(www.kl14onlinenews.com)
(04-October -2024)
കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്രവും ദുരിതാശ്വാസ നിധിയിൽ നിന്നും പണം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അപേക്ഷ പരിഗണിക്കാനും നിർദേശിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് രണ്ടാഴ്ചയ്ക്കം മറുപടി നൽകാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്രസർക്കാർ എന്നിവയ്ക്ക് കോടതി നിർദേശം നൽകി.
വയനാട് ഉരുൾപ്പൊട്ടൽ ദുരന്തം സംബന്ധിച്ച് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകിയത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നും, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും സഹായം ലഭ്യമാക്കാൻ നിർദേശിക്കണമെന്ന് അമിക്കസ് ക്യൂറി കോടതിയോട് അഭ്യർത്ഥിച്ചു. ഇതേത്തുടർന്നായിരുന്നു ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ശ്യാംകുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദേശം.
വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ തയ്യാറാക്കിയ എസ്റ്റിമേറ്റിന്റെ മാനദണ്ഡം എന്താണെന്ന് അറിയിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. എസ്റ്റിമേറ്റ് തുക കണക്കാക്കുമ്പോൾ എങ്ങനെ തുക വകയിരുത്തുമെന്നത് കൃത്യമായി വേണ്ടതാണെന്ന് കോടതി നിരീക്ഷിച്ചു.എസ്റ്റിമേറ്റ് ചെലവഴിച്ച തുകയെന്ന പേരിൽ വ്യാപക പ്രചരണമുണ്ടായെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എസ്റ്റിമേറ്റിൽ പറയുന്ന തുക ചെലവഴിച്ചിട്ടില്ല. മാധ്യമ റിപ്പോർട്ടുകൾ ഊതിപ്പെരുപ്പിച്ചതാണെന്നും അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. ഇതു സംബന്ധിച്ച വിശദമായ വിശദീകരണം നൽകാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കെൽസയുടെ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. സെപ്റ്റംബർ 3 മുതൽ 30 വരെ കെൽസ വയനാട് ദുരിതബാധിതർക്കായി നിയമസഹായവുമായി ബന്ധപ്പെട്ട പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ലിസ്റ്റും വിവരങ്ങളുമാണ് കോടതിയിൽ സമർപ്പിച്ചത്. ദുരിത ബാധിതരെക്കുറിച്ചും അവർക്കായി സ്വീകരിച്ച നടപടികളെക്കുറിച്ചും വിവരങ്ങൾ സമർപ്പിക്കാൻ സർക്കാരിനോടും കെൽസയോടും കോടതി നിർദേശിച്ചിട്ടുണ്ട്
ദുരന്തനിവാരണ ചട്ടപ്രകാരം ഓരോ ആവശ്യത്തിനും ചെലവാക്കാനാകുന്ന തുക സംബന്ധിച്ച് മാനദണ്ഡമുണ്ട്. ഇതനുസരിച്ചാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയതെന്നും സർക്കാർ വെള്ളിയാഴ്ച ഹൈക്കോടതിയെ അറിയിച്ചു. ചെലവാക്കിയ തുകയാണെന്നത് തെറ്റായ പ്രചാരണമായിരുന്നെന്നും സർക്കാർ പറഞ്ഞു.
ഇതേത്തുടർന്നാണ് തുക കണക്കാക്കാൻ സ്വീകരിച്ച മാനദണ്ഡങ്ങൾ എന്തെന്ന് അറിയിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടത്. ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് വാടകയ്ക്ക് വീടുകൾ ഒരുക്കിയത് സംബന്ധിച്ച് പരാതികൾ ഉയർന്നിതിനെ കുറിച്ചും കോടതി ചോദ്യങ്ങൾ ഉന്നയിച്ചു.
Post a Comment