ദിവ്യയെ കൈവിട്ട് സി പി എം,​ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി

(www.kl14onlinenews.com)
(17-October -2024)

ദിവ്യയെ കൈവിട്ട് സി പി എം,​ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി
കണ്ണൂർ: പിപി ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ദിവ്യയ്‌ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്ന സാഹചര്യത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിവാകുന്നതാണ് ഉചിതമെന്ന് സിപിഎം സെക്രട്ടറിയേറ്റ് നിരീക്ഷിച്ചു.

പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെകെ രത്‌നകുമാരിയെ പരിഗണിക്കുവാനും ജില്ലാ സെക്രട്ടറിയേറ്റിൽ ധാരണയായി.

വ്യാഴാഴ്ച ചേർന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ ദിവ്യയ്‌ക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നതെന്നാണ് വിവരം. ദിവ്യയുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. അനുചിതമായ പരാമർശമാണ് യാത്രയയപ്പ് യോഗത്തിൽ ദിവ്യ നടത്തിയതെന്നും യോഗം വിലയിരുത്തി.

എഡിഎമ്മിന്റെ മരണത്തിൽ പി.പി.ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്താമെന്നാണ് പൊലീസിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്. അന്വേഷണ സംഘം കോടതിയിൽ ഇന്ന് റിപ്പോർട്ട് നൽകും. നവീൻ ബാബുവിന്റെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു

തീരുമാനം അംഗീകരിക്കുന്നുവെന്ന് പിപി ദിവ്യ

സിപിഎം സെക്രട്ടറിയേറ്റ് തീരുമാനം അംഗീകരിക്കുന്നുവെന്ന് പിപി ദിവ്യ പത്രക്കുറിപ്പിലൂടെ അറിയിച്ചു. നവീൻ ബാബുവിന്റെ മരണത്തിൽ അങ്ങേയറ്റം വേദനയുണ്ടെന്നും തന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും ദിവ്യ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് കൊണ്ടുള്ള ഔദ്യോഗിക കത്ത് ബന്ധപ്പെട്ടവർക്ക് കൈമാറിയിട്ടുണ്ടെന്നും ദിവ്യ പറഞ്ഞു.

Post a Comment

Previous Post Next Post