(www.kl14onlinenews.com)
(17-October -2024)
പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ പി.വി അൻവറും മത്സരിച്ചേക്കും. നിലമ്പൂരിലെ എംഎല്‍എ സ്ഥാനം രാജിവെച്ച് അന്‍വര്‍ പാലക്കാട് മത്സരിച്ചേക്കുമെന്ന അഭ്യൂഹം പൂര്‍ണമായും തള്ളാതെയാണ് അന്‍വറിന്റെ പ്രതികരണം. എംഎല്‍എ സ്ഥാനം രാജിവെച്ച് പാലക്കാട് മത്സരിക്കുമോ എന്ന ചോദ്യത്തിന് 'അതൊക്കെ നമുക്ക് കാണാം, സമയമുണ്ടല്ലോ' എന്നായിരുന്നു മറുപടി.
ഇത്തരം വാര്‍ത്തകള്‍ തള്ളുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ എന്തിന് തള്ളണമെന്നായി പ്രതികരണം. 'എന്തുവേണമെങ്കിലും ഈ ജനാധിപത്യ രാജ്യത്ത് ചെയ്യാമല്ലോ.. മത്സരിക്കാം, മത്സരിക്കാതിരിക്കാം, രാജിവെക്കാം, എന്തുമാകാം. സരിന്‍ എന്താണ് ചെയ്യേണ്ടത് എന്ന് സരിന് തീരുമാനിക്കാം. രാവിലെ 10 മണിക്ക് പാലക്കാട് വാര്‍ത്താസമ്മേളനത്തില്‍ സര്‍പ്രൈസായി കാര്യങ്ങള്‍ പറയും. ഞാന്‍ നേരത്തെ തന്നെ പറയുന്ന രാഷ്ട്രീയ നെക്‌സസിന്റെ ഉറക്കം നഷ്ടപ്പെടും' -അന്‍വര്‍ പറഞ്ഞു.
രാവിലെ 11 മണിക്ക് പാലക്കാട് കെപിഎം. ഹോട്ടലില്‍ വെച്ച് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര, പാലക്കാട് നിയോജക മണ്ഡലങ്ങളിലെ ഡിഎംകെ പിന്‍തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതാണെന്ന് അന്‍വര്‍ വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസുമായി ഇടഞ്ഞ് നില്‍ക്കുന്ന സരിനെ ഒപ്പം ചേര്‍ക്കാനുള്ള ശ്രമം അന്‍വര്‍ നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പി സരിനുമായി തിരുവലുവാമലയില്‍ വച്ച് അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
സരിന്‍ പാലക്കാട് ഇടത് സ്വതന്ത്രന്‍; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഒടുവിൽ പാലക്കാട് സീറ്റിൽ ഇടത് സ്വതന്ത്രനായി മത്സരിക്കാൻ ഡോ. പി സരിൻ തയ്യാറെടുക്കുന്നതായി സൂചന. ഇന്ന് നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. സരിൻ സിപിഐഎം സ്ഥാനാർത്ഥിയാകുന്നതോടെ പാലക്കാട് മത്സരം കടുക്കും. എതിർ സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിലും എത്തുന്നതോടെ പാലക്കാട് വാശിയേറിയ പോരാട്ടമാണ് നടക്കുക. ഇത് നിലവിൽ സീറ്റ് സാധ്യതയുള്ള ബിജെപിക്ക് ഗുണകരമാകുമോ എന്നാണ് ഉയരുന്ന ചോദ്യം.
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ടാണ് പി സരിന്‍ പാര്‍ട്ടിയുമായി ഇടഞ്ഞത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ തിരുത്തലുണ്ടാവണമെന്ന ആവശ്യവുമായാണ് കോണ്‍ഗ്രസ് നേതാവ് പി സരിന്‍ രംഗത്തെത്തിയത്. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിനെ സ്ഥാനാര്‍ഥിയാക്കിയതിന് പിന്നാലെയാണിത്. പാലക്കാട് സ്ഥാനാര്‍ഥിത്വത്തില്‍ സാധ്യത പട്ടികയിൽ ഉയർന്ന പേരുകളിൽ ഒന്ന് സരിൻ്റേതായിരുന്നു.
സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കള്‍ സരിനുമായി ചര്‍ച്ചനടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സരിന്റെ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റില്‍ ധാരണയായിരുന്നു. സരിനെ സ്ഥാനാര്‍ഥിയാക്കുന്നത് സിപിഎമ്മിന് ഗുണം ചെയ്യുമെന്നും കോണ്‍ഗ്രസിലെ ഭിന്നത രാഷ്ട്രീയമായി ഉപയോഗിക്കാമെന്നും ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി. അതേസമയം സരിനെതിരെ അച്ചടക്ക നടപടി വേണ്ടെന്നും പുറത്തുപോകുന്നെങ്കില്‍ പോകട്ടെ എന്ന നിലപാടാണ് കോണ്‍ഗ്രസിനെന്നുമാണ് വിവരം.
പി സരിന്‍റെ വാര്‍ത്താസമ്മേളനത്തില്‍ അച്ചടക്ക ലംഘനം ഉണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ ഇന്ന് പ്രതികരിച്ചത്. സ്ഥാനാർത്ഥി നിർണയം കോൺഗ്രസ് കീഴ്വഴക്കം അനുസരിച്ചാണ് നടന്നത്. സ്ഥാനാർത്ഥി ആകണമെന്ന് സരിൻ നേരിട്ട് വന്നു ആവശ്യപ്പെട്ടിരുന്നു. ആലോചിച്ചു പറയാം എന്നാണ് സരിനോട് പറഞ്ഞത്. പരസ്യമായി പ്രതികരിച്ചത് ശരിയായില്ല. അത് സരിന് ഗുണകരമല്ലെന്നും കെ സുധാകരൻ പറഞ്ഞു.
Post a Comment