വൻ ബഹളവും വാക്പോരും; പ്രതിപക്ഷ പ്രതിഷേധത്തില്‍ സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു

(www.kl14onlinenews.com)
(07-October -2024)

വൻ ബഹളവും വാക്പോരും; പ്രതിപക്ഷ പ്രതിഷേധത്തില്‍ സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു
തിരുവനന്തപുരം:പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള പോർവിളി ശക്തമായതോടെ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. നേരത്തെ, മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ നിയമസഭ 12 മണിക്ക് അടിയന്തപ്രമേയം ചർച്ചയ്‌ക്കെടുക്കാൻ ഇരിക്കെയാണ് ഭരണ-പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞത്.

രാവിലെ ചോദ്യോത്തര വേള തുടങ്ങിയപ്പോൾ മുതൽ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചിരുന്നു. ഇതിനിടെ ആരാണ് പ്രതിപക്ഷ നേതാവെന്ന് ചോദ്യം സ്പീക്കർ എഎൻ ഷംസീർ ഉന്നയിച്ചത് പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. സ്പീക്കർക്ക് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എംബി രാജേഷും രംഗത്തെത്തിയതോടെ നാടകീയ രംഗങ്ങളാണ് പിന്നീട് നിയമസഭയിൽ അരങ്ങേറിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശനും മുഖ്യമന്തിയും തമ്മിൽ നേർക്കുനേർ വാക്‌പോരിനും സഭ ഇന്ന് സാക്ഷ്യം വഹിച്ചു. അതിനിടെ സ്പീക്കറുടെ ഡയസിലേക്ക് പ്രതിപക്ഷ അംഗങ്ങൾ കയറി. ഇതിനിടെ വാച്ച്് ആൻഡ് വാർഡൻമാരും പ്രതിപക്ഷ അംഗങ്ങളും തമ്മിൽ കൈയ്യാങ്കളിയും ഉണ്ടായി. ഇതോടെയാണ് സഭ ഇന്നത്തേക്ക് നിർത്തിവെക്കാൻ സ്പീക്കർ തീരുമാനിച്ചത്.

രാവിലെ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളുടെ നക്ഷത്രചിഹ്നം ഒഴിവാക്കിയ നിയമസഭ സെക്രട്ടേറിയറ്റിന്റെയും സർക്കാരിന്റെയും നടപടിക്കെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉന്നയിച്ചു. മന്ത്രിമാർ ചോദ്യത്തിന് ഉത്തരം നൽകാതിരിക്കാനാണ് ഇത്തരത്തിൽ നടപടിയെങ്കിൽ പ്രതിപക്ഷം ചോദ്യം ചോദിക്കില്ലെന്ന് തീരുമാനിക്കേണ്ടി വരും. സ്പീക്കറുടെ മുൻകാല റൂളിങ്ങുകൾ ലംഘിച്ചു കൊണ്ടുള്ളതാണ് നടപടിയെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

എന്നാൽ ഇതിൽ യാതൊരു വിധത്തിലുള്ള വിവേചനവും ചെയർ കാണിച്ചിട്ടില്ലെന്ന് സ്പീക്കർ അറിയിച്ചു. ഭരണപക്ഷ എംഎൽഎമാർ സമർപ്പിക്കുന്ന നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ ചട്ടം 36 (2) പ്രകാരം നക്ഷത്ര ചിഹ്നമിടാത്ത ചോദ്യമാക്കി മാറ്റിയിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ പരാതിയിൽ ഉന്നയിച്ചിട്ടുള്ള പരാതിയിൽ നോട്ടീസുകളുടെയും അഭ്യൂഹങ്ങളുടെയും അടിസ്ഥാനത്തിലും, തദ്ദേശീയ പരിഗണന മാത്രമുള്ളത് പരിഗണിച്ചാണ് നക്ഷത്ര ചിഹ്നം ഒഴിവാക്കിയിട്ടുള്ളത്. ഇതിൽ മനപൂർവമായ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും സ്പീക്കർ പറഞ്ഞു.

