പ്രശാന്തനെതിരെ ആരോഗ്യവകുപ്പിന്റെ അന്വേഷണം; ജോലിയിൽ നിന്ന് ഒഴിവാക്കുമെന്ന് ആരോഗ്യമന്ത്രി

(www.kl14onlinenews.com)
(21-October -2024)

പ്രശാന്തനെതിരെ ആരോഗ്യവകുപ്പിന്റെ അന്വേഷണം; ജോലിയിൽ നിന്ന് ഒഴിവാക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തനെ ജോലിയിൽനിന്ന് ഒഴിവാക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. പ്രശാന്തൻ സർക്കാർ ജീവനക്കാരൻ അല്ല. പരിയാരം മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാരനാണ്. പ്രശാന്തൻ ഇനി സർക്കാർ ശമ്പളം വാങ്ങിക്കില്ല. ഇങ്ങനെയൊരാൾ വകുപ്പിൽ ജോലിയിൽ വേണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ തീരുമാനമെന്ന് മന്ത്രി അറിയിച്ചു.

പ്രശാന്തനെ പുറത്താക്കുന്നതിൽ നിയമോപദേശം തേടിയിട്ടുണ്ട്. മെഡിക്കൽ കോളേജ് ജീവനക്കാരനായിരിക്കെ പമ്പ് തുടങ്ങിയതിൽ പ്രശാന്തനെതിരെ ആരോഗ്യ വകുപ്പിന്റെ അന്വേഷണം നടക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രശാന്തനെതിരായ നടപടി വൈകുന്നത് ഡിഎംഇയുടെ അന്വേഷണ റിപ്പോർട്ടിലെ അവ്യക്തത മൂലമാണ്. വിശദ അന്വേഷണത്തിന് പരിമിതിയുണ്ടെന്ന് ഡിഎംഇ അറിയിച്ചു. അതിനാൽ അഡീഷണൽ ചീഫ് സെക്രട്ടറി നേരിട്ട് അന്വേഷിക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

പെട്രോൾ പമ്പിന്റെ അപേക്ഷകൻ പ്രശാന്തൻ ആണോ എന്ന് അറിയില്ല. സംഭവത്തിന് ശേഷം അയാൾ ജോലിക്ക് വന്നിട്ടില്ല. വിദ്യാർത്ഥി കാലം മുതൽ അറിയാവുന്ന ആളാണ് നവീൻ ബാബു. കളവ് ചെയ്യില്ലെന്ന് ഉറപ്പാണ്. നവീന്റെ കുടുംബത്തോട് നീതി ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, എഡിഎമ്മിന് കൈക്കൂലി നൽകിയെന്ന് അവകാശപ്പെടുന്ന ടി.വി.പ്രശാന്തന്റെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. പരിയാരം ഗവ. മെഡിക്കൽ കോളജിലെ ഇലക്ട്രിഷ്യനായ പ്രശാന്തന് ഒരു കോടിയിലേറെ മുതൽമുടക്ക് ആവശ്യമുള്ള പെട്രോൾ പമ്പ് തുടങ്ങാനുള്ള പണം എവിടെ നിന്നാണെന്ന ചോദ്യമാണ് ഉയരുന്നത്

Post a Comment

أحدث أقدم