സ്വയം കുഴിച്ച കുഴിയിൽ തന്നെ വീണു! കളി മറന്ന് ഇന്ത്യ; ചരിത്രമെഴുതി ന്യൂസിലൻഡ്

(www.kl14onlinenews.com)
(26-October -2024)

സ്വയം കുഴിച്ച കുഴിയിൽ തന്നെ വീണു! കളി മറന്ന് ഇന്ത്യ; ചരിത്രമെഴുതി ന്യൂസിലൻഡ്
പൂനെ: പൂനെ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്‌ക്കെതിരെ കൂറ്റൻ വിജയവുമായി ചരിത്രം കുറിച്ച് ന്യൂസിലൻഡ്. 113 റൺസിനാണ് കിവീസ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. 359 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 245 റൺസിന് പുറത്തായി. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയും ന്യൂസിലൻഡ് സ്വന്തമാക്കി.

2012ന് ശേഷം ആദ്യമായാണ് സ്വന്തം നാട്ടിൽ ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര നഷ്ടമാകുന്നത്. ഇംഗ്ലണ്ടായിരുന്നു അന്ന് ഇന്ത്യയെ പരാജയപ്പെടുത്തിയത് (21). 2013ന് ശേഷം തുടർച്ചയായി 18 ടെസ്റ്റ് പരമ്പരകളാണ് ഇന്ത്യ നേടിയിട്ടുള്ളത്. ഇന്ത്യയിൽ ന്യൂസിലൻഡ് നേടുന്ന ആദ്യ ടെസ്റ്റ് പരമ്പര കൂടിയാണിത്.

മിച്ചൽ സാന്റ്‌നറിന്റെ പന്തുകൾക്ക് മുന്നിലായിരുന്നു ഇന്ത്യൻ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ വീണിത്. രോഹിത് ശർമ (എട്ട്) പരാജയപ്പെട്ടെങ്കിലും യശസ്വി ജയ്‌സ്വാൾ - ശുഭ്മാൻ ഗിൽ സഖ്യം ഇന്ത്യയ്ക്ക് ആദ്യ സെഷനിൽ മുൻതൂക്കം നൽകി. എന്നാൽ, രണ്ടാം സെഷനിൽ മറിച്ചായിരുന്നു കാര്യങ്ങൾ. ഇന്ത്യയ്ക്ക് ആറ് വിക്കറ്റുകളാണ് നഷ്ടമായത്. അതിൽ നാലും നേടി തന്റെ കരിയറിലെ രണ്ടാം അഞ്ച് വിക്കറ്റ് സാന്റ്‌നർ സ്വന്തമാക്കി.

ജയ്സ്വാളിന്റെ (77) വിക്കറ്റ് വീണതോടെയായിരുന്നു തകർച്ചയുടെ തുടക്കം. പിന്നാലെ ഋഷഭ് പന്ത് റണ്ണൗട്ടുമായതോടെ ഇന്ത്യയ്ക്ക് ഇരട്ടപ്രഹരമായി. വിരാട് കോഹ്ലി (17), വാഷിങ്ടൺ സുന്ദർ (21), സർഫറാസ് ഖാൻ (ഒൻപത്) എന്നിവർക്കും അതിജീവിക്കാനായില്ല ന്യൂസിലൻഡിന്റെ സ്പിൻ വലയത്തെ.

39 റൺസ് ചേർത്ത അശ്വിൻ-ജഡേജ സഖ്യമാണ് ഇന്ത്യൻ സ്‌കോർ 200 കടത്തിയത്. 42 റൺസ് നേടി രവീന്ദ്ര ജഡേജ പൊരുതാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

ഇതോടെ, മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പര ന്യൂസീലൻഡ് ഉറപ്പാക്കി. ആദ്യ ടെസ്റ്റിലും കിവീസ് ഇന്ത്യയെ തോൽപ്പിച്ചിരുന്നു. പരമ്പരയിലെ മൂന്നാം മത്സരം നവംബർ ഒന്നു മുതൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കും. സ്കോർ: ന്യൂസീലൻഡ് – 259 & 255, ഇന്ത്യ – 156 & 245. ഇന്ത്യയിൽ ആദ്യമായാണ് ന്യൂസീലൻഡ് ഒരു ടെസ്റ്റ് പരമ്പര വിജയിക്കുന്നത്.

ടെസ്റ്റ് കരിയറിലാദ്യമായി 13 വിക്കറ്റ് നേട്ടം കൈവരിച്ച സ്പിന്നർ മിച്ചൽ സാന്റ്നറാണ് ന്യൂസീലൻ‍ഡിന് ഐതിഹാസിക വിജയം സമ്മാനിച്ചത്. ഒന്നാം ഇന്നിങ്സിൽ ഏഴു വിക്കറ്റെടുത്ത സാന്റ്നർ, രണ്ടാം ഇന്നിങ്സിൽ 29 ഓവറിൽ ‍104 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തി. അജാസ് പട്ടേൽ രണ്ടും ഗ്ലെൻ ഫിലിപ്സ് ഒരു വിക്കറ്റും നേടി. സ്വന്തം നാട്ടിൽ 18 പരമ്പരകളിലായി തുടരുന്നുവന്ന ആധിപത്യമാണ്, ന്യൂസീലൻഡിനെതിരായ പരമ്പര നഷ്ടത്തോടെ ഇന്ത്യയ്ക്ക് കൈമോശം വന്നത്. 18 പരമ്പരകളിലായി 53 മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. അതിൽ 42 എണ്ണവും വിജയിച്ചു. ഏഴു കളികൾ സമനിലയിൽ കലാശിച്ചു. തോറ്റത് വെറും നാലു മത്സരങ്ങള്‍ മാത്രം

Post a Comment

Previous Post Next Post