(www.kl14onlinenews.com)
(02-October -2024)
കൊച്ചി:കേരള രാഷ്ട്രീയത്തിൽ അഭിമുഖങ്ങൾ വിവാദങ്ങൾ ആകുന്നത് ആദ്യമായല്ല. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ദേശീയ ദിനപത്രത്തിന് നൽകുന്ന അഭിമുഖം വിവാദങ്ങളിൽ ഇടം പിടിക്കുന്നത് ഇതാദ്യമായാണ്. ദി ഹിന്ദു ദിനപത്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ അഭിമുഖത്തിൽ പിആർ ഏജൻസികളുടെ ഇടപെടൽ ഉണ്ടായെന്ന് വെളിപ്പെടുത്തൽ വന്നതോടെ സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാന ചർച്ചാവിഷയമായി മുഖ്യന്റെ അഭിമുഖവും പിആർ ഏജൻസികളുടെ പങ്കും മാറിയിരിക്കുകയാണ്. പിആർ ഏജൻസിയുടെ സഹായത്തോടെയാണ് മുഖ്യമന്ത്രി അഭിമുഖം നൽകുന്നതെന്നതെന്ന് ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയതോടെ ശരിക്കും പ്രതിരോധത്തിലായിരിക്കുകയാണ് ഇടതുപക്ഷം.
വെട്ടിലാക്കിയ അഭിമുഖം
സെപ്റ്റംബർ 30-ന് 'സിപിഐ(എം) എപ്പോഴും ആർഎസ്എസിനെയും കേരളത്തിലെ മറ്റ് ഹിന്ദുത്വ ശക്തികളെയും ശക്തമായി എതിർത്തിട്ടുണ്ട്' എന്ന തലക്കെട്ടിൽ ദി ഹിന്ദുവിൽ വന്ന അഭിമുഖത്തിലെ മലപ്പുറം ജില്ലയെപ്പറ്റിയുള്ള ചില പരാമർശങ്ങളാണ് വിവാദത്തിന് തിരികൊളുത്തിയത്.30-ന് കോഴിക്കോട് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പിവി അൻവർ ഈ അഭിമുഖത്തിലെ മലപ്പുറത്തിനെതിരെയുള്ള പരാമർശങ്ങൾ ചൂണ്ടിക്കാട്ടി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
മലപ്പുറം പരാമർശത്തിലെ അപകടം പരിഹരിക്കാൻ ഹിന്ദു പത്രത്തെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജ് കത്തയച്ചതോടെയാണ് വിവാദം കുടുതൽ മുറുകുന്നത്.മലപ്പുറം ജില്ലയിൽ നിന്ന് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 123 കോടി രൂപയുടെ ഹവാല പണവും 150 കിലോ സ്വർണ്ണവും സംസ്ഥാന പോലീസ് പിടിച്ചെടുത്തു. ഈ പണം 'രാജ്യവിരുദ്ധ'പ്രവർത്തനങ്ങൾക്കും 'ദേശവിരുദ്ധ പ്രവർത്തനങ്ങൾ'ക്കുമാണ് കേരളത്തിൽ എത്തുന്നത്'' എന്ന പരാമർശം മുഖ്യമന്ത്രിയുടെ വീക്ഷണങ്ങളെ തെറ്റായി ചിത്രീകരിക്കുന്നതാണെന്നും അത് വിവാദത്തിന് ഇടയാക്കിയെന്നും കത്തിൽ വ്യക്തമാക്കുന്നു.
എന്നാൽ ഇതിന് മറുപടിയായി ഹിന്ദു ഖേദപ്രകടനത്തിനൊപ്പം നൽകിയ വിശദീകരണമാണ് മുഖ്യമന്ത്രിയെ അക്ഷരാർത്ഥത്തിൽ വെട്ടിലാക്കിയത്.പ്രസ് സെക്രട്ടറിയുടെ കത്തിന് പത്രം നൽകിയ വിശദീകരണത്തിലൂടെ മുഖ്യമന്ത്രിയുടെ പിആർ ഏജൻസിയുടെ പങ്ക് പുറത്തായെന്ന് മാത്രമല്ല, വിവാദ പരാമർശം ഉൾപ്പെടുത്താൻ 'ഹിന്ദു'വിന് മേൽ പിആർ ഏജൻസിയുടെ രേഖാമൂലമുള്ള സമ്മർദം ഉണ്ടായി എന്നുകൂടിയാണ് ഇതോടെ വ്യക്തമാകുന്നത്. 'ഹിന്ദു'വിന്റെ വിശദീകരണത്തോടെ വിഷയം സർക്കാരിനും മുഖ്യമന്ത്രിക്കും വൻ തിരിച്ചടിയാകുകയാണ്.
'മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിമുഖം വാഗ്ദാനം ചെയ്ത് പിആർ ഏജൻസിയായ കെയ്‌സൻ ദ ഹിന്ദുവിനെ സമീപിച്ചു. സെപ്തംബർ 29ന് രാവിലെ 9 മണിക്ക് കേരള ഹൗസിൽ വെച്ച് ഞങ്ങളുടെ മാധ്യമപ്രവർത്തക മുഖ്യമന്ത്രിയുമായി അഭിമുഖം നടത്തി. അവിടെ മുഖ്യമന്ത്രിക്കൊപ്പം പിആർ ഏജൻസിയുടെ രണ്ട് പ്രതിനിധികളും ഉണ്ടായിരുന്നു. അഭിമുഖം ഏകദേശം 30 മിനിറ്റോളം നീണ്ടു. തുടർന്ന് പിആർ പ്രതിനിധികളിലൊരാൾ സ്വർണക്കടത്ത്, ഹവാല ഇടപാടുകൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ കൂടി അഭിമുഖത്തിൽ ഉൾപ്പെടുത്താൻ അഭ്യർത്ഥിച്ചു. ഇത് യഥാർത്ഥത്തിൽ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞതാണെന്നും അദ്ദേഹം അറിയിച്ചു. ഇപ്പോൾ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി നിരസിച്ച ആ വരികൾ, അഭിമുഖത്തിൽ ഉൾപ്പെടുത്താനായി പിആർ പ്രതിനിധി രേഖാമൂലം നൽകിയതാണ്. എന്നിരുന്നാലും അന്നത്തെ അഭിമുഖത്തിന്റെ ഭാഗമായി ആ വരികൾ ഉൾപ്പെടുത്തിയത് ഞങ്ങളുടെ വീഴ്ചയാണ്, അത് സംഭവിക്കാൻ പാടില്ലായിരുന്നു. ഈ തെറ്റിന് ക്ഷമ ചോദിക്കുന്നു'. - ഹിന്ദു വിശദീകരിച്ചത് ഇങ്ങനെയാണ്.
തള്ളാതെ പി ആർ ഏജൻസി ബന്ധം
അഭിമുഖത്തിൽ പിആർ ഏജൻസിയുടെ ഇടപെടൽ സംബന്ധിച്ചുള്ള കാര്യങ്ങളിൽ ഇനിയും പിണറായി വിജയൻ പ്രതികരിച്ചിട്ടില്ല. അതേസമയം, താൻ പറയാത്ത കാര്യങ്ങൾ അഭിമുഖത്തിൽ ചേർത്തെന്ന് അദ്ദേഹം തിങ്കളാഴ്ച കോഴിക്കോട് പറഞ്ഞിരുന്നു. അതിനിടെ അഭിമുഖം നടന്നപ്പോൾ കെയ്‌സ്ൻ എന്ന പിആർ ഏജൻസിയുടെ പ്രതിനിധികളും സ്ഥലത്തുണ്ടായിരുന്നുവെന്ന് തരത്തിൽ വാർത്തകളും പ്രചരിക്കുന്നുണ്ട്. ഇത് സംബന്ധിച്ചുള്ള വിശദീകരണം ഇനി മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നാണ് ഉണ്ടാകേണ്ടത്
അതേസമയം, അഭിമുഖത്തിലെ രാജ്യവിരുദ്ധ പ്രവർത്തനം സംബന്ധിച്ചുള്ള മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലിൽ വിശദീകരണം ആവശ്യപ്പെട്ട് കത്ത് നൽകുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. "രാജ്യവിരുദ്ധ പ്രവർത്തനം നടക്കുന്നുവെന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രി അത് ഗവർണറോട് മറച്ചുവെച്ചു. മാധ്യമങ്ങളോട് വിശദീകരിച്ചു, ഗവർണ്ണറെ ഇരുട്ടിൽ നിർത്തുകയാണ് ചെയ്തത്. ഇക്കാര്യം സെപറ്റംബർ 21-ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞതാണ്. ഹിന്ദു ദിനപത്രത്തിന്റെ വാർത്ത മുഖ്യമന്ത്രി നിഷേധിച്ചിട്ട് കാര്യമില്ല. ഇതിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകും".- ഗവർണ്ണർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ അനുവാദത്തോടെ എഴുതി കൊടുത്തതാണ് ദി ഹിന്ദു പത്രത്തിൽ വന്ന വിവാദ പരാമർശമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഇവർ ഏത് പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണെന്ന് എല്ലാർക്കും അറിയാം. മുഖ്യമന്ത്രി ഭിന്നിപ്പുണ്ടാക്കാൻ സ്വർണ്ണ കള്ളക്കടത്തിനെ ഉപയോഗിച്ചു. ഇപ്പോൾ വീണിടത്ത് കടന്ന് ഉരുളുകയാണെന്നും സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേ സമയം, വിവാദ മലപ്പുറം പരാമർശത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് എന്നീ സംഘടനകൾ പരാതി നൽകി. ദി ഹിന്ദു എഡിറ്റർ, കെയ്‌സൺ എംഡി, അഭിമുഖം തയ്യാറാക്കിയ ഹിന്ദുവിലെ മാധ്യമ പ്രവർത്തക, മുഖ്യമന്ത്രി എന്നിവരടക്കം നാലുപേർക്കെതിരെയാണ് പരാതി. പിആർ ഏജൻസിയുടെ സഹായത്തോടെ, വിദ്വേഷ പ്രചാരണം നടത്തിയെന്നും കേരളത്തിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചതായി സംശയമുണ്ടെന്നും പരാതികളിൽ പറയുന്നു.
Post a Comment