടും അടുത്ത ബന്ധം പുലർത്തുന്ന എം.കെ. സ്റ്റാലിൻ നേതൃത്വം നൽകുന്ന ഡി.എം.കെയിലേക്കുള്ള അൻവറിൻ്റെ പ്രവേശനം രാഷ്ട്രീയ ലോകത്ത് ചർച്ചയായിട്ടുണ്ട്. മാത്രമല്ല കേരളത്തിൽ വേരുറപ്പിക്കാനുള്ള ഡി.എം.കെ. ശ്രമങ്ങൾക്ക് ഇതു കരുത്തുപകരുമെന്നും റിപ്പോർട്ടുകളുണ്ട്.ചെന്നൈയിലെ കെടിഡിസി റെയിൻ ഡ്രോപ്സ് ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച. മുസ്‍ലിം ലീഗിന്റെ തമിഴ്നാട് ജനറൽ സെക്രട്ടറി കെ.എ.എം.മുഹമ്മദ് അബൂബക്കർ, ലീഗിന്‍റെ മറ്റ് സംസ്ഥാന നേതാക്കൾ എന്നിവർ ചെന്നൈയിലെ കൂടിക്കാഴ്ചയിൽ പങ്കെടുത്തതായാണ് വിവരം.
കൂടിക്കാഴ്ചയിൽ ഡിഎംകെയുടെ രാജ്യസഭാംഗം എംപി എം.എം.അബ്ദുള്ളയും പങ്കെടുത്തു. അതേസമയം, കൂടിക്കാഴ്ചയെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാൻ കെ.എ.എം.മുഹമ്മദ് അബൂബക്കർ തയാറായില്ല.
ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കുന്ന മുന്നണിയെന്ന നിലയിലാണ് ഡിഎംകെയെ കണ്ടതെന്നും മുന്നണിയിൽ ചേരുന്നതും ചർച്ചയായെന്നാണ് വിവരം. എന്നാൽ മുന്നണിയിൽ ചേരുന്നതിനെ കുറിച്ച് അൻവർ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
إرسال تعليق