എഡിജിപി എം ആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് പ്രതിപക്ഷ നേതാവ് സഭയിൽ ഉന്നയിച്ചു. സർക്കാരിന്റെ കൊള്ളരുതായ്മകൾക്ക് സ്പീക്കർ കൂട്ടുനിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. മടിയിലെ കനമാണ് പ്രശ്നമെന്ന് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. പ്രതിപക്ഷ നേതാവ് സ്പീക്കറെ അപമാനിച്ചുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നിലവാരമില്ലാത്ത പ്രതിപക്ഷ നേതാവാണെന്ന് സതീശൻ തെളിയിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു ചോദ്യവും വെട്ടിയിട്ടില്ലെന്നും, ഒരു ചോദ്യത്തിനും ഉത്തരം മറച്ചു വെക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ തദ്ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളാണെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് നക്ഷത്രമിട്ട ചോദ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്നും സ്പീക്കര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. ചോദ്യം സംബന്ധിച്ച നോട്ടീസിന് സഭയില്‍ മറുപടി പറയും വരെ പ്രതികരണമോ പ്രചാരണമോ പാടില്ലെന്ന് നിയമസഭാ ചട്ടത്തില്‍ പറയുന്നുണ്ട്. എന്നാല്‍ പ്രതിപക്ഷം അതു പാലിച്ചില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. ഇതിന് പിന്നാലെ സ്പീക്കറിനെതിരെ ബാനറുകള്‍ ഉയര്‍ത്തി പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി. സ്പീക്കര്‍ രാജിവെയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

ചൂരമല-മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയുന്നതിനിടയിലും പ്രതിഷേധം ഉയര്‍ന്നു. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിന് മുഖം നല്‍കാതെ മുഖ്യമന്ത്രി മറുപടി പറയുന്നത് തുടര്‍ന്നു. ഇതിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മൈക്ക് സ്പീക്കര്‍ ഓഫ് ചെയ്തു. സ്പീക്കര്‍ക്കെതിരായ പ്രതിപക്ഷ പ്രതിഷേധത്തെ മുഖ്യമന്ത്രി വിമര്‍ശിച്ചു. സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയര്‍ത്താം. എന്നാല്‍ സ്പീക്കര്‍ക്കെതിരായ സമീപനം ശരിയല്ലെന്ന് മുഖ്യമമന്ത്രി പറഞ്ഞു

നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷത്തിനോട് ആരാണ് പ്രതിപക്ഷ നേതാവെന്ന് സ്പീക്കര്‍ ചോദിച്ചു. ഇതിനെതിരെ വി ഡി സതീശന്‍ ആഞ്ഞടിച്ചു. സര്‍ക്കാരിന്റെ താത്പര്യങ്ങള്‍ സംരക്ഷിച്ച് സ്പീക്കറുടെ കസേരയില്‍ ഇരുന്നതിന്റെ കുറ്റബോധം കൊണ്ടാണ് സ്പീക്കര്‍ തന്നോട് ആ ചോദ്യം ചോദിച്ചതെന്ന് വി ഡി സതീശന്‍ പറഞ്ഞു. സ്പീക്കറുടേത് അപക്വമായ നിലപാടാണ്. ഒരു സ്പീക്കറും മുന്‍പ് ഇത്തരത്തില്‍ ചോദ്യം ഉന്നയിച്ചിട്ടില്ല. സ്പീക്കര്‍ പദവിക്ക് അപമാനകരമായ ചോദ്യമാണ് ഷംസീര്‍ ഉന്നയിച്ചതെന്നും വി ഡി സതീശന്‍ തുറന്നടിച്ചു. ഇതിന് പിന്നാലെ പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിക്കുന്നതായി പ്രഖ്യാപിച്ചു. വി ഡി സതീശന്‍ ചെയറിനെ അധിക്ഷേപിച്ചതായി മന്ത്രി എം ബി രാജേഷും പറഞ്ഞു. പ്രതിപക്ഷ നേതാവിന്റേത് അപക്വമായ നിലപാടാണ്. പ്രതിപക്ഷ നേതാവിന്റെ അഹന്ത സഭയുടെ അന്തസിനെ ഹസിക്കുന്നതാണെന്നും എം ബി രാജേഷ് പറഞ്ഞു.

Post a Comment

Previous Post Next Post