(www.kl14onlinenews.com)
(09-October -2024)
തിരുവനന്തപുരം: സി.പി.എം ബന്ധം ഉപേക്ഷിച്ച് മുഖ്യമന്ത്രിക്കും സർക്കാറിനുമെതിരെ തുറന്ന പോരിനിറങ്ങിയ പി.വി. അൻവർ എം.എൽ.എ രാജ്ഭവനിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. പൊലീസിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ പുറത്തുവിട്ട തെളിവുകളടക്കം കത്ത് അൻവർ ഗവർണർക്ക് നൽകി.
എ.ഡി.ജി.പി എം.ആർ. അജിത്കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി എന്നിവർക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ കത്തിൽ ആവർത്തിച്ചു. കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തും അതിൽ പൊലീസ് പിടികൂടിയ സ്വർണത്തിലെ ഒരുഭാഗം രേഖകളിൽ ഇല്ലാതാക്കി മുക്കുന്നതും ഉൾപ്പെടെ വിവരങ്ങളും ഗവർണർക്കുള്ള കത്തിൽ ചൂണ്ടിക്കാട്ടിയതായാണ് വിവരം.
നാട് നേരിടുന്ന ഭീഷണികളിൽ തനിക്ക് അറിയാവുന്ന കാര്യങ്ങൾ ഗവർണറെ അറിയിച്ചെന്ന് കൂടിക്കാഴ്ചക്കുശേഷം അൻവർ മാധ്യമങ്ങളോട് പറഞ്ഞു. ഒരു സ്വതന്ത്ര എം.എൽ.എ എന്ന നിലയിലാണ് ഗവർണറെ കണ്ടത്. സർക്കാറിൽ വിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടാണ് സന്ദർശനം.
ചില തെളിവുകൾ കൂടി കൈമാറും. ഗവർണറെ കണ്ട് എന്താണ് പറഞ്ഞതെന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. താൻ നേരത്തേ പറഞ്ഞ കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നും അൻവർ പറഞ്ഞു.
നിയമസഭയില്‍ തന്നെ പ്രതിപക്ഷ നിരയിൽ ഇരുത്തേണ്ട ജോലി സ്പീക്കർ എടുക്കേണ്ടെന്നും അൻവർ പറഞ്ഞു. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിക്ക് വോട്ട് ചെയ്ത കേരളത്തിലെ എം.എൽ.എ ആരാണെന്ന് തനിക്ക് അറിയാമെന്നും ഇടതുപക്ഷം നിഷേധിച്ചാൽ പേര് വെളിപ്പെടുത്തുമെന്നും അൻവർ പറഞ്ഞു
Post a Comment