(www.kl14onlinenews.com)
(29-October -2024)
നീലേശ്വരം വെടിക്കെട്ട് അപകടം; ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അടക്കം മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി
കാസർകോട്: നീലേശ്വരത്ത് ക്ഷേത്രോത്സവത്തിനിടെ പടക്ക ശേഖരത്തിന് തീപിടിച്ച സംഭവത്തിൽ അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അടക്കം മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കരുവാശേരി സ്വദേശി ഭരതൻ, സെക്രട്ടറി പടന്നക്കാട് സ്വദേശി ചന്ദ്രശേഖരൻ, പടക്കത്തിന് തീ കൊളുത്തിയ പള്ളിക്കര സ്വദേശി രാജേഷ് എന്നിവരുടെ അറസ്റ്റാണ് നീലേശ്വരം പൊലീസ് രേഖപ്പെടുത്തിയത്.
തിങ്കളാഴ്ച രാത്രി 12 മണിയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർക്ക് പൊള്ളലേറ്റിട്ടുണ്ട്. കളിയാട്ട മഹോത്സവത്തിനായി സൂക്ഷിച്ചിരുന്ന പടക്കങ്ങൾക്ക് തീപിടിച്ച് 154 പേർക്കാണ് പരിക്കേറ്റത്. 16 പേരുടെ നില ഗുരുതരമാണ്. പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് സമീപം തന്നെ പടക്കം പൊട്ടിച്ചതാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവർ കേരളത്തിലെയും കർണാടകയിലെയും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
ഉത്തരകേരളത്തിലെ കളിയാട്ട മഹോത്സവത്തിന് തുടക്കം കുറിക്കുന്ന നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവിലെ ഉത്സവത്തിനിടയാണ് പടക്ക ശേഖരത്തിന് തീ പിടിച്ചത്. രാത്രി 12 മണിയോടെയായിരുന്നു സംഭവം. മൂവാളംകുഴി ചാമുണ്ഡിയുടെ തോറ്റം എഴുന്നള്ളിപ്പ് കാണാനായി ക്ഷേത്ര പരിസരമാകെ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടി നിൽക്കുന്ന നേരത്തായിരുന്നു അപകടം.
മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി പടക്കം സൂക്ഷിച്ചിരുന്ന കലവറയ്ക്ക് തൊട്ടുപിന്നിൽ തന്നെ പടക്കം പൊട്ടിക്കാൻ എടുത്ത തീരുമാനമാണ് ദുരന്തം ക്ഷണിച്ചു വരുത്തിയത്. മുപ്പതിനായിരം രൂപയുടെ ചൈനീസ് പടക്കങ്ങൾ മാത്രമേ വാങ്ങിയിരുന്നുള്ളൂ എന്നാണ് ക്ഷേത്ര കമ്മിറ്റിയുടെ വാദം.
നീലേശ്വരം വെടിക്കെട്ട്; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് ജില്ലാ പോലീസ് മേധാവി
കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിന്‍റെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി കാസര്‍കോട് ജില്ലാ പോലീസ് മേധാവി ഡി ശില്‍പ. കാഞ്ഞങ്ങാട് ഡിവൈഎസ്‍പി ബാബു പെരിങ്ങോത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുകയെന്നും എല്ലാ ഭാഗങ്ങളും പരിശോധിക്കുമെന്നും ഡി ശില്‍പ അറിയിച്ചു. ഒട്ടേറെ ആളുകൾക്ക് പരിക്കേൽക്കുകയും ചിലർ ഗുരുതരാവസ്ഥയിൽ തുടരുകയുമാണ്.
കഴിഞ്ഞ വര്‍ഷം പടക്കം പൊട്ടിച്ച സ്ഥലത്തല്ല ഇത്തവണ പടക്കം പൊട്ടിച്ചത്. പടക്കം പൊട്ടിക്കാനുള്ള സ്ഥലം ഇത്തുവണ മാറ്റിയതില്‍ ഉള്‍പ്പെടെ അന്വേഷണം നടത്തും. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി പടക്കം സൂക്ഷിച്ചിരുന്ന കലവറയ്ക്ക് തൊട്ടു പിന്നിൽ തന്നെ പടക്കം പൊട്ടിക്കാൻ എടുത്ത തീരുമാനമാണ് ദുരന്തം ക്ഷണിച്ചു വരുത്തിയതെന്നാണ് പൊലീസ് നിഗമനം. ദൂരപരിധി ഉള്‍പ്പെടെ പാലിക്കാതെയാണ് പടക്കം പൊട്ടിച്ചതെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തില്‍ എട്ടു പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ഇതിൽ ഏഴു പേരും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളാണ്. പടക്കം പൊട്ടിക്കാൻ കരാറെടുത്ത രാജേഷ് എന്നയാള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ സെക്രട്ടറിയെയും പ്രസിഡന്‍റിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അപകടത്തിൽ 154പേര്‍ക്കാണ് പരിക്കേറ്റത്. പടക്കം പൊട്ടിക്കുന്നതിനിടെയുള്ള തീപ്പൊരി പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന കലവറയിലേക്ക് വീണ് ഉഗ്രസ്ഫോടനം ഉണ്ടാവുകയായിരുന്നു. പരിക്കേറ്റ് വിവിധ ആശുപത്രികളിലുള്ള 15 പേരുടെ പരിക്ക് ഗുരുതരവും 5 പേരുടെ നില അതീവ ഗുരുതരവുമാണ്. അഞ്ചുപേരും വെറ്റിലേറ്ററിലാണ്. അപകട സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തി. അതേസമയം, സംഭവത്തിൽ പൊലീസിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും രംഗത്തെത്തി
Post a Comment