അന്‍വറിന്റേത് കേട്ടുകേള്‍വികള്‍; ഫോണ്‍ ചോര്‍ത്തല്‍ ആരോപണം തള്ളി ഡിജിപി

(www.kl14onlinenews.com)
(15-October -2024)

അന്‍വറിന്റേത് കേട്ടുകേള്‍വികള്‍; ഫോണ്‍ ചോര്‍ത്തല്‍ ആരോപണം തള്ളി ഡിജിപി

അന്‍വറിന്റെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണം തള്ളി ഡിജിപിയുടെ റിപ്പോര്‍ട്ട്. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ഫോണ്‍ ചോര്‍ത്തുന്നില്ല. മാമി തിരോധാനക്കേസിലെ എഡിജിപിയുടെ ഇടപെടലിന് റിപ്പോര്‍ട്ടില്‍ വിമര്‍ശനം. എഡിജിപി പ്രവര്‍ത്തിച്ചത് കുടുംബത്തിന്റെ ആവശ്യത്തിന് വിരുദ്ധമായി. വിഡിയോ റിപ്പോര്‍ട്ട് കാണാം.
പി.വി.അന്‍വര്‍ എംഎല്‍എ പരാതികള്‍ ഉന്നയിച്ചത് തെളിവുകള്‍ ഇല്ലാതെ. കേട്ടുകേള്‍വികള്‍ മാത്രമേ പരാതിയില്‍ ഉണ്ടായിരുന്നുള്ളൂ എന്നും റിപ്പോര്‍ട്ട്. പി.ശശിക്ക് എതിരായ ആരോപണം അന്വേഷണപരിധിയില്‍ വരുന്നില്ല. പൂരം കലക്കലിലെ എഡിജിപിയുടെ പങ്ക് അന്വേഷിക്കാത്തതിനും ന്യായം. പൂരം കലക്കലില്‍ അജിത്കുമാറിന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിഗണനയിലെന്നും റിപ്പോര്‍ട്ട്

കഴിഞ്ഞ ദിവസം കാസര്‍കോടെത്തിയ അന്‍വര്‍ ജീവനൊടുക്കിയ ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ സത്താറിന്‍റെ വീട് സന്ദര്‍ശിച്ചിരുന്നു. കുടുംബത്തിന് വീടു വെച്ചുനല്‍കാനുള്ള സാമ്പത്തിക സഹായം തേടിയിട്ടുണ്ട്. പൊലീസ് പിടിച്ചെടുത്ത ഓട്ടോ വിട്ടുകിട്ടാത്തതിനെ തുടര്‍ന്നാണ് അബ്ദുള്‍ സത്താര്‍ ജീവനൊടുക്കിയത്.

സത്താറിന്‍റെ മകന്‍റെ പേരിലാണ് ബാങ്ക് അക്കൗണ്ട് ആരംഭിച്ചത്. ഈ ബാങ്ക് അക്കൗണ്ടിലേക്ക് സഹായങ്ങള്‍ നല്‍കണമെന്നാണ് അന്‍വര്‍ അറിയിച്ചത്. കുടുംബത്തെ സന്ദര്‍ശിച്ച അവസരത്തില്‍ തന്റെ വിഹിതം മകന് കൈമാറിയിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കാസര്‍കോടെത്തിയ അന്‍വര്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കാസര്‍കോട്ടേക്കും മലപ്പുറത്തേക്കുമാണ് സര്‍ക്കാര്‍ ഏറ്റവും മോശപ്പെട്ട ഉദ്യോഗസ്ഥരെ അയക്കുന്നത്. ഇവരുടെ കൊള്ളരുതായ്മകള്‍ സഹിക്കാന്‍ തയ്യാറുള്ളവരാണ് ഈ ജില്ലക്കാരെന്നും അന്‍വര്‍ ആരോപിച്ചു.

"കേരളം ഒരാഴ്ചയിലേറെയായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന മാനുഷികമായ വിഷയമാണ്‌ ഓട്ടോഡ്രൈവര്‍ അബ്ദുല്‍ സത്താറിന്റെ ആത്മഹത്യ. സുപ്രഭാതംതൊട്ടുള്ള മുഴുവന്‍ വെയിലും കൊള്ളുന്നവരാണ് ഓട്ടോ തൊഴിലാളികള്‍. കേരളത്തില്‍ പോലീസിന്റെ ഏറ്റവും വലിയ ഇരകളാണ് ഓട്ടോക്കാരും ബൈക്ക് യാത്രക്കാരും. സര്‍ക്കാര്‍ മുന്നില്‍വെയ്ക്കുന്ന ടാര്‍ജെറ്റ് പൂര്‍ത്തീകരിക്കാന്‍ റോഡിലിറങ്ങി ഇവര്‍ക്കുനേരെ ഗുണ്ടായിസം കാണിക്കുകയാണ് പോലീസ്. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഈ ഗതിയില്ല. രാവിലെ മുതല്‍ ഓടിക്കിട്ടുന്നത് നാനൂറോ അഞ്ഞൂറോ രൂപയാണ്. ഇതുകൊണ്ട് കുടുംബം പോറ്റുന്നവരാണിവര്‍. അത് പോലീസ് പിഴിഞ്ഞെടുക്കുന്നു. ഓട്ടോ നടുറോഡിലിട്ട് താക്കോല്‍ ഊരിപ്പോവുകയാണ് പോലീസിലെ ഒരു ഗുണ്ട. റോഡ് ബ്ലോക്കാവുന്നു. താക്കോല്‍ കൊണ്ടുപോയാല്‍ ഞാന്‍ എങ്ങനെ വണ്ടിയെടുക്കുമെന്നാണ് ഡ്രൈവര്‍ ആ വീഡിയോയില്‍ ചോദിക്കുന്നത്. നാലുദിവസം വണ്ടി പോലീസ് സ്‌റ്റേഷനില്‍ പിടിച്ചുവെച്ചു. എന്നിട്ടും എന്തുകൊണ്ട് കാസര്‍കോട്ടുകാര്‍ പ്രതികരിച്ചില്ല?" യൂണിയന്‍ നേതാക്കളൊക്കെ എവിടെയായിരുന്നെന്നും അന്‍വര്‍ ചോദിച്ചു.

മതപണ്ഡിതനായ റിയാസ് മൗലവിയെ കാണാതായിട്ട് എത്ര ദിവസമായി? ഈ കേസിന്‍റെ അവസ്ഥയെന്താണ്? കാസര്‍കോടിന് മെഡിക്കല്‍ കോളേജ് കിട്ടിയോ? കോവിഡ് കാലത്ത് ടാറ്റ 68 കോടി രൂപ മുടക്കി 90 ദിവസംകൊണ്ട് കാസര്‍കോട്ട് ഒരാശുപത്രി പണിതുതന്നു. ആശുപത്രിയായി നിര്‍മിച്ച് സര്‍ക്കാരിനെ ഏല്‍പ്പിച്ച അതിന്റെ ഇപ്പോഴത്തെ സ്ഥിതിയെന്താണ്? നാട്ടുകാരെ ഏല്‍പ്പിച്ചിരുന്നെങ്കില്‍ അവര്‍ പിരിവെടുത്ത് നല്ല ഡോക്ടര്‍മാരെ വയ്ക്കുമായിരുന്നുവെന്നും അൻവർ വിമർശിച്ചു.

Post a Comment

Previous Post Next Post