(www.kl14onlinenews.com)
(02-October -2024)
തെരെഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് കെ ടി ജലീൽ എംഎല്‍എ. തനിക്ക് ആരോടും പ്രതിബദ്ധയില്ല. അത് കോൺഗ്രസിനോടുമില്ല, സിപിഎമ്മിനോടുമില്ല. സി പി എമ്മിനോട് സഹകരിച്ച് പോകാനാണ് താല്പര്യമെന്നും കെ ടി ജലീൽ മാധ്യമങ്ങളോട് പറഞ്ഞു. അൻവറിനോട് ചില കാര്യങ്ങളിൽ യോജിപ്പുണ്ട്, എന്നാൽ ചില കാര്യങ്ങളിൽ യോജിപ്പ് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടതുപക്ഷത്തെ ബി.ജെ.പി. അനുകൂലികളാക്കാൻ ആണ് ശ്രമം നടക്കുന്നത്. പാർട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല. വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയോ പാർട്ടിയേയോ തള്ളിപറയില്ല. അങ്ങനെ വന്നാൽ ഒരു വിഭാഗം സംശയത്തിൻ്റെ നിഴലിൽ നിർത്തപ്പെടും. അത് കേരളത്തെ വലിയ വർഗീയ ധ്രുവീകരണത്തിലേക്ക് നയിക്കും. അങ്ങനെ ഒരു പാതകം ഉണ്ടായിക്കൂടായെന്നും ജലീൽ പറഞ്ഞു.
‘‘സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി മോഹൻദാസ് ആർഎസ്എസ് ആണെന്ന് എതിരാളികൾക്ക് പോലും പറയാൻ സാധിക്കില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കും ആർഎസ്എസ് ബന്ധമെന്ന വാദത്തോടും യോജിപ്പില്ല. പൊലീസ് സംവിധാനമാകെ പ്രശ്നമാണെന്ന അഭിപ്രായമില്ല. എഡിജിപി എം.ആർ.അജിത്‌കുമാർ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായാണ് കരുതുന്നത്. ഇടതുപക്ഷത്തോട് തീർത്താൽ തീരാത്ത കടപ്പാടാണ് ഉള്ളത്. സിപിഎം കാണിച്ച സ്നേഹവായ്പിന് നന്ദി’’ ജലീൽ പറഞ്ഞു.
എ.ഡി.ജി.പിയെ പൂർണ്ണമായി തന്നെ മാറ്റണമെന്നും അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. സുജിത്ദാസിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടായിരുന്നു, അതാണ് നടപടി എടുത്തത്. എ.ഡി.ജി.പി., ആർ.എസ്.എസ്. നേതാവിനെ കാണാൻ പാടില്ല. അതിനെ ആരും ന്യായീകരിക്കുന്നില്ല. ഉടൻ നടപടി ഉണ്ടാവും. അഭിപ്രായവും വിമർശനവും പറയും, എന്നാൽ അൻവറിനെ സഹായിക്കുന്ന നിലപാട് എടുത്തിട്ടില്ല. അന്വേഷണം ശരിയായ ദിശയിൽ പോകുന്നുവെന്നാണ് എൻ്റെ ബോധ്യം. ആ ബോധ്യം അൻവറിന് ഉണ്ടാവണമെന്നില്ലെന്നും ജലീൽ കൂട്ടിചേർത്തു.
"തനിക്കൊന്നും വേണ്ട. ഒരു പദവിയും വേണ്ട. പാർട്ടിയിൽ നിന്നും ആരും എന്നെ ബന്ധപ്പെട്ടിട്ടില്ല. എഴുത്ത്, യാത്ര, പഠനങ്ങൾ തുടങ്ങിയ കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്നും ജലീൽ വ്യക്തമാക്കി. മീസാൻ കല്ലിൽ പേരെഴുതും വരെ പാർലമെൻ്റിൽ കിടന്ന് മരിക്കണം, നിയമസഭയിൽ കിടന്ന് മരിക്കണമെന്ന് ചിന്തിക്കുന്നവർ ഈ പാർട്ടിയിൽ ഇല്ല." മത്സരിച്ച് മത്സരിച്ച് ഈ പഹയൻ ഒന്ന് ചത്ത് കിട്ടിയാൽ മതി എന്ന് കരുതുന്നവർ മറ്റ് പാർട്ടിയിൽ ഉണ്ടെന്ന് ജലീൽ പരിഹസിച്ചു.
Post a Comment