മലപ്പുറം പരാമർശം;മുഖ്യമന്ത്രി മാപ്പുപറയണം:പിവി അൻവർ

(www.kl14onlinenews.com)
(03-October -2024)

മലപ്പുറം പരാമർശം;മുഖ്യമന്ത്രി മാപ്പുപറയണം:പിവി അൻവർ
മലപ്പുറം: മലപ്പുറവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പരാമർശം ഒരു സമുദായത്തെ മാത്രമല്ല എല്ലാവരെയും ബാധിക്കുമെന്നും സംഭവത്തിൽ മുഖ്യമന്ത്രി മാപ്പുപറയണമെന്നും പിവി അൻവർ എംഎൽഎ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. " താൻ പറഞ്ഞതിന് ശേഷം പിറ്റേദിവസം ഉച്ചയ്ക്ക് ശേഷമാണ് അബദ്ധം പറ്റിയതായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും പറയുന്നത്. ഇതൊക്കെ നാടകമാണ്. കേരളത്തിൽ അത്യാവശ്യം എഴുത്തും വായനയും അറിയാവുന്ന, സാമാന്യബുദ്ധിയുള്ള എല്ലാവർക്കും ഇതൊക്കെ മനസ്സിലാകും"- പി വി അൻവർ പറഞ്ഞു.

"മലപ്പുറം വിഷയത്തിൽ മുഖ്യമന്ത്രി മാപ്പു പറയണം.മുഖ്യമന്ത്രി പദവി ഒഴിയാൻ പിണറായി വിജയൻ തയ്യാറാകണം. ഒഴിയാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ മുഖ്യമന്ത്രി പദവി മുഹമ്മദ് റിയാസിനോ മകൾ വീണയ്ക്കോ നൽകണം. വീണയ്ക്ക് നല്ല വിവരവും വിദ്യാഭ്യാസവുമുണ്ടല്ലോ?. ബാക്കിയൊക്കെ സിപിഎം ഏറ്റെടുത്തോളും. ഈ പാർട്ടിക്ക് വീണയെ വിജയിപ്പിക്കാൻ കഴിയുമല്ലോ. എങ്ങനെയെങ്കിലും കേരളത്തെ രക്ഷപ്പെടുത്താനുള്ള മഹാമനസ്‌കത കാണിക്കണം"- പി വി അൻവർ പരിഹസിച്ചു.

ജലീലിനും വിമർശനം

മുൻമന്ത്രി കെ ടി ജലീലിനെതിരെ പിവി അൻവർ എംഎൽഎ. "ഇവരൊക്കെ മറ്റാരുടെയോ കാലിൽ നിൽക്കുന്നവരാണ്. അവർക്കൊക്കെ സ്വയം നിൽക്കാൻ ശേഷിയില്ലാത്തതിന്, ജനങ്ങളുടെ പ്രശ്നം ഏറ്റെടുക്കാൻ ശേഷിയില്ലാത്തതിന് കുറ്റം പറയാൻ പറ്റില്ല. അതൊക്കെ ശേഷിയുടെ പ്രശ്നമാണ്. അവർക്കൊക്കെ അത്രയേ പറ്റുകയുള്ളു"-. പി വി അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു

തന്നെ വെടിവെച്ചു കൊന്നാലും മുഖ്യമന്ത്രിക്കെതിരെ പറയില്ലെന്ന കെ ടി ജലീൽ പറഞ്ഞത് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ, അപ്പോൾ ആരെങ്കിലും വെടിവെക്കുമെന്ന് പറഞ്ഞിട്ടുണ്ടാകും. അതുകൊണ്ട് മാറിയതാകും. മനുഷ്യന് ജീവനിൽ പേടിയുണ്ടാകുമല്ലോ. ജീവനിൽ പേടിയുള്ളവരെ നമുക്ക് തടുക്കാൻ കഴിയില്ലല്ലോ എന്നും പി വി അൻവർ കൂട്ടിച്ചേർത്തു. "താൻ ഉയർത്തിയ വിഷയത്തിൽ ഒരു മനുഷ്യന്റെയും പിന്തുണ താൻ തേടിയിട്ടില്ല. സാധാരണക്കാരായ ജനങ്ങളുടെ മുന്നിലാണ് വിഷയം അവതരിപ്പിച്ചത്"- അൻവർ പറഞ്ഞു.

പിആർ വിഷയത്തിൽ പല അഭിപ്രായം

പി ആർ വിഷയത്തിൽ സിപിഎമ്മിൽ പല അഭിപ്രായങ്ങളുണ്ടെന്നും പിവി അൻവർ പറഞ്ഞു. "ഒരഭിപ്രായം പറയാനുള്ള നട്ടെല്ലുള്ള ഒരു കമ്യൂണിസ്റ്റുകാരനും ഈ പാർട്ടി നേതൃത്വത്തിലില്ല എന്നതിന്റെ ദുരന്തമാണ് കേരളത്തിൽ ഇന്ന് അനുഭവിക്കുന്നത്. മുഖ്യമന്ത്രിക്ക് എഡിജിപി അജിത് കുമാറിനെയും പി ശശിയെയും ഭയമാണ്. പാർട്ടി നേതാക്കൾക്ക് മുഖ്യമന്ത്രിയെയും പേടിയാണ്. എനിക്കുശേഷം പ്രളയമെന്ന മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി നേതൃത്വം ഏറ്റെടുത്തോയെന്ന് സിപിഎം നേതൃത്വമാണ് വിശദീകരിക്കേണ്ടത്"- അൻവർ പറഞ്ഞു.

Post a Comment

Previous Post Next Post