(www.kl14onlinenews.com)
(14-October -2024)
വയനാട് പുനരധിവാസം മന്ദഗതിയില്‍; സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക കിട്ടാത്തവര്‍ ഇപ്പോഴുമുണ്ടെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ പുനരധിവാസം മന്ദഗതിയിലാകുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ദുരന്തങ്ങളിലെ ഇരകളുടെ പേരില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലടിക്കരുതെന്നും രാഷ്ട്രീയമെല്ലാം ഉപേക്ഷിച്ച് ഒരുമിച്ച് നില്‍ക്കുന്നുവെന്ന ഒരു മനസമാധാനമെങ്കിലും അവര്‍ക്കുണ്ടാകണമെന്നും സതീശന്‍ പറഞ്ഞു. ക്രിയാത്മകമായ ഒരുപാട് നിര്‍ദേശം സര്‍ക്കാരിന് നല്‍കിയെന്നും എന്നിട്ടും അടിയന്തര പ്രമേയം നല്‍കിയത് കേന്ദ്ര അവഗണനയടക്കമുള്ള കാര്യങ്ങള്‍ സൂചിപ്പിക്കാനാണെന്നും വി ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു.
കേന്ദ്രം വലിയ അവഗണനയാണ് കാണിക്കുന്നത്. പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ട് മെമ്മോറാണ്ടം നല്‍കിയിട്ടുണ്ട്, അതിനുപ്പറത്തേക്കുള്ള നടപടികളിലേക്കും കടക്കണം. സര്‍ക്കാര്‍ കുറേക്കൂടി ഇടപെടല്‍ നടത്തണം. പുത്തുമലയിലും പെട്ടിമുടിയിലും കവളപ്പാറയിലും ദുരന്തമുണ്ടായിക്കഴിഞ്ഞപ്പോള്‍ സഹകരണമുണ്ടായിരുന്നു. എന്നാല്‍ തുടര്‍ച്ചയുണ്ടായില്ല. വേറെ പ്രശ്‌നം വന്നപ്പോള്‍ അതിന് പുറമേ നമ്മള്‍ പോയി. പുനരധിവാസ നടപടികള്‍ വേഗത്തിലാക്കണം. പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാകുന്നുണ്ടോ എന്ന് സര്‍ക്കാര്‍ ശ്രദ്ധിക്കണം', സതീശന്‍ പറഞ്ഞു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക കിട്ടാത്തവര്‍ ഇപ്പോഴുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുനരധിവാസത്തില്‍ എവിടയെയോ ചില മന്ദത കാണുന്നു. അതിനെ കുറേക്കൂടി ചലിപ്പിക്കാന്‍ ശ്രമിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ആരെയും കുറ്റപ്പെടുത്താന്‍ വേണ്ടിയല്ല ഇത് പറയുന്നതെന്നും പക്ഷേ സിസ്റ്റമിക് ഫെയിലിയര്‍ ഉണ്ടായിട്ടുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.
മൈക്രോ ലെവല്‍ ഫാമിലി പാക്കേജ് നടപ്പാക്കണം. ഓരോ കുടുംബത്തെയും പ്രത്യേകം പരിഗണിച്ചായിരിക്കണം പുനരധിവാസം. ഓരോ ദിവസവും ഓരോ അവസരമാണ്. നല്ല രീതിയില്‍ പുനരധിവാസം നടത്തി നാളേക്ക് ഒരു മാതൃകയാകാനുള്ള അവസരമാണ്. തെരച്ചില്‍ വേണ്ട രീതിയില്‍ നടന്നില്ല. ബന്ധുക്കള്‍ ആരെയും അന്വേഷിക്കുന്നില്ലെന്ന് പറയുന്നു. കര്‍ണാടകയില്‍ അര്‍ജുന് വേണ്ടി 72 ദിവസമാണ് തെരച്ചില്‍ നടന്നത്. ഇവിടെ 47 പേര്‍ മണ്ണിടിനടിയില്‍ കിടക്കുകയാണ്. പ്രധാനമന്ത്രിയുടെ വരവോടെ തിരച്ചില്‍ നിര്‍ത്തി', വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു
ദുരന്തമേഖലകളില്‍ മഴപാനി ഇല്ല. പ്രകൃതി ദുരന്തത്തെ തടയാന്‍ സാധിക്കില്ലെങ്കിലും ആഘാതം കുറയ്ക്കാമെന്ന് അദ്ദേഹം പറഞ്ഞു. പ്രാചീനമായ അറിവും ശാസ്ത്രജ്ഞരുടെ അറിവും വെച്ച് ഇത്തരമൊരു ദുരന്തമുണ്ടാകുമ്പോള്‍ ആളുകളുടെ ജീവന്‍ രക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കണം. ഒന്നും ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ നമ്മളെന്തിനാണ് ഇങ്ങനൊരു സ്ഥാനത്ത് നില്‍ക്കുന്നത്. എന്തിനാണ് ഭരണകൂടം. ഈ പ്രശ്‌നങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ സാധിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
Post a Comment