(www.kl14onlinenews.com)
(03-October -2024)
തിരുവനന്തപുരം:ഹിന്ദുവിലെ വിവാദ അഭിമുഖത്തിൽ ഇതാദ്യമായി പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്ക് ഒരു പിആർ ഏജൻസിയുമായും ബന്ധമില്ലെന്നും അഭിമുഖത്തിനായി തന്നെ സമീപിച്ചത് മുൻ എംഎൽഎ ദേവകുമാറിന്റെ മകനാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.അതേസമയം, താൻ പറയാത്ത കാര്യങ്ങൾ ഹിന്ദു പത്രത്തിൽ പ്രസിദ്ധീകരിച്ച് വന്നതിൽ മാന്യമായ ഖേദപ്രകടനം അവർ നടത്തിയതിനാൽ നിയമനടപടിയ്ക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയത്.
ഹിന്ദുവിന്റെ വാദം തള്ളി മുഖ്യമന്ത്രി
വിവാദ അഭിമുഖത്തിൽ ദി ഹിന്ദു നൽകിയ വിശദീകരണം തള്ളിയാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. അഭിമുഖത്തിനെത്തിയത് ആദ്യം രണ്ടുപേരായിരുന്നു. പിന്നീട് ഒരാൾ എത്തി. അയാൾ അരമണിക്കൂറോളം ഇരുന്നു. എന്നാൽ ആരാണെന്നറിയില്ല. മാധ്യമസംഘത്തിലെ ആളാണെന്ന് വിചാരിച്ചത്- മുഖ്യമന്ത്രി വിശദീകരിച്ചു.
അഭിമുഖത്തിനായി ഹിന്ദു മുൻ എംഎൽഎ ദേവകുമാറിന്റെ മകൻ സുബ്രഹ്മണ്യൻ വഴി സമീപിച്ചെന്നാണ് മുഖ്യമന്ത്രി പറയുന്നത്. 'ഇന്റർവ്യൂവിന് വേണ്ടി ഹിന്ദു ആഗ്രഹിക്കുന്നുവെന്ന് എന്നോട് പറയുന്നത് ആലപ്പുഴയിലെ മുൻഎംഎൽഎ ദേവകുമാറിന്റെ മകനാണ്. ഹിന്ദുവിന് ഇന്റർവ്യൂ കൊടുക്കുന്നതിന് എതിർപ്പില്ലെന്ന് അറിയിച്ചു. ഒരു ഒറ്റപ്പാലംകാരിയായ ലേഖിക അടക്കം രണ്ടുപേർ വന്നു. ചോദ്യങ്ങൾക്ക് മറുപടി നൽകി. അൻവറിന്റെ കാര്യത്തിൽ നേരത്തെ വിശദീകരിച്ചതിനാൽ മറുപടി പറയുന്നില്ലെന്ന് പറഞ്ഞു. ഇന്റർവ്യൂവിൽ സംസാരിച്ചുകൊണ്ടിരിക്കെ ഒരാൾ കൂടി കടന്നു വന്നിരുന്നു. പിന്നീടാണ് വന്നയാൾ ഏജൻസിയുടെ ആളാണെന്ന് അറിയുന്നത്.'
ദേവകുമാറിന്റെ മകൻ ചെറുപ്പം മുതലേ അറിയാവുന്ന ചെറുപ്പക്കാരനാണ്. അതുകൊണ്ടാണ് ഇന്റർവ്യൂ നൽകിയത്. ഖേദം പ്രകടിപ്പിച്ചതിൽ ഹിന്ദു മാന്യമായ നിലപാടാണ് സ്വീകരിച്ചത്. അവരുമായി ബന്ധപ്പെട്ട് എന്താണ് നടന്നതെന്ന് എനിക്കറിയില്ല. താൻ ഒരു ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ല, അറിയുകയുമില്ല. സർക്കാരും ഒരു പി ആർ ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ല
മുഖ്യമന്ത്രി പറയാത്ത കാര്യങ്ങൾ ഉൾപ്പെടുത്തിയത് ശരിയായില്ലെന്ന് ഹിന്ദു വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഗൾഫിലെ പല ഏജൻസികളും വർഷങ്ങൾക്ക് മുമ്പേ എടുത്തിട്ടുണ്ട്. അതൊക്കെ ഏതാ എന്താ എന്നൊന്നും ഇപ്പോഴറിയില്ല. എനിക്ക് എത്രമാത്രം ഡാമേജ് ഉണ്ടാക്കാനാകുമെന്നാണ് മാധ്യമങ്ങൾ നോക്കുന്നത്. അങ്ങനെയൊരു ഡാമേജ് ഉണ്ടാക്കാൻ കഴിയുന്ന വ്യക്തിത്വമല്ല തന്റേത്. ഹിന്ദുവിന് അഭിമുഖത്തിന് താൽപ്പര്യമുണ്ടെന്നാണ് ദേവകുമാറിന്റെ മകൻ അറിയിച്ചത്. അയാൾ ആവശ്യം ഉന്നയിച്ചപ്പോൾ സമ്മതിക്കുകയാണ് ചെയ്തത്. വിവാദത്തിൽ ദേവകുമാറിന്റെ മകൻ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ല-മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയുടെ അഭിമുഖത്തിനായി പിആർ ഏജൻസി് തങ്ങളെ സമീപിക്കുകയായിരുന്നുവെന്നാണ് നേരത്തെ ദി ഹിന്ദു ദിനപത്രം വ്യക്തമാക്കിയത്. മലപ്പുറം ജില്ലയെ സംബന്ധിച്ച വിവാദ പരാമർശങ്ങളടങ്ങിയ അഭിമുഖം പ്രസിദ്ധീകരിച്ച ഹിന്ദു ദിനപ്പത്രം ഇക്കാര്യത്തിൽ വിശദീകരണം നൽകി രണ്ട് ദിവസമായിട്ടും മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല.
Post a Comment