പൂരം കലക്കൽ: 'തിരഞ്ഞെടുപ്പ് മുൻനിർത്തി നടന്ന ആസൂത്രിത നീക്കം', ത്രിതല അന്വേഷണത്തിന് തീരുമാനം

(www.kl14onlinenews.com)
(03-October -2024)

പൂരം കലക്കൽ: 'തിരഞ്ഞെടുപ്പ് മുൻനിർത്തി നടന്ന ആസൂത്രിത നീക്കം', ത്രിതല അന്വേഷണത്തിന് തീരുമാനം
തിരുവനന്തപുരം: പൂരം കലക്കൽ വിഷയത്തില്‍ ത്രിതല അന്വേഷണം. എഡിജിപി പങ്കുവെച്ച അന്വേഷണ റിപ്പോർട്ട് നേരത്തെ സർക്കാർ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ത്രിതല അന്വേഷണത്തിന് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. സിപിഐ നേതാക്കൾ ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് നടപടി.

തൃശൂർ പൂരവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളാണ് ഇക്കുറി അരങ്ങേറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. സാമൂഹ്യ അന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ പൂരത്തിൽ നടന്നിട്ടുണ്ട്. അങ്ങനെ സംശയിക്കാൻ ഉള്ള ഒരുപാട് കാര്യം റിപ്പോർട്ടിൽ ഉണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിഷയത്തിൽ അന്വേഷണം നടത്താൻ സർക്കാർ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് നിർദേശം നൽകിയിരുന്നു. അന്വേഷണ റിപ്പോർട്ട് സെപ്റ്റംബർ 23 ന് സംസ്ഥാന പൊലീസ് മേധാവി സർക്കാരിന് കൈമാറി. 24ന് മുഖ്യമന്ത്രിക്ക് ലഭിച്ചു. റിപ്പോർട്ട് സമ​ഗ്രമായി കണക്കാനാകുമായിരുന്നില്ല.

തിരഞ്ഞെടുപ്പ് മുൻനിർത്തി നടന്ന ആസൂത്രിത നീക്കം നടന്നെന്നും മന്ത്രിസഭ യോ​ഗത്തിന് ശേഷം മാധ്യമങ്ങളെ കാണുന്നതിനിടെ മുഖ്യമന്ത്രി പറഞ്ഞു. പൂരം കലക്കലുമായി ബന്ധപ്പെട്ട വിഷയം ഗൗരവായി തന്നെ പരിശോധിക്കുമെന്നും ഭാവിയിൽ ഭംഗിയായി പൂരം നടത്താൻ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയം വിശദമായി സഭ ചർച്ച ചെയ്ത് മൂന്ന് തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. വിശദമായ അന്വേഷണത്തിനായി എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോ​ഗിക്കും. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടോ എന്നത് സംബന്ധിച്ച് ഇൻ്റലിജൻസ് എഡിജിപി മനോജ് എബ്രഹാം അന്വേഷിക്കും. എഡിജിപി എംആർ അജിത് കുമാറിൻ്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ട്. ഇത് സംബന്ധിച്ച് വിശദ റിപ്പോർട്ട് നൽകാൻ ഡിജിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Post a Comment

Previous Post Next Post